ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ ഇന്ത്യന്‍ മുസ്ലിം പണ്ഡിതരുടെ ഫത്വ

isis2ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ ഇന്ത്യന്‍ മുസ്ലിം പണ്ഡിതരുടെ ഫത്വ. പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളിലെ പണ്ഡിതരും മുഫ്തിമാരും ഉള്‍പ്പെടെ 1050 പേര്‍ ഒപ്പുവെച്ച ഫത്വ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിനു കൈമാറി.

കുട്ടികളെയും വൃദ്ധരെയും സ്ത്രീകളെയും കൊല്ലരുതെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി അനുയായികള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം. മരങ്ങള്‍ മുറിക്കരുതെന്നും ആരാധനാലയങ്ങള്‍ കേടുവരുത്തുകയോ പുരോഹിതരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നും പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായ സ്വയംപ്രഖ്യാപിത ഐ.എസ് ഖിലാഫത്തിന്റെ ചെയ്തികള്‍ക്ക് മുസ്ലിംകളുമായോ ഇസ്ലാമുമായോ ബന്ധമില്ലന്ന് ഫത്വ ചൂണ്ടിക്കാട്ടുന്നു. മാനവിക വിരുദ്ധമായ അതിക്രമങ്ങളാണ് ഐ.എസ് ചെയ്തുകൂട്ടുന്നത് -എന്തു സാഹചര്യത്തിലും ഇസ്ലാം ഇതിനെ അംഗീകരിക്കുന്നില്ല. ഈ ഫത്വ ലോകം എങ്ങനെ ചിന്തിക്കുന്നു എന്നതിന് ഉദാഹരണമാണെന്നും ലോക സമാധാനം നിലനില്‍ക്കുന്നതിന് ഐ.എസ് പോലുള്ള ഭീകരസംഘങ്ങളെ തള്ളിക്കളയുക തന്നെ വേണമെന്നും അവര്‍ പറയുന്നു.

ഡല്‍ഹി ജുമാമസ്ജിദ് ഷാഹി ഇമാം, ഉലമാ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജംഇയ്യത്തുല്‍ ഉലമ മഹാരാഷ്ട്ര, ജംഇയ്യത്ത് അഹ്ലെ ഹദീസ് മുംബൈ, റാസാ അക്കാദമി, ആള്‍ ഇന്ത്യ തന്‍സീം അമ്മായേ മസ്ജിദ്, ദാവൂദി ബോറാ ആചാര്യന്‍ സയ്യദ് സാഹിര്‍ അബ്ബാസ് റിസ്വി സൈനബ്യ, അജ്മീര്‍, നിസാമുദ്ദീന്‍ ദര്‍ഗകളുടെ മുഖ്യ ചുമതലക്കാര്‍ തുടങ്ങിയവര്‍ ഫത്വ അംഗീകരിച്ച് ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു.

ഐ.എസിന്‍െറ സാധുത സംബന്ധിച്ച് സാമൂഹിക പ്രവര്‍ത്തകനായ അബ്ദുല്‍ റഹ്മാന്‍ അന്‍ജാര ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മുംബൈയിലെ ദാറുല്‍ ഉലൂം അലി ഹുസൈനി മേധാവി മുഫ്തി മന്‍സര്‍ ഹസന്‍ ഖാന്‍ അഷ്റഫ് മിസ്ബാഹിയാണ് 1100 പേജ് വരുന്ന ഫത്വ തയാറാക്കിയത്. ഐ.എസിന്‍െറ ചെയ്തികളെ ഇഴകീറി പരിശോധിച്ചും എത്രമാത്രം ഇസ്ലാം വിരുദ്ധമെന്ന് അധ്യാപനങ്ങള്‍ പ്രകാരം വിശദീകരിച്ചും നാലു മാസം കൊണ്ടാണ് ഇതു പൂര്‍ത്തിയാക്കിയത്.

മൃഗങ്ങളോട് അരുതായ്മ ചെയ്യുന്നതുപോലും വിലക്കുന്ന മതമാണ് ഇസ്ലാം, മനുഷ്യരെ കൊല്ലുകയും പീഡിപ്പിക്കുകയും മറ്റ് അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സംഘത്തിന് ഇസ്ലാമികം എന്ന് വിളിക്കപ്പെടാന്‍ തെല്ലും അര്‍ഹതയില്ലന്ന് മിസ്ബാഹി വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment