Flash News

മൂന്നാര്‍ സമരത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനാ നേതാവ്

September 17, 2015 , സ്വന്തം ലേഖകന്‍

balasingamകൊച്ചി: സംസ്ഥാന ഭരണകൂടത്തെപ്പോലും പിടിച്ചുലച്ച മൂന്നാര്‍ തേയില വിപ്ലവത്തിനു വഴിമരുന്നായത് സാമുദായിക വികാരം. ഇതിന്‍റെ മുഖ്യ ആസൂത്രകന്‍ തമിഴ് വിപ്ലവ നോവലിസ്റ്റും തീപ്പൊരി നേതാവുമായ അന്‍വര്‍ ബാലശിങ്കം. ഇയാളുടെ ആരാധനാപാത്രങ്ങള്‍ ശ്രീലങ്കന്‍ സേന വധിച്ച തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനും, പ്രത്യേക ദൗത്യസേന വധിച്ച കാട്ടുകള്ളന്‍ വീരപ്പനും തീവ്രമായ തമിഴ് ദേശീയതയാണ് ഇയാളെ നയിക്കുന്ന വികാരമെന്നു വ്യക്തമാക്കുന്നു ഇടുക്കിയും പാലക്കാടും വയനാടും അടക്കം കേരളത്തിലെ വിവിധ മേഖലകളിലുള്ള തമിഴ് സമൂഹത്തെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ഫെയ്സ്ബുക്ക് പരാമര്‍ശങ്ങള്‍. കേരള തമിഴര്‍ ഫെഡറേഷന്‍റെ മറവില്‍ പ്രവര്‍ത്തിക്കുന്ന, തമിഴ് തീവ്ര ദേശീയതയെ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ നേതൃത്തിലായിരുന്നു മൂന്നാര്‍ സമരത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ എന്നു പൊലീസ് ഇന്‍റലിജന്‍സിനും വിവരം കിട്ടിയിട്ടുണ്ട്.

തോട്ടം മേഖലയിലെ പ്രബല തമിഴ് വിഭാഗങ്ങളായ പള്ളരെയും പറയെരെയും ജാതി വികാരം കുത്തിനിറച്ച് വശത്താക്കുകയായിരുന്നു ബാലശിങ്കത്തിന്‍റെ പ്രധാന ലക്ഷ്യം. നാല് വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനത്തിലൂടെയാണ് മൂന്നാര്‍ മേഖലയിലെ തമിഴ് ജനതയുടെ വിശ്വാസം നേടിയെടുത്തത്. ടാറ്റാ ടീയിലെ ബോണസ് വിഷയം മുന്‍നിര്‍ത്തി സമരത്തിന് വഴിമരുന്നിട്ട ശേഷം കേരളം വിട്ടു. തുടര്‍ന്ന് ഫോണില്‍ മാര്‍ഗനിര്‍ദേശങ്ങള്‍. സമരം എത്തരത്തിലായിരിക്കണമെന്നും എന്തു ചെയ്യണമെന്നും ഫെയ്സ്ബുക്കിലൂടെയും വാട്ട്സ്ആപ്പിലൂടെയും നിര്‍ദേശങ്ങള്‍. ഉപയോഗിച്ചിരുന്നത് തമിഴ് ഭാഷ മാത്രം. സമരം നടക്കുന്ന ദിവസങ്ങളില്‍ തൊഴിലാളികളുടെ വീടുകളില്‍ ഭക്ഷണമെത്തിക്കാനും സംവിധാനമൊരുക്കി.

മൂന്നാറില്‍ പള്ള, പറയ വിഭാഗത്തില്‍പെട്ട എ.കെ. മണി, എസ്. രാജേന്ദ്രന്‍ എന്നിവരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ബാലശിങ്കം മുന്‍കൈയെടുത്തിരുന്നു. എന്നാല്‍, ജയിച്ച ശേഷം ഇവര്‍ മുതലാളിമാരുടെ അടിയാളന്‍മാരായി മാറിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍, ഇവര്‍ക്കെതിരായ താക്കീത് എന്ന നിലയിലാണ് മൂന്നാര്‍ സമരം ആസൂത്രണം ചെയ്യപ്പെട്ടത്. സ്വന്തം ജാതിയില്‍പ്പെട്ടവര്‍ മുതലാളിമാരുടെ പിണിയാളന്‍മാരായെന്ന പ്രചാരണം തൊഴിലാളികളില്‍ വികാരം കത്തിക്കയറാന്‍ പര്യാപ്തമായി. പള്ളരും പറയരും ഒരുമിച്ചു നില്‍ക്കണമെന്ന തരത്തിലായിരുന്നു പ്രചരണം.

റോഷി അഗസ്റ്റിന്‍, ജോയ്സ് ജോര്‍ജ്, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍, എ.കെ. മണി തുടങ്ങിയ നേതാക്കളെ കടന്നാക്രമിക്കുന്ന തരത്തിലാണ് ബാലശിങ്കത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍. ഐന്‍ടിയുസിയില്‍നിന്നു രാജിവച്ച എ.കെ. മണിയെ അഭിനന്ദിക്കാനും മടികാണിച്ചിട്ടില്ല. സമരം വിജയിച്ചതില്‍ സന്തോഷവും രേഖപ്പെടുത്തിയ ബാലശിങ്കം, പരാജയപ്പെട്ടാല്‍ എന്തു ചെയ്യണമെന്ന നിര്‍ദേശവും നേരത്തെ നല്‍കിയിരുന്നത്രെ.

തമിഴ് തീവ്ര ദേശീയതയില്‍ വിശ്വസിക്കുന്ന സംഘടനകള്‍ മൂന്നാര്‍ കേന്ദ്രീകരിച്ച് വേരുറപ്പിക്കാന്‍ തോട്ടം തൊഴിലാളികളുടെ സമരം കാരണമായെന്നാണ് ഇന്‍റലിജന്‍സ് വിലയിരുത്തല്‍. ബാലശിങ്കം ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തില്‍നിന്നു ബാലശിങ്കം ഇന്നലെ ഒരു വാര്‍ത്താ ലേഖകനോട് ഫോണില്‍ സംസാരിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തമിഴിലുള്ള സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ:

തമിഴരുടെ അവകാശത്തിനായി പോരാടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ തീവ്രവാദിയാണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍, കേരളത്തിലോ തമിഴ്നാട്ടിലോ ഒരു പെറ്റി കേസ് പോലും എനിക്കെതിരേ ചാര്‍ജ്ജ് ചെയ്തിട്ടില്ല. പിന്നെങ്ങനെയാണ് ഞാന്‍ തീവ്രവാദിയാണെന്നു പറയുന്നത്?

ഇളന്തനിലം എന്ന പേരില്‍ മൂന്നാര്‍ ജനതയുടെ ജീവിതം പറയുന്ന ഡോക്യുമെന്‍ററി പുറത്തിറക്കിയിരുന്നു. ഇതില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയും സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഡോക്യുമെന്‍ററി ഷൂട്ട് ചെയ്തത്. എന്നാല്‍, പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ തമിഴ് തീവ്രവാദിയാണെന്ന തരത്തിലാണ് രാജേന്ദ്രന്‍ പ്രതികരിച്ചത്. തമിഴ് പള്ളരും പറയരും തിങ്ങി പാര്‍ക്കുന്ന മേഖലയാണ് മൂന്നാര്‍. ഇവരെ കബളിപ്പിച്ച് പണമുണ്ടാക്കാനാണ് തോട്ടമുടമകളുടെ ശ്രമം.

പള്ള പറയ സമുദായത്തില്‍പെട്ട രാജേന്ദ്രനും എ.കെ. മണിയും ഇതിനു കൂട്ടുനിന്നു. ഇനി അവരെ നേതാക്കളായി അംഗീകരിക്കാന്‍ മൂന്നാറിലെ ജനങ്ങള്‍ക്കാവില്ല. എന്നാല്‍, മണി ഇപ്പോള്‍ ജനങ്ങള്‍-ക്കൊപ്പം തിരിച്ചെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ അംഗീകരിക്കും.”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top