റഷ്യന്‍ ചരിത്രം ഒരു പഠനം (അദ്ധ്യായം 2): സാര്‍ നിക്ലൗവൂസ് രണ്ടാമനും രാജഭരണത്തിന്റെ അന്ത്യവും

adhyaaram 2 titlepadanna3നിക്ലൗവൂസ് രണ്ടാമന്‍, മുന്നൂറോളം വര്‍ഷങ്ങളുടെ തലമുറകളടങ്ങിയ റോമോനോവ് പരമ്പരകളിലുള്ള റഷ്യയുടെ അവസാനത്തെ ‘സാര്‍’ ചക്രവര്‍ത്തിയായിരുന്നു. ‘രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ച’ (Bloody Sunday) എന്നറിയപ്പെടുന്ന കുപ്രസിദ്ധ സംഭവവും ഒന്നാം ലോകമഹായുദ്ധ ദുരന്തവും ചക്രവര്‍ത്തിയുടെയും സാമ്രാജ്യത്തിന്റെയും അന്ത്യം കുറിച്ചു. “താന്‍ സാര്‍ ചക്രവര്‍ത്തിയാകാന്‍ യോഗ്യനല്ലെന്നും അങ്ങനെയൊരു പദവി ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഭരിക്കുകയെന്നത് തനിക്കറിയില്ലെന്നും കഴിയുമെങ്കില്‍ ഈ ചുമതല മറ്റാരെങ്കിലും ഏറ്റെടുക്കണമെന്നും” അദ്ദേഹം സ്വന്തം ബന്ധു ജനങ്ങളോട് പറയുന്ന പല്ലവിയായിരുന്നു.

1868-മെയ് ആറാം തിയതി റഷ്യയിലെ ‘പുഷ്ക്കിനെന്ന’ സ്ഥലത്ത് നിക്ലൗവൂസ് രണ്ടാമന്‍ ജനിച്ചു. 1894-ല്‍ പിതാവ് അലക്സാണ്ടര്‍ മൂന്നാമന്‍ ചക്രവര്‍ത്തി മരിച്ചപ്പോള്‍ രാജ്യത്തിന്റെ കിരീടാവകാശി ആദ്യത്തെ മകനായ നിക്ലൗവൂസ് രണ്ടാമനായിരുന്നു. ഏകാധിപത്യത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നതെങ്കിലും രാജ്യകാര്യങ്ങളില്‍ പങ്കാളികളാകുവാന്‍ ഒരു ഉപദേശക സമിതിയെ തിരഞ്ഞെടുക്കാന്‍ പിന്നീട് നിര്‍ബന്ധിതനായി. ഒന്നാം ലോക മഹായുദ്ധവും ‘ബ്ലഡി സണ്‍ണ്ടെയും’ രാജ്യത്തിന്റെ സാമ്പത്തിക അസമത്വവും കുറ്റ കാരണങ്ങളായി വിധിച്ച് അദ്ദേഹത്തെയും കുടുംബത്തെയും 1918 ജൂലൈ പതിനേഴാം തിയതി ബോര്‍ഷേവിക്കുകാര്‍ നിര്‍ദയം വധിച്ചു.

nicholasനിക്ലൗവൂസ് രണ്ടാമന്‍ റഷ്യയുടെ ചക്രവര്‍ത്തിയായിരുന്ന ‘അലക്സാണ്ടര്‍ മൂന്നാമന്റെയും’ ‘മാരിയാ ഫ്യൂഡോറോവനായുടെയും’ ആദ്യത്തെ പുത്രനായിരുന്നു. മാതാവ് ‘മാരിയാ’ ജനിച്ചത് ഡെന്മാര്‍ക്കിലായിരുന്നു. കുട്ടികളെ നല്ലവണ്ണം പരിപാലിക്കുന്നതില്‍ അവര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. പിതാവായ അലക്സാണ്ടര്‍ ചക്രവര്‍ത്തി തന്റെ മകന്‍ ഒരു യാഥാസ്ഥിതികനായും മതതീഷ്ണതയിലും ഏകാധിപത്യ ഭരണ കാര്യ നിര്‍വാഹകനായും വളരാന്‍ പ്രേരിപ്പിക്കുമായിരുന്നു.

പ്രസിദ്ധിയേറിയ പ്രൈവറ്റ് അദ്ധ്യാപകരില്‍ നിന്ന് നിക്ലൗവൂസ് രണ്ടാമന് വിദ്യാഭ്യാസം ലഭിച്ചു. ചരിത്രവും വിദേശഭാഷകളും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും വിഷയങ്ങളില്‍ ഈ രാജകുമാരന്‍ പ്രാവീണ്യം നേടിയിരുന്നു. എങ്കിലും രാഷ്ട്രീയവും ധനതത്വ ശാസ്ത്രവും ഈ ഭാവി ഭരണാധികാരിയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല.

1881-ല്‍ നിക്ലൗവൂസിനു പതിമൂന്നു വയസ് പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ രാജാവ്‌ വിപ്ലവകാരികളുടെ ബോംബേറില്‍ മരണപ്പെട്ടിരുന്നു. ആ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടര്‍ മൂന്നാമന്‍ കിരീടാവകാശിയായി രാജ്യഭരണം ഏറ്റെടുത്തിരുന്നു. നിക്ലൗവൂസ് രണ്ടാമന്‍ സ്വാഭാവികമായി അടുത്ത കിരീടവകാശിയുമായി.

alaksi4നിക്ലൗവൂസ് രണ്ടാമന് പത്തൊമ്പതു വയസുള്ളപ്പോള്‍ അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നു . മൂന്നു കൊല്ലം അവിടെ സേവനം ചെയ്തു. പത്തു മാസത്തോളം യൂറോപ്പ്, ഏഷ്യ മുതല്‍ രാജ്യങ്ങളില്‍ കറങ്ങി നടന്നു. പട്ടാളത്തില്‍ താല്പര്യമുള്ളതു കൊണ്ട് നിക്ലൗവൂസിനു ‘കേണല്‍ റാങ്ക്’ നല്കി. അദ്ദേഹം അടുത്ത കിരീടാവകാശിയാണെങ്കിലും പട്ടാളത്തിലായിരുന്ന സമയത്ത് രാഷ്ട്രീയ രാജ്യകാര്യ ചര്‍ച്ചാ വിഷയങ്ങളില്‍ കാര്യമായൊന്നും സംബന്ധിക്കാറുണ്ടായിരുന്നില്ല.

നിക്ലൗവൂസിന്റെ പിതാവ് അലക്സാണ്ടര്‍ മൂന്നാമന്‍ നാല്‍‌പ്പത്തിയൊമ്പതാം വയസില്‍ കിഡ്നി രോഗബാധിതനായി 1894-ഒക്ടോബര്‍ ഇരുപതാം തിയതി മരിച്ചു. റോമിലോവ് ചക്രവര്‍ത്തിമാരുടെ തലമുറകളായി കൈമാറിയ രാജ്യാവകാശ കിരീടം അദ്ദേഹത്തിനു ലഭിച്ചു. രാജ്യ ഭരണത്തില്‍ വേണ്ടത്ര പ്രായോഗിക പരിജ്ഞാനക്കുറവുകൊണ്ടും പിതാവിന്റെ പെട്ടെന്നുള്ള മരണകാരണവും കിരീടം അദ്ദേഹത്തിനു ഒരു മുള്‍ക്കിരീടം പോലെയായിരുന്നു. ” താന്‍ ചക്രവര്‍ത്തിയാകാന്‍ യോഗ്യനല്ല. ഭരിക്കാന്‍ തനിക്കറിഞ്ഞു കൂടാ” എന്നാലപിച്ചിട്ടും തലയില്‍ വന്ന കിരീടം തട്ടിത്തെറിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

alaksi3പിതാവിന്റെ മരണശേഷം നിക്ലൗവൂസ് രണ്ടാമന്‍ ഒരു മാസത്തിനുള്ളില്‍ അലക്സാണ്‍ഡ്രിയായായെ വിവാഹം ചെയ്തു. പൊതു ജനങ്ങളുടെ മുമ്പില്‍ സാറിനി അലക്സാണ്‍ഡ്രിയാ വീട്ടമ്മയാണെങ്കിലും കൊട്ടാരത്തിലെ ഭരണപരമായ രാജ്യകാര്യങ്ങളിലും അവര്‍ താല്‍പ്പര്യപ്പെട്ടിരുന്നു. കൂടുതല്‍ സമയവും രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍ പഠിക്കാന്‍ അവര്‍ കൊട്ടാരത്തില്‍ സമയം ചെലവഴിച്ചിരുന്നു.

ഈ ദമ്പതികള്‍ക്ക് 1895-ല്‍ ഒരു പെണ്‍കുട്ടി ജനിക്കുകയും ഓള്‍ഗായെന്ന് (Olga) പേര് നല്കുകയും ചെയ്തു. അതിന്റെയടുത്ത വര്‍ഷം നിക്ലൗവൂസ് രണ്ടാമന്‍ ‘സാര്‍’ ചക്രവര്‍ത്തിയായി ഔദ്യോഗികമായി സ്ഥാനാരോഹണം ചെയ്തു. കിരീട ധാരണ വേളയില്‍ മോസ്ക്കോയിലെ ജനപ്രളയത്തിനിടയില്‍ നൂറുകണക്കിനു ജനം മരിക്കാനിടയായി. ദുഃഖകരമായ രാജ്യത്തിന്റെ വിനയില്‍ നിക്ലൗവൂസ് രണ്ടാമനും അലക്സാണ്‍ഡ്രിയായും ഒന്നുമറിയാത്ത ഭാവത്തില്‍ കിരീട ധാരണ വേളയില്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു. രാജ്യത്തിലെ പ്രജകള്‍ക്ക് പുതിയ രാജാവിനോടും ഭാര്യയോടും അതൃപ്തിയുണ്ടാവുകയും ചെയ്തു. ജനത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാത്ത രാജ ദമ്പതികള്‍ക്കെതിരെ ജനം രോഷാകുലരായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

1897-ല്‍ രാജ ദമ്പതികള്‍ക്ക് ‘ടറ്റിന ‘ (Tatiana)എന്ന ഒരു പെണ്‍ക്കുട്ടികൂടി ജനിച്ചു. 1899-ല്‍ ‘ മരിയാ’ (Maria)എന്ന മൂന്നാമത്തെ പെണ്‍ക്കുട്ടിയും 1901ല്‍ അനസ്റ്റസിയ (Anastasia) എന്ന നാലാമത്തെ പെണ്‍ക്കുട്ടിയും ജനിച്ചു. 1904-ല്‍ അടുത്ത കിരീടാവകാശിയായ ‘അലക്സി'(Alexe) എന്ന ആണ്‍ക്കുട്ടിയും ജനിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അലക്സിയ്ക്ക് ‘ഹീമോഫിലിയാ’ എന്ന രോഗം ബാധിച്ചു. കുട്ടിയുടെ ചീകത്സയ്ക്കായി റാസ് പുട്ടിന്‍ എന്ന ഒരു വൈദ്യനെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു. പിന്നീട്‌ റാസ്പുട്ടിന്‍ കൊട്ടാരത്തിലെ ആഭ്യന്തര കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. അയാള്‍ റഷ്യയുടെ മാസ്മര ചരിത്രമായി മാറുകയും ചെയ്തു.

alaksi6നിക്ലൗവൂസിന്റെ വിദേശ നയം രാജ്യങ്ങള്‍ കീഴടക്കി വികസിപ്പിക്കുകയെന്നല്ലായിരുന്നു. യൂറോപ്പിലെപ്പോലെയുള്ള ഒരു ഭരണ സംവിധാനം അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1890-ല്‍ റഷ്യയ്ക്ക് സാമ്പത്തിക പുരോഗതി നേടാന്‍ സാധിച്ചു. വിദൂര കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്കും വ്യവസായങ്ങള്‍ വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചു. 1891-ല്‍ ട്രാന്‍സ് സൈബീരിയന്‍ റയില്‍വേയുടെ പണിയാരംഭിച്ചു. പസഫിക്ക് തീരങ്ങളുമായി റയില്‍വേ ബന്ധിപ്പിക്കണമായിരുന്നു. അത് 1905-ല്‍ ജപ്പാന് ഭീഷണിയായി തോന്നി. ജപ്പാന്‍ ആ വര്‍ഷം ഡിസംബറില്‍ റഷ്യയെ ആക്രമിച്ചു. പോര്‍ട്ട്‌ ആര്‍തറില്‍ നിക്ലൗവൂസിന്റെ പട്ടാളം ജപ്പാന്‍ സേനയ്ക്ക് കീഴടങ്ങി. റഷ്യയുടെ പരാജയത്തില്‍ ഗത്യന്തരമില്ലാതെ നിക്ലൗവൂസ് രണ്ടാമന്‍ ജപ്പാനുമായി സമാധാന ഉടമ്പടിയുണ്ടാക്കി.

‘ബ്ലഡി സണ്ടേ’ അഥവാ രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ച കൂട്ടക്കൊല’ റഷ്യന്‍ ചരിത്രത്തിലെ അതിക്രൂരമായ ഒരു ദിനമായി കരുതുന്നു. 1905 ജനുവരി അഞ്ചാം തിയതി ‘ഫാദര്‍ ജോര്‍ജ് ഗാപോന്‍’, സെന്റ്‌ പീറ്റേ ഴ്സ് ബര്‍ഗിലെയ്ക്ക് തൊഴിലാളികളുടെ സമാധാനപരമായ ഒരു ജാഥാ നയിച്ചിരുന്നു. തൊഴിലാളികളുടെ തൊഴില്‍ ക്ഷേമപദ്ധതികൾക്കായി നിക്ലൗവൂസ് രണ്ടാമന്റെ ശ്രദ്ധയില്‍പ്പെടാനുള്ള അപേക്ഷയുമായിട്ടായിരുന്നു ഈ പ്രകടന ജാഥാ മുന്നേറിയത്. എന്നാല്‍ പട്ടാളം പ്രകടനക്കാരുടെ നേരെ വെടി വെച്ചു. ആയിരക്കണക്കിന് ജനം കൊല്ലപ്പെട്ടു. അതാണ്‌ റഷ്യന്‍ ചരിത്രത്തിലെ കുപ്രസിദ്ധമായ ‘രക്തച്ചൊരിച്ചിലിന്റെ ഞായറാഴ്ചയെന്ന്’ അറിയപ്പെടുന്നത്. പ്രതിഷേധമായി റഷ്യയിലെ തൊഴിലാളികള്‍ രാജ്യം മുഴുവന്‍ സമരങ്ങള്‍ സംഘടിപ്പിച്ചു. റഷ്യാ മുഴുവനുമുള്ള കൃഷിക്കാരും തൊഴിലാളികളോട് സഹതാപം പ്രകടിപ്പിച്ചിരുന്നു. തൊഴിലാളികളുടെ ഈ മുന്നേറ്റത്തെ പട്ടാളം അടിച്ചമര്‍ത്തി. രാജ്യം മുഴുവന്‍ അരാജകത്വമായിക്കൊണ്ട് മനുഷ്യജീവന് വിലയില്ലാതായി. ഒടുവില്‍ രാജാവും പ്രകടനക്കാരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ദൈവം നിശ്ചയിച്ച ഭരണാധികാരിയാണ് താനെന്ന് നിക്ലൗവൂസ് രണ്ടാമന്‍ ചിന്തിച്ചിരുന്നെങ്കിലും തിരഞ്ഞെടുത്തവരെയും രാജഭരണത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം സമ്മതിച്ചു. സര്‍ക്കാര്‍ തീരുമാനിക്കുന്ന പരിഷ്ക്കാരങ്ങള്‍ക്ക് ‘പീറ്റര്‍ സ്റ്റൊല്പിന്‍’ എന്ന മന്ത്രിയുടെ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു.

alaksi9ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തില്‍ റഷ്യന്‍ പട്ടാളത്തിനു നാശം സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് നിക്ലൗവൂസ് രണ്ടാമന്‍ യുദ്ധത്തിന്റെ ചുമതല നേരിട്ടേറ്റെടുത്തു. 1915 മുതല്‍ 1917 വരെ അദ്ദേഹം സെന്റ്‌ പീറ്റേഴ്സ് ബര്‍ഗില്‍ നിന്നും അകന്ന് യുദ്ധ മുന്നണിയിലായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ‘അലക്സാണ്‍ഡ്രിയാ രാജ്ഞി’ രാജ്യകാര്യങ്ങളിലെ ഭരണച്ചുമതല ഏറ്റെടുത്തു. കൊട്ടാരം വൈദ്യനായ’ റാഷ് പുട്ടിന്റെ’ സഹായം രാജ്യകാര്യങ്ങളിലും തേടിയിരുന്നു. ആഭ്യന്തര കാര്യങ്ങളില്‍ റാഷ് പുട്ടിന് അമിതമായ സ്വാധീനവുമുണ്ടായിരുന്നു. അതുമൂലം നിക്ലൗവൂസ് രണ്ടാമന്റെ മന്ത്രിമാര്‍ രാജ്യകാര്യങ്ങളില്‍ നിന്നും അകന്ന് രാജി വെച്ചു. അവരുടെ സ്ഥാനത്ത് ‘അലക്സാണ്‍ഡ്രിയാ രാജ്ഞിയുടെയും റാഷ് പുട്ടിന്റെയും താല്പ്പര്യം നോക്കുന്നവരെ അധികാര സ്ഥാനങ്ങളിലേയ്ക്ക് നിയമിച്ചു.

ഒന്നാം ലോക മഹായുദ്ധത്തില്‍ റഷ്യയ്ക്ക് തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അസഹനീയമായ ദാരിദ്ര്യവും വിലപ്പെരുപ്പവും നാടാകെ ബാധിച്ചിരുന്നു. റഷ്യയിലെ ജനത നിക്ലൗവൂസ് രണ്ടാമന്റെ യുദ്ധകാല തീരുമാനങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അലക്സാണ്‍ഡ്രിയാ സാറിനിയുടെ ഭരണ പങ്കാളിത്തവും ജനങ്ങള്‍ വെറുത്തിരുന്നു. ‘അലക്സാണ്‍ഡ്രിയാ’ ജര്‍മ്മന്‍കാരത്തിയായതുകൊണ്ട്‌ അവര്‍ മനഃപൂര്‍വം റഷ്യയെ ശത്രുക്കള്‍ക്ക്‌ അടിയറ വെയ്ക്കുന്നുവെന്നും ജനങ്ങള്‍ വിചാരിച്ചു. യുദ്ധത്തില്‍ ശത്രുവിജയം അവര്‍ ആഗ്രഹിച്ചിരുന്നുവെന്നും ജനങ്ങളുടെയിടയില്‍ കിംവദന്തികളുണ്ടായിരുന്നു. 1917 ഫെബ്രുവരിയില്‍ നിക്ലൗവൂസ് രണ്ടാമന്റെ പ്രജകള്‍ ക്ഷുപിതരായി പ്രക്ഷോപണങ്ങളാരംഭിച്ചു. ‘നിക്ലൗവൂസ് ‘ യുദ്ധകാല തിരക്കിലായിരുന്നതുകൊണ്ട് സെന്റ്‌ പീറ്റര്‍ഴ്സ് ബര്‍ഗിലുണ്ടായിരുന്നില്ല. മടങ്ങി വരാന്‍ ഒരുങ്ങിയ നിക്ലൗവൂസിനെ ജനങ്ങള്‍ ട്രെയിനില്‍ കയറ്റാതെ തടഞ്ഞു വെച്ചു. വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പട്ടാളക്കാരുടെയിടയിലും വിപ്ലവമുണ്ടായി. പട്ടാളക്കാരില്‍ അനേകര്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് രാജഭരണത്തിനെതിരെ യുദ്ധം ചെയ്തു. രാജ ഭരണം അവസാനിപ്പിക്കുകയല്ലാതെ നിക്ലൗവൂസിന്റെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. 1917 മാര്‍ച്ച് പതിനേഴാം തിയതി അദ്ദേഹം കിരീടം ഉപേക്ഷിച്ച് ഭരണം അവസാനിപ്പിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും ‘യൂറാള്‍ മലകളില്‍’ കൊണ്ടുപോയി വിപ്ലവ സേന വീട്ടു തടങ്കലിലാക്കി.

alaksiവിപ്ലവ കൊടുങ്കാറ്റില്‍ പങ്കു ചേര്‍ന്നവര്‍ റഷ്യയില്‍ ഒരു താത്ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു. 1917-ല്‍ റഷ്യയുടെ താത്ക്കാലിക സര്‍ക്കാരിനെ പുറത്താക്കിക്കൊണ്ട് ബോര്‍ഷേവിക്കുകള്‍ അധികാരം പിടിച്ചെടുത്തു. 1918-ന്റെ ആരംഭത്തില്‍ റഷ്യയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1918 ജൂലൈ പതിനേഴാം തിയതി ലെനിന്റെ നേതൃത്വത്തിലുള്ള ബോര്‍ഷേവിക്കുകള്‍ നിക്ലൗവൂസിനെയും കുടുംബത്തിനെയും നാമാവിശേഷമാക്കിക്കൊണ്ട് ഒന്നാകെ വധിച്ചു. മൂന്നു നൂറ്റാണ്ടോളം ഭരിച്ച റോമനോവ് ചക്രവര്‍ത്തി പാരമ്പര്യം അതോടെ അവസാനിച്ചു. നിക്ലൗവൂസ് രണ്ടാമന്റെ മകള്‍ അനസ്റ്റസിയ വധിക്കപ്പെട്ടവരില്‍ രക്ഷപെട്ടെന്നു ചരിത്രകാരുടെയിടയില്‍ അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ 2007-ല്‍ നടത്തിയ ഡി.എന്‍ എ ടെസ്റ്റില്‍ അവരുടെ മൃതശരീരം തിരിച്ചറിയാന്‍ സാധിച്ചു.

റഷ്യാ സാമ്രാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരി നിക്ലൗവൂസ് രണ്ടാമന്‍ ചരിത്രത്തില്‍ തെറ്റായ സ്ഥലത്ത് രേഖപ്പെടുത്തിയത് ദുഃഖകരമായ ഒരു സത്യമാണ്. പരിവർത്തന വിധേയമായ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തിലാണ് അദ്ദേഹം റഷ്യയുടെ സാര്‍ ചക്രവര്‍ത്തിയായത്‌. ഭരിക്കാനാവശ്യമായ പാണ്ഡിത്യവും ശ്രദ്ധേയമായ അനേക സത്ഗുണങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു. സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും അദ്ദേഹം പറയുമായിരുന്നു, “ഞാനൊരു സാധാരണ മനുഷ്യന്‍, ചക്രവര്‍ത്തിയായ അലങ്കാര രൂപം എനിയ്ക്കു വേണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല ഓര്‍മ്മശക്തിയും ഊര്‍ജ സ്വലതയും അറിവും പാകതയും ഉറച്ച മനശക്തിയും സ്വയം നിയന്ത്രണവും സന്മാര്‍ഗ നിലവാരവുമുണ്ടായിരുന്നു. ക്ഷമയോടെ മറ്റുള്ളവരുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന ആദര്‍ശവാനായിരുന്നു. സത്യത്തില്‍ അടിയുറച്ച വിശ്വാസവും വാക്കു പാലിക്കലും ആത്മാര്‍ത്ഥമായ ഹൃദയവും അദ്ദേഹത്തെ പരാജിതനാക്കിക്കൊണ്ട് മരണത്തിലേയ്ക്ക് നയിച്ചു. ഭരണ കാര്യങ്ങളെപ്പറ്റി പരിചയമില്ലാതെ നന്നേ ചെറുപ്പത്തില്‍ കിരീടധാരണം ചെയ്തത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം നിര്‍ഭാഗ്യകരമായിരുന്നു. നിക്ലൗവൂസിന്റെയും കുടുംബത്തിന്റെയും വിധി അവിടെ മുദ്ര വെച്ചു. നിക്ലൗവൂസ് വളരുന്ന കാലത്ത് അദ്ദേഹത്തിന്റെ പിതാവ് അലക്സാണ്ടര്‍ മൂന്നാമന്‍ ഭരണപരമായ ചര്‍ച്ചാ വിഷയങ്ങളില്‍ മകനെ പങ്കുകൊള്ളിപ്പിക്കില്ലായിരുന്നു. അതൊരു പിതാവില്‍നിന്നു വന്ന തെറ്റായിരുന്നു. പിതാവിന്റെ കാലത്ത് രാജ്യകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിച്ചിരുന്നെങ്കില്‍ അദ്ദേഹം അധികം തെറ്റുകള്‍ വരുത്തി കൂട്ടില്ലായിരുന്നു.

ALSO READ: റഷ്യന്‍ ചരിത്രം ഒരു പഠനം (ലേഖന പരമ്പര ആരംഭിക്കുന്നു)

alaksi 11

Print Friendly, PDF & Email

Related News

Leave a Comment