കേരള കള്‍ച്ചറല്‍ ഫോറത്തിന്‍െറ ഓണാഘോഷവും 26ാം വാര്‍ഷികവും പ്രൌഢഗംഭീരമായി

Inaugurationബര്‍ഗന്‍ഫീല്‍ഡ്‌ (ന്യൂജേഴ്സി): കേരള കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്സിയുടെ 26ാം വാര്‍ഷികവും ഓണാഘോഷവും സെപ്‌റ്റംബര്‍ 6ാം തീയതി വിപുലമായ രീതിയില്‍ നടന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി. ജെ. കുര്യന്‍ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു.

ചെണ്ടമേളത്തിന്‍െറയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലിമന്നനെയും വിശിഷ്‌ഠാതിഥികളെയും സമ്മേളന വേദയിലേക്ക്‌ സ്വീകരിച്ചാനയിച്ചു. സെക്രട്ടറി ദാസ്‌ കണ്ണംകുഴിയിലിന്‍െറ ആമുഖ പ്രസംഗത്തിനു ശേഷം എവിന്‍ ജേക്കബ്‌ അമേരിക്കന്‍ ദേശീയ ഗാനവും നിസി റോയി ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. വൈസ്‌ പ്രസിഡന്‍റ്‌ അഡ്വ.റോയി പി. ജേക്കബ്‌ കൊടുമണ്‍ സ്വാഗതം ആശംസിച്ചു.

പ്രസിഡന്‍റ്‌ ജോയി ചാക്കപ്പന്‍ അധ്യക്ഷപ്രസംഗത്തിനു ശേഷം വിശിഷ്‌ഠാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. മുഖ്യാതിഥിയായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി. ജെ. കുര്യന്‍ എം. പി. തന്‍െറ ഉദ്‌ഘാടന പ്രസംഗത്തില്‍ അമേരിക്കയിലെ ജീവിത സാഹചര്യങ്ങളുമായി ഇഴുകിച്ചേരുമ്പോഴും ഭാരതത്തിന്‍െറയും കേരളത്തിന്‍െറയും സാംസ്‌കാരവും മൂല്യങ്ങളും മുറുകെപ്പിടിക്കുവാന്‍ ആഹ്വാനം ചെയ്‌തു. സമത്വാധിഷ്‌ഠിതമായ ഒരു സമൂഹ്യക്രമത്തിന്‍െറ നല്ല ഓര്‍മ്മകളെ അയവിറക്കുന്ന അവസരമാണ്‌ ഓണാഘോഷം. ചരിത്രാതീത കാലത്ത്‌ കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന്‌ നാം കരുതുന്ന മഹാബലി എന്ന ചക്രവര്‍ത്തിയുടെ ഭരണകാലം ഐശ്വര്യത്തിന്‍െറയും സമ്പത്സമൃദ്ധിയുടെയും ആദര്‍ശപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്‍െറയും കാലമായിരുന്നു. അന്ന്‌ മനുഷ്യരെല്ലാം തുല്യതാ മനോഭാവത്തില്‍ യാതൊരുവിധത്തിലുമുള്ള സ്വഭാവ വൈകല്യങ്ങളുമില്ലാതെ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നമുക്ക്‌ അതെല്ലാം നഷ്ടമായി. ആ ആദര്‍ശസുന്ദരമായ നാളുകളുടെ ആവിഷ്‌കാരമെന്നോണം മലയാളികള്‍ ലോകത്തിന്‍െറ ഏതു മൂലയിലായാലും ഓണമാഘോഷിക്കുന്നതില്‍ മുടക്കം വരുത്താറില്ല. ഇന്ന്‌ ഓണം നല്‍കുന്ന സന്ദേശം ഐക്യത്തിന്‍െറയും കൂട്ടായ പ്രവര്‍ത്തനത്തിന്‍െറയും പിന്‍ബലത്തില്‍ നാം സ്വപ്‌നം കാണുന്ന ആ നല്ല നാളുകളെ യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ്‌. കേരളത്തനിമയില്‍ വസ്‌ത്രധാരണം ചെയ്‌തു ആവേശപൂര്‍വ്വം ഓണം ആഘോഷിക്കുന്ന അമേരിക്കന്‍ മലയാളികളെ അദ്ദേഹം അഭിനന്ദിച്ചു.

ജനാധിപത്യത്തിന്‍െറ മകുടോദാഹരണമായ അമേരിക്കയില്‍ ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങള്‍ക്കു പോലും തങ്ങളുടെ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും രാഷ്ട്രീയ വിശ്വാസങ്ങളെയും സാംസാകാരിക മൂല്യങ്ങളെയും പരിപോഷിപ്പിക്കുവാനും പ്രവര്‍ത്തിക്കുവാനും ആചരിക്കുവാനും ഉള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ട്‌. ഇത്‌ ഈ മഹത്തായ രാഷ്ട്രത്തിന്‍െറ സവിശേഷതയാണ്‌. ഇന്ത്യയിലും ഇതേ സ്വാതന്ത്ര്യവും അവസരവും ലഭ്യമാണെന്നുള്ളതില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം. നമ്മുടെ വേരുകള്‍ നമുക്ക്‌ മറക്കാതിരിക്കാം. നാം എവിടെനിന്നു വന്നുവെന്ന്‌ നമുക്ക്‌ ഓര്‍മ്മ വേണം. നമുക്ക്‌ നമ്മുടെ മൂല്യങ്ങള്‍ ഇവിടെയും നിലനിര്‍ത്താം. നമ്മുടെ കലാ സാംസ്‌കാരിക പാരമ്പര്യങ്ങളിവിടെയും ആഘോഷിക്കാം.. നമ്മുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാം.വിശ്വാസങ്ങളും മതാചാരങ്ങളും നിലനിര്‍ത്താം. ഇതിനെല്ലാം ഉള്ള അവസരമുള്ള ഒരു രാജ്യത്ത്‌ ജീവിക്കുവാന്‍ സാധിക്കുന്നുവെന്നത്‌ വലിയ ഒരു സംഗതിയാണ്‌. അതുകൊണ്ട്‌ ഓണാഘോഷം വെറുമൊരു ഉത്സവമല്ല. നാം ആയിരിക്കുന്ന ഈ സാഹചര്യം മുതലെടുത്ത്‌ പ്രവര്‍ത്തിക്കുവാനുള്ള ഒരു അവസരമാണെന്ന്‌ നാം തിരിച്ചറിയണം. മറ്റുള്ളവരോടുള്ള കരുതലാണ്‌ ഓണം നല്‍കുന്ന മറ്റൊരു സന്ദേശം. കേരള കള്‍ച്ചറല്‍ ഫോറം ധാരാളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നറിയുന്നതില്‍ സന്തോഷിക്കുന്നു. അതോടൊപ്പം തുടര്‍ന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പ്രചോദനമാകട്ടെ ഈ ഓണാഘോഷമെന്ന്‌ താന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള സ്‌പീക്കര്‍മാരുടെ സമ്മേളനത്തില്‍ സംബന്ധിക്കുവാനെത്തിയ താന്‍ മൂന്നു ദിവസങ്ങള്‍ക്കുമുമ്പ്‌ മടങ്ങേണ്ടതായിരുന്നുവെന്നും കേരള കള്‍ച്ചറല്‍ ഫോറത്തിന്‍െറ ഓണാഘോഷത്തിലും വാര്‍ഷികത്തിലും സംബന്ധിക്കുവാന്‍വേണ്ടി മാത്രമാണ്‌ തന്‍െറ സുഹൃത്തായ ശ്രീ. ടി. എസ്‌. ചാക്കോയുടെ പ്രത്യേക ക്ഷണമനുസരിച്ച്‌ ഇവിടെ തങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള നല്‍കിയ ഓണസന്ദേശത്തില്‍ മാതൃകാപുരുഷനായ മഹാബലിയുടെ ജനക്ഷേമതല്‍പ്പരതയില്‍ നിന്നും ത്യാഗത്തില്‍ നിന്നും മഹാമനസ്‌കതയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും സമത്വത്തിന്‍െറയും സാഹോദര്യത്തിന്‍െറയും ശാശ്വതമായ സ്‌മരണകളാണ്‌ ഓണം നമുക്ക്‌ പ്രദാനം ചെയ്യുന്നതെന്നും അനുസ്‌മരിപ്പിച്ചു. അര്‍ഹതയുള്ളവര്‍ക്ക്‌ അംഗീകാരം കൊടുക്കുന്ന ഒരു സംസ്‌കാരം നാം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആശംസിച്ചു.

മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രി തോമസ്‌ ജേക്കബ്‌, ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ്‌ കുമാര്‍ മൊഹാപത്ര, ബര്‍ഗന്‍ കൌണ്ടി ഫ്രീഹോള്‍ഡര്‍മാരായ ട്രേസി സില്‍ന സൂര്‍, തോമസ്‌ ജെ. സള്ളിവന്‍, ന്യൂജേഴ്സി സ്റ്റേറ്റ്‌ അസംബ്ലിമാന്‍ ടിം യൂസ്റ്റെസ്‌, റോക്കലാന്‍ഡ്‌ കൌണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ നോര്‍മന്‍ ഷ്‌മെല്‍റ്റ്‌സ്‌ സുപ്രസിദ്ധ സിനിമാ താരം അംബിക സുകുമാരന്‍, റവ. ഫാ. ബാബു കെ. മാത്യു, റവ. റോയി മാത്യു, ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, റവ. ഫാ. ക്രിസ്റ്റി ജേക്കബ്‌, മിസ്‌. ലൂഡി ഹ്യൂസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു.

അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ, സാംസ്‌കാരിക, കലാ, കായിക മേഖലകളില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നതും കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക പ്രസിഡന്‍റ്‌, ആയുഷ്‌കാല പേട്രണ്‍, ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ്‌ പ്രസിഡന്‍റ്‌, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സംഘാടകന്‍, ഫൊക്കാനയുടെ നാഷണല്‍ വൈസ്‌ പ്രസിഡന്‍റ്‌, ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ നിസ്‌തുലമായ സേവനം കാഴ്‌ചവച്ച മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രി ടി. എസ്‌. ചാക്കോയ്ക്ക്‌ കേരള കള്‍ച്ചറല്‍ ഫോറം ഇദംപ്രഥമമായി ഏര്‍പ്പെടുത്തിയ ഗ്രേറ്റ്‌ അമേരിക്കന്‍ മലയാളി അവാര്‍ഡ്‌ (ഗാമ) രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി. ജെ. കുര്യന്‍ സമ്മാനിച്ചു. തന്‍െറ മറുപടി പ്രസംഗത്തില്‍ ശ്രി ടി. എസ്‌. ചാക്കോ സമൂഹം തന്നോട്‌ കാട്ടുന്ന സ്‌നേഹാദരങ്ങള്‍ക്കു മുമ്പില്‍ താന്‍ വിനീതനാകുന്നുവെന്നും തുടര്‍ന്നും മലയാളി സമൂഹത്തിന്‍െറ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രസ്‌താവിച്ചു. രാഷ്ട്രീയരംഗത്ത്‌ പ്രൊഫ. പി. ജെ. കുര്യനെപ്പോലെ ഉന്നതസ്ഥാനത്തുള്ള നേതാക്കളുടെ ഇടപെടലിലൂടെ നമ്മുടെ സമൂഹത്തിന്‌ പല നല്ല കാര്യങ്ങളും ചെയ്യുവാനിടയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം സി. എം. എസ്‌. കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗത്തില്‍ പ്രൊഫസറായി ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ച നല്ല അധ്യാപകന്‍, മികച്ച വാഗ്മി, സംഘാടകന്‍, തുടങ്ങിയ നിലകളില്‍ പ്രഗത്ഭ്യം തെളിയിച്ച വ്യക്തിയും, വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ അമേരിക്ക റീജ്യന്‍ ചെയര്‍മാനായും ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌, കേരള കള്‍ച്ചറല്‍ ഫോറം തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയും വിവിധ നിലകളില്‍ സ്‌തുത്യര്‍ഹമായി സേവനമനുഷ്‌ഠിച്ചുവരുന്ന പ്രൊഫ. സണ്ണി മാത്യുവിനെ കമ്മ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍, ബര്‍ഗന്‍ കൌണ്ടി എക്‌സിക്യൂട്ടീവ്‌, ബര്‍ഗന്‍ കൌണ്ടി ഷെറിഫ്‌ എന്നിവരെയും ആദരിച്ചു.

കഴിഞ്ഞ അധ്യയനവര്‍ഷം ഹൈസ്‌കൂള്‍ വാലിഡിക്‌റ്റോറിയന്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആരണ്‍ വറുഗീസ്‌ ( പസെയ്ക്ക്‌ കൌണ്ടി അക്കാദമി ഓഫ്‌ മെഡിക്കല്‍ ആര്‍ട്ട്‌സ്‌) ജലിണ്ട ഈശോ(ബര്‍ഗന്‍ഫീല്‍ഡ്‌ ഹൈസ്‌കൂള്‍), ഫെലീഷ്യ രാജു (ന്യൂ മില്‍ഫോര്‍ഡ്‌ ഹൈസ്‌കൂള്‍) എന്നീ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഡാന്‍സ്‌ ഇന്‍ഡ്യാ ഡാന്‍സ്‌ മത്സരത്തിന്‌ ആയിരക്കണക്കിന്‌ നര്‍ത്തകിമാരില്‍നിന്നും അവസാന റൌണ്ടിലെത്തിയ 20 പേരിലൊരാളായി മുംബയില്‍ അന്തിമ മത്സരത്തില്‍ പങ്കെടുത്ത സുജി ജോണിനെയും ചടങ്ങില്‍ ആദരിച്ചു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരായ മലയാളികളെ ആദരിക്കുന്നതിന്‍െറ ഭാഗമായി ടീനെക്കിലെ സാമുവേല്‍ നൈനാന്‍ ഏലിയാമ്മ ദമ്പതികളെ പൊന്നാടയണിയിച്ച്‌ ബഹുമാനിച്ചു.

കേരള കള്‍ച്ചറല്‍ ഫോറം രജത ജൂബിലി സ്‌മാരകമായി പ്രസിദ്ധീകരിച്ച രജതസ്‌മരണികയുടെ പ്രകാശനം ആദ്യ കോപ്പി മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രി തോമസ്‌ ജേക്കബിനു നല്‍കിക്കൊണ്ട്‌ രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി. ജെ. കുര്യന്‍ നിര്‍വഹിച്ചു.

മനീഷി നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതും പല വേദികളിലവതരിപ്പിക്കപ്പെട്ട്‌ കാണികളുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചു പറ്റിയതുമായ ദേവസ്സി പാലാട്ടി സംവിധാനം നിര്‍വഹിച്ച ന്യൂജേഴ്സി നാട്ടുകൂട്ടം തീയേറ്റേഴ്സ്‌ അവതരിപ്പിച്ച ഒരു ദേശം നുണ പറയുന്നു എന്ന നാടകം കാണികളുടെ മുക്തകണ്‌ഠമായ പ്രശംസ ഏറ്റുവാങ്ങി. റാണിയും സുജിയും ചേര്‍ന്നവതരിപ്പിച്ച നൃത്തം ഉന്നത നിലവാരം പുലര്‍ത്തി. ഗുരു ചന്രിക കുറുപ്പിന്‍െറയും ലക്ഷ്‌മി കുറുപ്പിന്‍െറയും കീഴില്‍ നൃത്തമഭ്യസിക്കുന്ന ഫെലിഷ്യ രാജു, ട്രേസി ജോണ്‍, അലീഷ്യ ജോണ്‍, ദീപാ റെമി, ലെസ്‌ലി ജോസഫ്‌, അബിഗെയില്‍ ചാക്കോ, ജിയ ഷെത്ത്‌, സ്റ്റെയ്‌സി ബെന്നി, ടാനിയ തോമസ്‌, ഹാനാ ജോണി, എമിലി ജേക്കബ്‌, എലീന ജേക്കബ്‌, ആഷ്‌ലി ജോസഫ്‌, ഈവ ജെയിന്‍ എന്നീ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത പരിപാടി ആസ്വാദ്യകരമായിരുന്നു.

റോയിച്ചന്‍ മാത്യുവിന്‍െറ മാവേലി ‘രാജകീയ’മായിരുന്നു.താളമിത്ര ന്യൂയോര്‍ക്കിന്‍െറ ചെണ്ടമേളം ആസ്വാദ്യകരവും ഗൃഹാതുരത്വം ഉളവാക്കുന്നതുമായിരുന്നു. ചിന്നമ്മ പാലാട്ടിയുടെ നേതൃത്വത്തില്‍ കേരള കള്‍ച്ചറല്‍ ഫോറം വനിതാ ഫോറം സംഘടിപ്പിച്ച താലപ്പൊലിയും പൂക്കളവും കേരളത്തനിമയുളവാക്കി.

ആഘോഷങ്ങളില്‍ വിശിഷ്‌ഠാതിഥികളുടെ ഒരു വന്‍ നിര അണിനിരന്നത്‌ ശ്രദ്ധേയമായി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി. ജെ. കുര്യന്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രി തോമസ്‌ ജേക്കബ്‌, ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. മനോജ്‌ കുമാര്‍ മൊഹാപത്ര, ബര്‍ഗന്‍ കൌണ്ടി ഫ്രീഹോള്‍ഡര്‍മാരായ ട്രേസി സില്‍ന സൂര്‍, തോമസ്‌ ജെ. സള്ളിവന്‍, ന്യൂജേഴ്സി സ്റ്റേറ്റ്‌ അസംബ്ലിമാന്‍ ടിം യൂസ്റ്റെസ്‌, റോക്കലാന്‍ഡ്‌ കൌണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍, കേരള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്‌ ജോയി തോമസ്‌, കേരള പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ അംഗം, സിമി റോസ്‌ബെല്‍ സുപ്രസിദ്ധ സിനിമാ താരം അംബിക സുകുമാരന്‍, ഫൊക്കാന പ്രസിഡന്‍റ്‌ ജോണ്‍ പി. ജോണ്‍, ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന മുന്‍ പ്രസിഡന്‍റുമാരായ മറിയാമ്മ പിള്ള, ജി. കെ. പിള്ള,എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്‍റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രൈസ്റ്റേറ്റ്‌ മേഖലയിലെ സംഘടനാ നേതാക്കളായ ജോസഫ്‌ കുര്യാപ്പുറം, ഷാജി വര്‍ഗീസ്‌, മാധവന്‍ നായര്‍, ആന്‍ഡ്രു പാപ്പച്ചന്‍, ടോം മാത്യൂസ്‌, അലക്‌സ്‌ കോശി വിളനിലം, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജേക്കബ്‌ റോയി, ടാജ്‌ മാത്യു (മലയാളം പത്രം) ജോസ്‌ കാടാപ്പുറം(കൈരളി ടി. വി.)എന്നിവര്‍ സന്നിഹിതരായിരുന്നു. ടീനെക്കിലെ അന്നപൂര്‍ണ്ണയും ആര്യഭവനും തയ്യാറാക്കിയ ഓണസദ്യ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞ ജനസമൂഹവും കൂടിയായപ്പോള്‍ കേരള കള്‍ച്ചറല്‍ ഫോറത്തിന്‍െറ വാര്‍ഷികവും ഓണാഘോഷവും ജനപ്രീതി നിലനിര്‍ത്തുന്ന ഒരു പരിപാടിയാണെന്നുള്ളത്‌ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

audience 1 audience2 Bergencounty Freeholder Tracy Zur Deputy Consul General speaking drama1 drama2 drama3 Honoring Mayor of Bergenfield IMG_1600 Inauguration pjk1 proc2 proc3 Prof pjk addressing and photo of stage prof pjk chenda melam Prof Sunny Mathews with Award Reception of vips Souvenir release tsdance Rani and Suji dance Rani and Suji_1 dance5 Shri Thomas Jacob

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment