കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് റാലി

Kalburgi killing protest rally

തൃശൂര്‍: കന്നഡ എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രതിഷേധ റാലി നടന്നു. ഹിന്ദൂയിസം ഏതെങ്കിലും ഒരു വിഭാഗത്തിന്‍െറ കുത്തകയല്ലന്നും അതൊരു ദര്‍ശനമാണെന്നും എന്തിനോടെങ്കിലുമുള്ള വിയോജിപ്പുകളെ കായികമായി നേരിടുന്ന രീതി ശരിയല്ലന്നും റാലിയില്‍ സംസാരിച്ച നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.

സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ തോക്കിനിരയാക്കുന്ന പ്രവണത ഇന്ന് ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്‍റ് വൈശാഖന്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ചിന്തകരായ ദബോല്‍ക്കറെയും പന്‍സാരയെയും കല്‍ബുര്‍ഗിയെയും വധിച്ചത് ഒരേ ശക്തിയാണ്. അവര്‍ തന്നെയാണ് യു.ആര്‍. അനന്തമൂര്‍ത്തിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ഇന്ത്യയെന്ന സ്വതന്ത്രരാജ്യം ഇല്ലാതാവുകയാണ്. ജനങ്ങളെ മാനസികമായി അടിമപ്പെടുത്തുന്ന സമീപനമാണ് വര്‍ഗീയവാദികളുടേത്. ജ്ഞാനികളെ ഇല്ലായ്മ ചെയ്യുന്നത് ഇന്ത്യക്ക് അപമാനമാണെന്നും വൈശാഖന്‍ പറഞ്ഞു.

ഗാന്ധിജിയെ കൊലപ്പെടുത്തിയ തോക്ക് വീണ്ടും സജീവമായിരിക്കുകയാണെന്നും ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് തോക്കാണെന്നും കവി സി. രാവുണ്ണി പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment