Flash News

മൂന്നാര്‍ സമരം തുറന്ന പുതിയ വഴി (ലേഖനം) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

September 24, 2015 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

banner

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം പുതിയ ചരിത്രം കുറിച്ചെന്നു പറയുന്നത് ആലങ്കാരികമല്ല. ഒമ്പത് ദിവസത്തെ സമരം പുതിയൊരു ചരിത്രത്തിന് നാന്ദി കുറിച്ചു. അതിന്റെ സന്ദേശം ദേശീയ പ്രാധാന്യമുള്ളതാണ്.

സമരം സംഘടിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിനു മാത്രമല്ല ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ മൂക്കുകയറിട്ടു നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാകെയുള്ള മുന്നറിയിപ്പാണ്. ടാറ്റയെപ്പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ ഉള്ളംകൈയില്‍വെച്ച് നടത്തിവരുന്ന കൊടും ചൂഷണത്തിനും മനുഷ്യാവകാശ ലംഘനത്തിനും.

പല മുഖംമൂടികളും രഹസ്യ ബാന്ധവങ്ങളും പൊളിഞ്ഞുതകര്‍ന്നുവീണു. മാനേജ്‌മെന്റും ട്രേഡ് യൂണിയന്‍-രാഷ്ട്രീയ നേതാക്കളും തമ്മില്‍ വ്യവസ്ഥാപിതമാക്കിയ അവിഹിത ബന്ധങ്ങള്‍ പരസ്യമായി. അതുകൊണ്ട് വാലിനു തീപിടിച്ചപോലെ എല്ലാവരും നെട്ടോട്ടമോടി. മുഖ്യമന്ത്രിവരെ ആവശ്യം അംഗീകരിച്ച് സമരം ഉടനെ അവസാനിപ്പിക്കാന്‍ ചര്‍ച്ച നടന്ന കൊച്ചിയില്‍ ഓടിക്കിതച്ചെത്തി. സമരം വിജയിച്ച രാഷ്ട്രീയ ഭൂകമ്പത്തില്‍ തുടര്‍ന്നും പലതും തകര്‍ന്നുവീഴാന്‍ പോകുന്നു.

തൊഴിലാളികള്‍ പുറത്തിറക്കിയ കരിമ്പട്ടികയില്‍പെട്ട ട്രേഡ് യൂണിയന്‍-രാഷ്ട്രീയ നേതാക്കള്‍ രാജിവെച്ചുതുടങ്ങി. യൂണിയനുകള്‍തന്നെ പിരിച്ചുവിടേണ്ടിവരുമെന്ന സ്ഥിതി. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ വിശ്വാസ്യത തകര്‍ന്നെന്ന സന്ദേശം വ്യാപകമാകാതിരിക്കാനുളള അടിയന്തര തീയണയ്ക്കല്‍ പദ്ധതികള്‍ക്ക് ഓരോ പാര്‍ട്ടികളും നിര്‍ബന്ധിതമാകുന്നു. ടാറ്റാ തേയില കാടുകളില്‍നിന്ന് മറ്റ് തോട്ടങ്ങളിലേക്കു മാത്രമല്ല മറ്റ് തൊഴില്‍ മേഖലകളിലേക്കും സമരത്തീ പടരുന്നു. അതു തടയാന്‍ പണമുതലാളിത്ത ശക്തികളും അവരുടെ രാഷ്ട്രീയ കൂട്ടുകെട്ടുകളും സ്വയം പ്രതിരോധത്തിനു പലവഴി തേടുന്നു. തോട്ടം മേഖലയില്‍ അഞ്ഞൂറുരൂപ മിനിമംകൂലി എന്ന പുതിയ ആവശ്യവും സ്ത്രീ തൊഴിലാളികളുടെ പുതിയ കൂട്ടായ്മയും തകര്‍ക്കാന്‍ കുത്സിതനീക്കങ്ങള്‍ നടക്കുന്നു.

മൂന്നാറിലേക്ക് മുഖ്യപാതയില്‍നിന്നുള്ള ഗതാഗതം തടഞ്ഞുകൊണ്ടുള്ള ഒമ്പത് ദിവസത്തെ സ്ത്രീതൊഴിലാളികളുടെ സംഘടിത സമരത്തിന്റെ ഉഗ്രമുഖമേ ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടുള്ളൂ. ഇടത്-വലത് വ്യത്യാസമില്ലാതെ വിവിധ ട്രേഡ് യൂണിയന്‍ ഓഫീസുകളേയും അതിന്റെ നേതാക്കളേയും തള്ളിപ്പറഞ്ഞ സ്ത്രീ തൊഴിലാളികളുടെ മുദ്രാവാക്യങ്ങളും. പിന്തുണ നാടകവുമായി എത്തിയവരെ അകറ്റിനിര്‍ത്തിയ അവരുടെ രോഷവും.

എന്നാല്‍ കണ്ണന്‍ദേവന്‍ തോട്ടത്തിന്റെ യഥാര്‍ത്ഥ ഉടമയായ ടാറ്റാ മാനേജ്‌മെന്റ് ട്രേഡ് യൂണിയന്‍ നേതൃത്വത്തെയും രാഷ്ട്രീയ നേതൃത്വത്തെയും ഉപയോഗപ്പെടുത്തി നടത്തിവന്ന മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ ചിത്രം പുറംലോകം ഇപ്പോഴേ അറിയാന്‍ തുടങ്ങുന്നുള്ളൂ. തേയിലത്തോട്ട തൊഴിലാളികളുടെ പ്രാകൃതവും ദയനീയവുമായ ജീവിതാവസ്ഥ. ഒമ്പത് ദിവസം സമരമുഖത്തുയര്‍ന്നുകേട്ട മുദ്രാവാക്യം അത് വെളിപ്പെടുത്തുന്നുണ്ട്:

‘കുട്ടത്തൊപ്പി നാങ്കള്‍ക്ക്
കോട്ടും സൂട്ടും ഉങ്കള്‍ക്ക്
കാടിക്കഞ്ഞി നാങ്കള്‍ക്ക്
ചിക്കന്‍ ദോശ ഉങ്കള്‍ക്ക്
പൊട്ടാലയങ്ങള്‍ നാങ്കള്‍ക്ക്
എ.സി. ബംഗ്ലാ ഉങ്കള്‍ക്ക്
കൊളുന്തു നുള്ളത് നാങ്കെ
കാശടിക്കല്‍ നീങ്കെ…’

ഒരു കാലത്ത് തൊഴിലാളികള്‍ നിങ്ങള്‍ എന്ന് വിളിച്ചിരുന്നത് മുതലാളിവര്‍ഗത്തെയായിരുന്നു. തൊഴിലാളികളുടേയും അവരുടെ നേതാക്കളുടേയും ജീവിതാവസ്ഥ അന്ന് ഒന്നായിരുന്നു. കാലം മാറിയപ്പോള്‍ കൊളുന്തു നുള്ളാന്‍ തൊഴിലാളികള്‍. കാശടിക്കാന്‍ കൊടിയടയാള വ്യത്യാസമില്ലാതെ ട്രേഡ് യൂണിയന്‍-രാഷ്ട്രീയ നേതാക്കളും ദൃഢ ചങ്ങാതികളായ എസ്റ്റേറ്റ് മുതലാളികളും. കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ തൊട്ട കസേരയില്‍ വൈസ് പ്രസിഡന്റായിരിക്കുന്നത് എ.കെ.മണി. മൂന്നാറിലെ ആ ട്രേഡ് യൂണിയന്‍ നേതാവിന് ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ പ്ലാന്റേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നു. മൂന്നാറിലെ ഓഫീസ് വിട്ടുപോകേണ്ടതായും. സി.പി.ഐ.എം എം.എല്‍.എയായ എസ് രാജേന്ദ്രനെ സമരമുഖത്തേക്ക് അടുപ്പിക്കാതെ തൊഴിലാളികള്‍ ഓടിച്ചു. ഇരുപതുവാര അകലെ ഒറ്റക്ക് നിരാഹാരസമരം കിടക്കേണ്ടിവന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുപോലും ജനാധിപത്യ മഹിളാ അസോസിയേഷന്റെ മൂന്ന് നേതാക്കളെ മുന്‍കൂട്ടി നിയോഗിച്ച് സമരമുഖത്ത് ചെല്ലേണ്ടിവന്നു. അവിടെ സമരക്കാര്‍ തങ്ങളിലൊരാളായി സ്വീകരിച്ചത് പീരുമേട്ടിലെ സി.പി.ഐ എം.എല്‍.എ ബിജിമോളെയാണ്.

സമരത്തിന്റെ അവസാനദിവസം സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു മാത്രമാണ് തൊഴിലാളികള്‍ ഇരിപ്പിടം നല്‍കി ഇരുത്താന്‍ തയാറായത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കൊപ്പം രംഗത്തെത്തിയ മന്ത്രി പി.കെ. ജയലക്ഷ്മിക്കുപോലും വന്നകാലില്‍ നില്‍ക്കേണ്ടിവന്നു.
സമരചര്‍ച്ച വിജയിച്ച വിവരം ആ വാര്‍ത്ത അറിയിച്ച മന്ത്രി ജയലക്ഷ്മിയുടെ വാക്കുകള്‍ തൊഴിലാളികള്‍ വിശ്വാസത്തിലെടുത്തില്ല. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വി.എസ് വിശദീകരിച്ചപ്പോഴാണ് അവര്‍ വിജയാരവം മുഴക്കിയത്.

രാഷ്ട്രീയനേതാക്കളെടുക്കുന്ന നിലപാടുകളുടെ വെളുപ്പും കറുപ്പും കൃത്യമായി തൊഴിലാളികള്‍ തിരിച്ചറിയുന്നു. എല്‍.ഡി.എഫ് അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി വി.എസ് മൂന്നാറില്‍ ടാറ്റയടക്കമുള്ളവരുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കാനും നടപടിയെടുത്തു. അത് പാളിച്ചതും പൊളിച്ചതും മൂന്നാറിലെ ടാറ്റയടക്കമുള്ള എസ്റ്റേറ്റ് ഉടമകളും ഭൂമാഫിയകളും മാത്രമായിരുന്നില്ല. സി.പി.എമ്മിലെ വി.എസിന്റെ സഹപ്രവര്‍ത്തകര്‍കൂടി ചേര്‍ന്നായിരുന്നു.

അന്ന് മുഖ്യമന്ത്രി വി.എസ് മൂന്നാര്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഒഴിപ്പിക്കാന്‍ വരുന്നവര്‍ ആരായാലും കാലുവെട്ടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം. മണി ഉറഞ്ഞുതുള്ളി പ്രഖ്യാപിച്ചു. ആ നിലപാടിന്റെ അംഗീകാരമായാണ് എം.എം.മണി പാര്‍ട്ടി സെക്രട്ടേറിയറ്റിലേക്ക് ഉയര്‍ത്തപ്പെട്ടത്. സ്ത്രീ തൊഴിലാളികളുടെ സമരം മൂന്നാറിനെയാകെ സ്തംഭിപ്പിച്ചിട്ടും അവിടെ കാലുകുത്താന്‍ മണി ധൈര്യപ്പെട്ടില്ല. സമരം വിജയിച്ചതിന്റെ പിറ്റേന്ന് രാജേന്ദ്രന്‍ എം.എല്‍.എയുടെ നിരാഹാരം അവസാനിപ്പിക്കാനാണ് മണി വന്നത്.

‘ഒരു ചക്കവീണ് മുയല്‍ ചത്തെന്നു വിചാരിച്ച് ആരും അഹങ്കരിക്കേണ്ട’ എന്ന് സമരത്തിന്റെ ചരിത്രവിജയത്തെ സി.പി.എം സെക്രട്ടേറിയറ്റ് നേതാവ് പരിഹസിച്ചു. മൂന്നാറിലേക്ക് കുടിയേറി തോട്ടം തൊഴിലാളിയായി ട്രേഡ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായി വളര്‍ന്ന മണിയുടെ തൊഴിലാളി സമരത്തോടുള്ള കൃത്യമായ സമീപനം!

അംഗീകൃത ട്രേഡ് യൂണിയനുകള്‍ക്കു പകരം മുന്‍ പരിചയമില്ലാത്ത അഞ്ച് സ്ത്രീ തൊഴിലാളികളാണ് സമരവും ചര്‍ച്ചയും നയിച്ചത്. ട്രേഡ് യൂണിയന്‍ നേതാക്കളേയും തൊഴില്‍ മന്ത്രിയടക്കമുള്ളവരേയും അവര്‍ നോക്കുകുത്തികളാക്കി.

പത്തൊമ്പത് ശതമാനം ബോണസ് പത്തുശതമാനമായി വെട്ടിച്ചുരുക്കിയിരുന്നു. പകരം ഇരുപത് ശതമാനം ബോണസ്. ദിവസക്കൂലി അഞ്ഞൂറ് രൂപയായി നിശ്ചയിക്കുക. ആവശ്യങ്ങളില്‍ അവര്‍ ഉറച്ചുനിന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടികൂടി പങ്കെടുത്ത് കഴിഞ്ഞവര്‍ഷത്തെ പത്തൊമ്പത് ശതമാനം ബോണസില്‍ സമരം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തൊഴിലാളി പ്രതിനിധികള്‍ മൂന്നാറിലേക്കു വിളിച്ചു. ഇരുപത് ശതമാനത്തില്‍ കുറഞ്ഞൊന്നും അംഗീകരിക്കരുതെന്ന് സമരരംഗത്തുനിന്ന് തൊഴിലാളികള്‍.

അങ്ങനെയാണ് ഇരുപത് ശതമാനം ബോണസ് തീരുമാനിച്ചത്. മറ്റു വിഷയങ്ങള്‍ സെപ്റ്റംബര്‍ 26-ന് ചര്‍ച്ചയ്ക്കു മാറ്റിയതും. തൊഴില്‍ നിയമങ്ങളില്‍ അധിഷ്ഠിതമായ വ്യവസ്ഥാപിത വഴക്കങ്ങള്‍ അടക്കം ഉപേക്ഷിക്കാന്‍ ഗവണ്മെന്റും മാനേജ്‌മെന്റും അംഗീകൃത ട്രേഡ് യൂണിയനുകളും നിര്‍ബന്ധിതമായി. സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതാണ്.

കൂട്ടായ വിലപേശല്‍ എന്നതില്‍നിന്നാണ് ട്രേഡ് യൂണിയനുകളും സമരങ്ങളും തൊഴില്‍ നിയമങ്ങളും ലോകത്താകെ ഉണ്ടായത്. മിച്ചമൂല്യവും തൊഴിലാളിയുടെ അധ്വാനവും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള സാമൂഹിക കാഴ്ചപ്പാടില്‍നിന്ന്. നിരവധി സമരങ്ങളിലൂടെയും ചോരക്കളങ്ങളിലൂടെയും നേടിയത്. തൊഴിലാളികളും അവരെ നയിക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും ഒരേ ചോര ഒരേ വര്‍ഗം എന്ന നിലയിലാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വളര്‍ന്നത്. അവരില്‍നിന്ന് ഉയര്‍ന്നുവന്നവരാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വങ്ങളില്‍ ഇപ്പോള്‍ ഉളളത്. തൊഴിലാളികളും ഈ രാഷ്ട്രീയ നേതൃത്വവും തമ്മില്‍ മുതലാളിവര്‍ഗത്തോടെന്നപോലെ വൈരുദ്ധ്യം രൂപപ്പെട്ടിരിക്കയാണ്. ഇത് വിശ്വാസത്തകര്‍ച്ചയില്‍നിന്നും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ വ്യക്തിയധിഷ്ഠിത അധികാര മോഹത്തില്‍നിന്നും സുഖലോലുപതയില്‍നിന്നും ഉടലെടുത്ത പ്രതിഭാസമാണ്. മദ്യപിച്ച് ലക്കുകെട്ട് മര്‍ദ്ദിക്കുന്ന പാപ്പാനോട് ആന എന്നപോലെ പ്രതികരിക്കുകയാണ് തൊഴിലാളികള്‍ രാഷ്ട്രീയ നേതൃത്വത്തോട് ചെയ്തത്.

ഈ പ്രതിഭാസം ഇന്ന് ലോകവ്യാപകമാണ്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി ജെറമി കോര്‍ബ് തെരഞ്ഞെടുക്കപ്പെട്ടത് ഉദാഹരണം. അടിത്തട്ടിലെ തൊഴിലാളികളുടെ വിശ്വാസമാര്‍ജ്ജിക്കുന്ന പുതിയ നേതൃത്വങ്ങളുടെ സാധ്യതയെന്ന പ്രതീകമാണദ്ദേഹം. അതുതന്നെയാണ് അഞ്ചു വനിതാ തോട്ടം തൊഴിലാളികളും മൂന്നാര്‍ സമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലം. സംസ്ഥാനത്തിന്റെ വിവിധ തൊഴില്‍ മേഖലകളില്‍ ഈ മാതൃക പടരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഈ മൂന്നാര്‍ പരീക്ഷണം സംഘടിത ട്രേഡ് യൂണിയന്‍ എന്ന പരമ്പരാഗത രീതി തകര്‍ക്കാനും ഉപേക്ഷിക്കാനുമുള്ള നീക്കമാണെന്ന പ്രചാരണവും വ്യാഖ്യാനവും ശരിയല്ല.

ആഗോളീകരണത്തിന്റേതായ, അത് ഉത്പ്പാദിപ്പിക്കുന്ന പുത്തന്‍ സഹസ്ര കോടീശ്വരന്മാരുടെ പുതിയ വ്യവസായ-തൊഴില്‍-സാമ്പത്തിക നയങ്ങളുടേതായ ഈ ലോകത്ത് തൊഴിലെടുക്കുന്ന ജനകോടികള്‍ക്ക് സംഘടിച്ചും വിലപേശിയുമല്ലാതെ വരുമാനവും ജീവിതവും നിലനിര്‍ത്താനാകില്ല. ആ കാഴ്ചപ്പാടിനോടും തൊഴിലാളികളോടും പ്രതിബദ്ധതയുള്ള സത്യസന്ധരായ രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കളാണ് ഇന്നിന്റെയാവശ്യം. ആ ജനുസ്സ് നേതാക്കളെ പരിമിതപ്പെടുത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. ഭരണ-രാഷ്ട്രീയ-ട്രേഡ് യൂണിയന്‍- കോര്‍പ്പറേറ്റ് കൂട്ടുകെട്ടിന്റെ മുഷ്ടിയില്‍ എല്ലാം ഒതുക്കാം എന്ന സ്ഥിതി. ആ രാഷ്ട്രീയാവസ്ഥയാണ് മൂന്നാര്‍ തേയിലത്തോട്ടത്തിലെ കിളുന്ത് നുള്ളുന്ന സ്ത്രീ തൊഴിലാളികള്‍ ചോദ്യം ചെയ്തതും തോല്‍പ്പിച്ചതും. രാഷ്ട്രീയ നേതൃത്വങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്ന് എ.കെ. ആന്റണി പറയുകയുണ്ടായി. സോണിയാ ഗാന്ധിമുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ള കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പി തൊട്ട് സി.പി.എം വരെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളും ഒരുപോലെ പരിശോധിക്കേണ്ട ഗുരുതരമായ വിഷയമാണിത്.

അഞ്ഞൂറുരൂപ കൂലി ചോദിച്ചുകൊണ്ടുള്ള തൊഴിലാളികളുടെ ആവശ്യം സെപ്റ്റംബര്‍ 26-ന് ചര്‍ച്ചചെയ്യുമ്പോള്‍ എടുക്കുന്ന നിലപാടായിരിക്കും മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥത പരിശോധിക്കുന്ന ഉരകല്ല്. അഞ്ഞൂറുരൂപ കൂലിനല്‍കിയാല്‍ തോട്ടം മേഖല തകരുമെന്ന യു.ഡി.എഫ് തൊഴില്‍മന്ത്രിയുടെ വാക്കുകള്‍ ഈ ഗവണ്മെന്റിന്റെ തൊഴിലാളിയോടും തൊഴില്‍ ഉടമകളോടുമുള്ള യഥാര്‍ത്ഥ സമീപനമെന്തെന്ന് വ്യക്തമായി അടയാളപ്പെടുത്തുന്നു. എന്തായാലും മൂന്നാര്‍ സമരം പുതിയ ഒരു വഴി തുറക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നേ പറയാനാകൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top