ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ നേതാക്കള്‍ നടത്തുന്നത് ഗുരുനിന്ദ: പിണറായി വിജയന്‍

pinarayiതിരുവനന്തപുരം: ജാതിക്കതീതമായി മാനവികതയുടെ സന്ദേശമാണ് ശ്രീനാരായണഗുരു ഉയര്‍ത്തിപ്പിടിച്ചതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന സന്ദേശം എല്ലാ മലയാളിയുടെയും നാവിന്‍തുമ്പിലുണ്ട്. പ്രത്യേക ജാതിയെയോ മതത്തെയോ അല്ല ഗുരു ഉദ്ദേശിച്ചത്. ഇന്ന് ഗുരുസന്ദേശം പാലിക്കുന്നെന്ന് അവകാശപ്പെടുന്ന ചിലര്‍ ഒരു പ്രത്യേക ജാതി മാത്രമാണ് പറയുന്നത്. ഇത് ഏറ്റവും വലിയ ഗുരുനിന്ദയാണ്.

ഏത് മതത്തില്‍ പിറന്നാലും ആത്മസാഹോദര്യം വേണമെന്ന സന്ദേശമാണ് ഗുരു മുന്നോട്ടുവെച്ചത്. ഗുരുവിന്റെ സന്ദേശത്തിന് വിരുദ്ധമായ പ്രഖ്യാപനങ്ങള്‍ ഇക്കൂട്ടര്‍ നടത്തുകയാണ്. ഇ.കെ. നായനാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ആംബുലന്‍സ് സര്‍വിസ് ഉദ്ഘാടനത്തിന്‍െറ ഭാഗമായി ശീനാരായണ ദര്‍ശനവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പിണറായി.

ശ്രീനാരായണഗുരു രൂപവത്കരിച്ച സംഘടനക്ക് ഒരു സമുദായത്തിന്‍െറയും പേരിട്ടില്ല. എന്നാല്‍ ആ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ ജാതി ചോദിച്ചാലെന്താണെന്നാണ് പറഞ്ഞുനടക്കുന്നത്. ശിവഗിരിയില്‍ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാനാണ് പാഠശാല സ്ഥാപിച്ചത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശം അദ്ദേഹം നല്‍കി. അദ്ദേഹം അവസാനം പങ്കെടുത്ത എസ്.എന്‍.ഡി.പി യോഗത്തിന്‍െറ കോട്ടയം സമ്മേളനത്തില്‍, പ്രത്യേക മതക്കാരെ ചേര്‍ത്തുള്ള സംഘടന രൂപപ്പെടുത്തലല്ല ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. ശ്രീനാരായണ ധര്‍മ പരിപാലത്തിന് ഇന്ന് നേതൃത്വം നല്‍കുന്നവര്‍ക്ക് ഇതൊന്നും ബാധകമാകുന്നില്ല.

ഏറ്റവും പുരോഗമനപരവും വിപ്ലവകരവുമായ സന്ദേശം സംഘടിച്ച് ശക്തരാകുക എന്നതായിരുന്നു. മറ്റ് വിഭാഗങ്ങള്‍ക്കെതിരെ സംഘടിക്കാനല്ല, മറിച്ച് അവകാശങ്ങള്‍ക്കായി സംഘടിക്കാനാണ് ഗുരു പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment