നഴ്സിങ് റിക്രൂട്ട്മെന്‍റ്: എമിഗ്രേഷന്‍ ചട്ടത്തില്‍ ഇളവില്ലന്ന് കേന്ദ്ര സര്‍ക്കാര്‍

19nurse1ന്യൂഡല്‍ഹി: വിസാ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാകില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു. വിദേശത്ത് ജോലിയും വിസയും ശരിയായി യാത്രക്ക് ഒരുങ്ങിനില്‍ക്കുന്ന 10,000ത്തോളം വരുന്ന നഴ്സുമാരുടെ പ്രതീക്ഷ തകര്‍ക്കുന്നതാണ് കേന്ദ്രത്തിന്‍െറ നിലപാട്.

ഗള്‍ഫ് ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ജോലിതേടുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്സ്, ഒഡേപെക്, തമിഴ്നാട് ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നിവ വഴി മാത്രമാക്കിയും എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയും കഴിഞ്ഞ മാര്‍ച്ച് 12ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മേയ് 30 മുതല്‍ നിലവില്‍വന്ന ഈ തീരുമാനം അനുസരിച്ച് പ്രസ്തുത ഏജന്‍സി വഴി പോകുന്നവര്‍ക്ക് മാത്രമാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത്.

മാര്‍ച്ച് 12ലെ ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് സ്വകാര്യ ഏജന്‍സികള്‍ വഴി വിസ തരപ്പെടുത്തിയവരാണ് ഇപ്പോള്‍ കുരുക്കിലായത്. മാര്‍ച്ച് 12നുമുമ്പ് ഇന്‍റര്‍വ്യൂ കൊടുത്ത ഇവരില്‍ പലര്‍ക്കും മേയ് 30നുശേഷമാണ് വിസ ലഭിച്ചത്. തങ്ങളുടെ കാര്യം പ്രത്യേകമായി പരിഗണിച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കണമെന്നാണ് നഴ്സുമാരുടെ സംഘടന ഹൈകോടതിയില്‍ ഉന്നയിച്ച ആവശ്യം. സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും ബാധകമാണെന്നും വിസാ കാലാവധി കഴിയുന്നത് തങ്ങളുടെ വിഷയമല്ലന്നും സത്യവാങ്മൂലത്തില്‍ മന്ത്രാലയം പറയുന്നു.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ലിബിയ, ജോര്‍ഡന്‍, യമന്‍, സിറിയ, ലബനാന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍, ഇന്തോനേഷ്യ, സുഡാന്‍, മലേഷ്യ, ബ്രൂണെ, തായ്ലന്‍ഡ് എന്നിവയാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ 18 രാജ്യങ്ങള്‍.

Print Friendly, PDF & Email

Related News

Leave a Comment