തെരുവുനായ അങ്കണവാടിയില്‍ കയറി രണ്ട് കുഞ്ഞുങ്ങളെ കടിച്ചുകീറി

dog_150908124959757മൂവാറ്റുപുഴ: അങ്കണവാടിയിലേക്ക് ഓടിക്കയറിയ തെരുവുനായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ഒരു സ്ത്രീയെയും കടിച്ചുകീറി. പുറത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്തിരുന്ന സ്ത്രീക്കാണ് കടിയേറ്റത്. മുഖത്തുള്‍പ്പെടെ കടിയേറ്റ് ഗുരുതര പരിക്കോടെ ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 10ന് കാലാമ്പൂരിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന 93ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് ആദ്യം കടിയേറ്റത്. കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ പോകാനായി അങ്കണവാടിയുടെ വാതില്‍ തുറന്നപ്പോള്‍, കുതിച്ചെത്തിയ നായ കടിക്കുകയായിരുന്നു. കാലാമ്പൂര് മുടമറ്റത്തില്‍ ജയന്‍െറ മകന്‍ ആദി കൃഷ്ണനെയാണ് (മൂന്നര) ആദ്യം കടിച്ചുകുടഞ്ഞത്. മുഖത്തും കവിളിലും തലയുടെ ഭാഗത്തും കടിയേറ്റു. തുടര്‍ന്ന് കുന്നത്ത് സുമേഷിന്‍െറ മകള്‍ മീനാക്ഷിയെയും (മൂന്നര) നായ ആക്രമിച്ചു. സംഭവം കണ്ട് അങ്കണവാടി ടീച്ചര്‍ ഷേര്‍ളി, കുട്ടിയുടെ കൈ കടിച്ചുപറിക്കുന്ന നായയെ തൂക്കി പുറത്തേക്കെറിഞ്ഞു. പിന്നീട് ഈ നായ കാലാമ്പൂര് കോളനി ഭാഗത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡ് നന്നാക്കുകയായിരുന്ന പാറയില്‍ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മയെയും (68) കടിച്ചു. ഇവരുടെ വിരലറ്റു. മറ്റ് തൊഴിലാളികള്‍ എത്തിയപ്പോഴേക്ക് നായ ഓടിരക്ഷപ്പെട്ടു. നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുപതോളം കുട്ടികളാണ് അങ്കണവാടിയിലുണ്ടായിരുന്നത്. നാട്ടുകാര്‍ കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുട്ടികളുടെ മുഖത്തും മറ്റും ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പിനുശേഷം കൂടുതല്‍ ചികിത്സ നല്‍കിവരുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment