Flash News

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഓണാഘോഷം അവിസ്മരണീയമായി

September 20, 2015 , ജോസ് പിന്റോ സ്റ്റീഫന്‍

IMG_4298ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയം കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ (കെ.എസ്.എസ്.ഐ.) ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വേദിയായി. ശിങ്കാരി മേളവും മാവേലിമന്നന് വരവേല്പും പുലിക്കളിയും തിരുവാതിരയും ഗാനങ്ങളും നൃത്തങ്ങളും സ്വാദേറിയ നാടന്‍ വിഭവങ്ങളുമൊക്കെയായി തികച്ചും വര്‍ണ്ണാഭമായ ഒരു ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്ക് ഭാഗ്യമുണ്ടായി.

IMG_4334മുഖ്യാതിഥിയായി പങ്കെടുത്ത ആര്‍ദ്ര മാനസിയുടെ ഹ്രസ്വവും ഹൃദയസ്പര്‍ശിയുമായ ഓണസന്ദേശം സദസ്സ് ഒന്നടങ്കം ആസ്വദിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. യുവതലമുറയിലെ പ്രതിഭാശാലികളിലൊരാളായ ആര്‍ദ്ര മാനസിക്ക് അവസരവും ആദരവും നല്‍കാന്‍ സന്മനസ്സ് കാണിച്ച കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ നേതാക്കന്മാരും അംഗങ്ങളും പ്രത്യേക അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാണ്.

കെ.എസ്.എസ്.ഐ.യുടെ പി.ആര്‍.ഒ. പൊന്നച്ചന്‍ ചാക്കോ എം.സി.യായിരുന്നു. അദ്ദേഹം അതിഥികളെ പരിചയപ്പെടുത്തുകയും പ്രാസംഗികരെ സ്റ്റേജിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഷീലു മാത്യു (ഫസ്റ്റ് ലേഡി ഓഫ് കെ.എസ്.എസ്.ഐ.), ആര്‍ദ്ര മാനസി (മുഖ്യാതിഥി), സാമുവേല്‍ കോശി (മലയാളി അസ്സോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്റ്), ഷാജി എഡ്വേര്‍ഡ് (ഫോമാ ജനറല്‍ സെക്രട്ടറി), പോള്‍ കറുകപ്പിള്ളില്‍ (ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), വര്‍ഗീസ് മാത്യു (പ്രസിഡന്റ്, കെ.എസ്.എസ്.ഐ.) എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി.

സജി ജേക്കബ് (സെക്രട്ടറി) പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ദിയാ തോമസ് അമേരിക്കന്‍ ദേശീയ ഗാനമാലപിച്ചു. തുടര്‍ന്ന് സജി ജേക്കബ് ഏവരേയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്തു.

IMG_4324പ്രസിഡന്റ് വര്‍ഗീസ് മാത്യു (മോഹന്‍) അദ്ധ്യക്ഷ പ്രസംഗം നടത്തി. മലയാളികളെ എല്ലാവരേയും ജാതിയുടേയും മതങ്ങളുടേയും പ്രാദേശികതയുടേയും വേലിക്കെട്ടില്‍ നിന്നും പുറത്തിറക്കി ഒരൊറ്റ സമൂഹമെന്ന നിലയില്‍ അണിനിരത്തുന്നതില്‍ ഓണം വലിയൊരു പങ്കുവഹിക്കുന്നുണ്ടെന്നും, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് ഇങ്ങനെയുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധ വെയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നന്മയും സ്നേഹവും ഇന്നും നമ്മുടെ ലോകത്ത് നില്‍ക്കുന്നുണ്ടെന്നും അത് വീണ്ടും തുടരാന്‍ നാമെല്ലാവരും ശ്രമിക്കണമെന്നും ആര്‍ദ്ര മാനസി മുഖ്യപ്രഭാഷണനിടയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്ന ഒരു സംഭവകഥയിലൂടെ ഓണത്തിന്റെ പ്രസക്തിയും മതസൗഹാര്‍ദ്ദത്തിന്റെ ആവശ്യകതയെക്കുറിച്ചും ആര്‍ദ്ര വിവരിച്ചു.

വീട്ടുകാരും ബന്ധുക്കളും തെരുവിലേക്ക് വലിച്ചെറിഞ്ഞ ചെല്ലമ്മ അന്തര്‍ജ്ജനമെന്ന തൊണ്ണൂറ്റിരണ്ടു വയസ്സുകാരി ഹതഭാഗ്യയായ നമ്പൂതിരി ബ്രാഹ്മണ സ്ത്രീയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു സം‌രക്ഷിച്ച റസിയാ ബീവി എന്ന സ്നേഹവതിയായ മുസ്ലീം സ്‌ത്രീയുടെ കഥ. അവര്‍ക്കിടയില്‍ വളര്‍ന്നു പന്തലിച്ച വിശ്വമാനവികതയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ നമ്മുടെ സമൂഹം തയ്യാറായില്ല. ഹിന്ദുക്കളില്‍നിന്നും മുസ്ലീമുകളില്‍നിന്നും അവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നു. എന്നിട്ടും അവരിരുവരും തളര്‍ന്നില്ല, തകര്‍ന്നുപോയതുമില്ല.

ആ സംഭവകഥയെ മനോഹരമായ ഒരു ഡോക്യുമെന്ററിയാക്കി മാറ്റി ആര്‍ദ്രയുടെ അച്ഛന്‍. കെമിസ്‌ട്രി പ്രൊഫസറും (റിട്ട.) സിനിമാ പ്രവര്‍ത്തകനുമായ മധു ഇറവങ്കരയുടെ മകളാണ് ആര്‍ദ്ര. ആ ഡോക്യുമെന്ററിയില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട് ആര്‍ദ്ര.

സാമുവേല്‍ കോശി, ഷാജി എഡ്വേര്‍ഡ്, പോള്‍ കറുകപ്പിള്ളില്‍, ജിബി തോമസ് (ഫോമ റീജനല്‍ വൈസ് പ്രസിഡന്റ്), ജോസ് എബ്രഹാം (ഫോമാ) എന്നിവര്‍ പ്രസംഗിച്ചു.

ഫോമ തിരുവനന്തപുരത്ത് നടത്തുന്ന ക്യാന്‍സര്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കെ.എസ്.എസ്.ഐ.യുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംഘടനയുടെ പേരിലുള്ള ചെക്ക് പ്രസിഡന്റ് വര്‍ഗീസ് മാത്യു ഷാജി എഡ്വേര്‍ഡിന് കൈമാറി. അതോടൊപ്പം നടത്തിയ ലക്കി ഡിപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടത്തി. ഇതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും ഒരു ക്യാന്‍സര്‍ രോഗിക്ക് ചിക്ത്സാ സഹായം നല്‍കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

30-ല്‍‌പരം കുടുംബങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍ പാചകം ചെയ്ത് തയ്യാറാക്കിയ ഓണസദ്യയ്ക്കു ശേഷം ഡാന്‍സ്, പാട്ട്, സ്കിറ്റ്, ഓട്ടംതുള്ളല്‍, വള്ളം കളി എന്നിവ ഉണ്ടായിരുന്നു. ഈ കലാപരിപാടികള്‍ മോഡറേറ്റ് ചെയ്തത് ജൂലി ബിനോയിയും, മാണി ചാക്കോയുമായിരുന്നു.

ആഘോഷങ്ങളുടെ വിജയത്തിനായി ബിനോയ് തോമസ്, ഒ.വി. മത്തായി, ജോയിക്കുട്ടി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷത്തെ മാവേലിയായി അരങ്ങത്തെത്തിയ വര്‍ഗീസ് ചെറിയാന്‍ (കൊച്ചുമോന്‍) ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

ഫോമാ, ഫൊക്കാന നേതാക്കന്മാരും, ന്യൂയോര്‍ക്കിലേയും ന്യൂജെഴ്‌സിയിലേയും മലയാളി സംഘടനകളുടെ നേതാക്കന്മാരും ഈ ഓണാഘോഷത്തില്‍ പങ്കെടുത്തു. അവര്‍ക്കേവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു. ആഘോഷത്തിലുടനീളം പങ്കെടുത്ത കീര്‍ത്തിക് ശശിധരന് പ്രത്യേക നന്ദി അറിയിക്കുന്നതായി വര്‍ഗീസ് മാത്യു പറഞ്ഞു.

IMG_4274 IMG_4423 IMG_4454 IMG_4493 IMG_4496


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top