കൊല്ലപ്പെട്ടത് ഷീന ബോറ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

sheena2മുംബൈ: പൊലീസ് വനത്തില്‍നിന്ന് കണ്ടെടുത്ത എല്ലും തലയോട്ടിയും ഷീനാ ബോറയുടെതു തന്നെയാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ 27നാണ് ഗാഗൊഡെ ഖുര്‍ദില്‍ നിന്ന് എല്ലും തലയോട്ടിയും കണ്ടെത്തിയത്. കലീനയിലെ ഫോറന്‍സിക് ലാബില്‍ ഒരെല്ലും പല്ലിന്‍െറ കഷ്ണവും പ്രാഥമിക പരിശോധന നടത്തുകയും ഇവ ഷീനയുടെതാണെന്ന് തെളിയുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് അന്തിമ ഫലം പുറത്തുവിട്ടത്. ഇതോടെ കേസ് അന്വേഷണം അന്തിമഘട്ടത്തിലായി.

ഷീനയുടെ അമ്മ ഇന്ദ്രാണി, സഹോദരന്‍ മിഖായെല്‍ ബോറ, പിതാവ് സിദ്ധര്‍ഥ ദാസ് എന്നിവരുടെ സാമ്പിള്‍ ശേഖരിച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ഇന്ദ്രാണി മുഖര്‍ജി, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ ബാന്ദ്രയിലെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റ് ചെയ്തു. ഇവരുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടില്ല. ഇവര്‍ക്കൊപ്പം കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ രഹസ്യമായി പൊലീസ് കൊല്‍ക്കത്തക്ക് കൊണ്ടുപോയി. സുപ്രധാനമായ തെളിവെടുപ്പിനാണ് ഖന്നയെ കൊല്‍കത്തയിലേക്ക് കൊണ്ടു പോയതെന്നും കൊല്‍കത്തയിലെ കോടതിയില്‍ ഹാജരാക്കി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിക്കായി അപേക്ഷിക്കുമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇന്ന് മുംബൈ കോടതിയില്‍ ഹാജരാക്കാമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ദ്രാണിയെ വര്‍ളിയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുത്തതിനു പിന്നാലെയാണ് സഞ്ജീവ് ഖന്നയെ കൊല്‍കത്തയിലേക്ക് കൊണ്ടുപോയത്.

14 ദിവസമായി പൊലീസ് ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യുകയായിരുന്നു. ഷീനയെ കൊല്ലാനുണ്ടായ കാരണം സാമ്പത്തിക ഇടപാടാണെന്നാണ് പൊലീസ് സംശയം. ഇന്ദ്രാണി, ഷീന, സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവരുടെ അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment