ശ്രീകൃഷ്ണ ജയന്തി കമ്യൂണിസ്റ്റുകാര്‍ക്കും ആഘോഷിക്കാമെന്ന് യുവകലാസാഹിതി

21647_604746മലപ്പുറം: ശ്രീകൃഷ്ണ ജയന്തി കമ്യൂണിസ്റ്റുകാര്‍ക്കും ആഘോഷിക്കാമെന്ന് സി.പി.ഐയുടെ സാംസ്കാരിക വിഭാഗമായ യുവകലാസാഹിതി. യുവകലാസാഹിതി സംഘടിപ്പിക്കുന്ന ‘സാംസ്കാരിക ജ്വാല’ പരിപാടി വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികളും സംഘാടകസമിതിയും ശ്രീകൃഷ്ണ ജയന്തിയെ ആര്‍.എസ്.എസ് കൈയടക്കുന്നത് തടയാന്‍ കമ്യൂണിസ്റ്റുകാര്‍ക്കും ജയന്തി ആഘോഷിക്കാമെന്ന് വ്യക്തമാക്കിയത്.

ശ്രീകൃഷ്ണനും മുഹമ്മദ് നബിയും യേശുക്രിസ്തുവുമൊന്നും പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മാത്രമായുള്ളതല്ല. ശോഭായാത്രയായാലും നബിദിനമായാലും പൊതുപരിപാടിയായി കാണാനാകണം. വിപ്ലവവും ആത്മീയതയും ഒന്നിച്ചുപോകില്ലന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ അഭിപ്രായം പ്രത്യേക സന്ദര്‍ഭത്തിലുള്ളതാകാമെന്നും ഭാരവാഹികള്‍ പറഞ്ഞു.

നമ്മുടെ സാംസ്കാരിക പ്രതീകമായ നിലവിളക്ക് കൊളുത്താനാകില്ലന്ന വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറയും മുസ്ലിം ലീഗിന്‍െറയും നിലപാട് അംഗീകരിക്കാനാവില്ല. കന്നട സാഹിത്യകാരന്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നതും നിലവിളക്ക് കൊളുത്താതിരിക്കുന്നതും ഫാഷിസത്തിന്‍െറ രണ്ട് മുഖങ്ങളാണ്. സാംസ്കാരിക ആഘോഷങ്ങളും പ്രതീകങ്ങളും സങ്കുചിത ചിന്താഗതിക്കാര്‍ വികലമാക്കുമ്പോള്‍ മാനവികതയുടെ പൊതുമണ്ഡലങ്ങള്‍ ഫാഷിസ്റ്റുകള്‍ കൈയടക്കുമെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment