ഗുരുവിവാദം തുടരുന്നതില്‍ ദുഷ്ടലാക്ക് -സി.പി.എം

cpm-flagതിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ നിശ്ചലദൃശ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ അവസരമുണ്ടായത് ഖേദകരമാണെന്ന് തുറന്നുപറഞ്ഞിട്ടും വിവാദവുമായി ചിലര്‍ മുന്നോട്ടുപോകുന്നത്, അതിനുപിന്നിലെ വര്‍ഗീയ-രാഷ്ട്രീയ ദുഷ്ടലാക്ക് തെളിയിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഒരുവശത്ത് ജാത്യഭിമാനവും മറുവശത്ത് മതസ്പര്‍ധയും വളര്‍ത്തി കേരളത്തെ കലാപകലുഷിതമാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണ്. നവോത്ഥാനനായകരെയും അവരുടെ ദര്‍ശനങ്ങളെയും വര്‍ഗീയതയുടെ മേലങ്കിയണിയിക്കാനും അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനും ശ്രമിക്കുന്ന സംഘ്പരിവാര്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നു.

മതത്തിന്‍െറയും വിശ്വാസത്തിന്‍െറയും പേരില്‍ സമൂഹത്തെ വിഭജിക്കാനുള്ള ഏതുനീക്കവും അപകടകരമാണ്. ഗുരുദര്‍ശനങ്ങളെ വര്‍ഗീയ ശക്തികള്‍ ദുരുപയോഗം ചെയ്യുന്നത് ചിത്രീകരിക്കാനാണ് നിശ്ചലദൃശ്യത്തിലൂടെ ശ്രമിച്ചത്. അത്തരം നീക്കങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ഘോഷയാത്രയില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വൈകാരിക പ്രതികരണം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് ആര്‍.എസ്.എസ് ആണ്.

വര്‍ഗീയ ശക്തികളുടെ ഭീഷണിക്കെതിരെ സെപ്റ്റംബര്‍ 26 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ വാര്‍ഡുതലത്തില്‍ മതനിരപേക്ഷ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സമാധാനവും സൈ്വരജീവിതവും കാംക്ഷിക്കുന്ന എല്ലാവരും ഇതില്‍ അണിനിരക്കണം. വിവാദത്തിനു പിന്നാലെ സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്തതാണ്. കോട്ടയത്ത് വര്‍ഗീയവിരുദ്ധ സെമിനാറിനുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് എസ്.എന്‍.ഡി.പി യുവജനവിഭാഗത്തിന്‍െറ കൊടിപിടിച്ചാണ്.

തലശ്ശേരി നങ്ങാറത്ത്പീടികയില്‍ ശ്രീനാരായണ പ്രതിമ തകര്‍ത്ത് പിടിയിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിസ്സാര കുറ്റംചുമത്തി ജാമ്യത്തില്‍ വിട്ടതും പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ബന്ധിതമായതും ഈ ആക്രമണങ്ങളോട് സര്‍ക്കാറിനുമുള്ള നിസ്സംഗസമീപനത്തിന്‍െറ ഉദാഹരണമാണ്. പയ്യൂര്‍ കണ്ടോത്ത് 1932ല്‍ സ്ഥാപിച്ച ശ്രീനാരായണ ഗ്രന്ഥശാല ഓണനാളുകളില്‍ തകര്‍ത്ത ആര്‍.എസ്.എസുകാരെ പിടികൂടാന്‍ ഇതുവരെ പൊലീസ് തയാറായിട്ടില്ല. ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ യു.ഡി.എഫ് നേതൃത്വം തയാറാകുന്നില്ല. ഇത്തരം സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസുമായി പ്രാദേശികധാരണ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment