കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി പിരിച്ചുവിട്ടത് വി.എം സുധീരനോടുള്ള പകപോക്കാന്‍

sudheeranതിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്പെന്‍റ് ചെയ്തത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനോടുള്ള പക പോക്കാന്‍. കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണങ്ങളില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത്.

കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട അഴിമതിയാരോപണം ഉയര്‍ത്തിക്കാട്ടി തനിക്കെതിരായ ഗ്രൂപ് ഏകീകരണം പ്രതിരോധിക്കാന്‍ ശ്രമിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് ഭരണസമിതിയെ ഒന്നടങ്കം സസ്പെന്‍ഡ് ചെയ്ത് ഭരണനേതൃത്വത്തിന്‍െറ തിരിച്ചടി. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയി തോമസിനെ പുറത്താക്കണമെന്ന സുധീരന്റെ ആവശ്യം നടപ്പാക്കുന്നതിനുപകരം, അദ്ദേഹത്തിനൊപ്പം നിന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനം നഷ്ടപ്പെടുംവിധം ഡയറക്ടര്‍ ബോര്‍ഡിനത്തെന്നെ സസ്പെന്‍ഡ് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. നടപടിയെപ്പറ്റി ആലോചിക്കാന്‍ പോലും തയാറാകാതെ ഭരണനേതൃത്വം കെ.പി.സി.സി പ്രസിഡന്‍റിനെ തഴയുകയും ചെയ്തു.

കുറച്ചുനാളുകളായി കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണത്തിന്‍െറ നിഴലിലാണ്. ആരോപണങ്ങളെ തുടര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് റിജി ജി. നായരെ എം.ഡി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനുശേഷവും ഭരണസമിതിക്കെതിരായ ആരോപണങ്ങള്‍ തുടര്‍ന്നു. ഇത് ഭരണസമിതിയില്‍ ചേരിപ്പോരിന് വഴിവെച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഡയറക്ടര്‍ ബോര്‍ഡംഗവുമായ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രസിഡന്‍റ് ജോയി തോമസിനെതിരെ രംഗത്തുവന്നു. സ്ഥാപനത്തില്‍ കോടികളുടെ അഴിമതി നടന്നതായി എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരി നിയോഗിച്ച സമിതി കണ്ടത്തെിയതോടെ ഭരണസമിതിയിലെ ചേരിപ്പോര് മൂര്‍ച്ഛിച്ചു. തര്‍ക്കം പരിഹരിക്കാന്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.

മദ്യവില്‍പനയുടെ ഇന്‍സെന്‍റിവ് ഇനത്തില്‍ ലഭിച്ച 30 കോടി സ്ഥാപനത്തിന് ലഭിച്ചില്ലന്നും 2013ല്‍ ഓണത്തിന് വാങ്ങിയ 600 ലോഡ് ജയ അരി ഗോഡൗണില്‍ എത്തിയില്ലന്നതുമടക്കം നിരവധി ക്രമക്കേടുകളാണ് അന്വേഷണത്തില്‍ കണ്ടത്തെിയത്. തുടര്‍ന്ന് പ്രസിഡന്‍റും എം.ഡിയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനം നഷ്ടമായി. ഇതിനിടെ ജോയി തോമസിനെ നീക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ കത്തുനല്‍കിയ വിവരം പുറത്തുവന്നതോടെ പ്രശ്നത്തിന് രാഷ്ടീയമാനം കൈവന്നു. ജോയ് തോമസിനെ മാറ്റാനാകില്ലന്ന് ഐ ഗ്രൂപ് കര്‍ശന നിലപാടെടുത്തതോടെ തെരഞ്ഞെടുക്കപ്പെട്ടയാളെ പദവിയില്‍ നിന്ന് സര്‍ക്കാറിന് മാറ്റാനാകില്ലന്ന വാദത്തോട് മുഖ്യമന്ത്രിക്കും യോജിക്കേണ്ടിവന്നു.

അതിനിടെ കണ്‍സ്യൂമര്‍ഫെഡിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് സതീശന്‍ പാച്ചേനി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയമിച്ചു. ചെയര്‍മാന്‍ ജോയ് തോമസിന്‍െറയും മുന്‍ എം.ഡി. റിജി ജി. നായരുടെയും നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് കഴിഞ്ഞ ചൊവ്വാഴ്ച ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സതീശന്‍ പാച്ചേനി ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരായ 15 ജീവനക്കാരുടെ പേരുവിവരങ്ങളോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തച്ചങ്കരി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി കണ്ടത്തെിയ ക്രമക്കേടുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് പാച്ചേനി അധ്യക്ഷനായ ഉപസമിതിയും തയാറാക്കിയത്. എന്നാല്‍, റിപ്പോര്‍ട്ട് ഭരണസമിതിയോഗം തള്ളിയതായി പ്രസിഡന്‍റ് പ്രഖ്യാപിച്ചു. അതേസമയം കണ്‍സ്യൂമര്‍ഫെഡിനെതിരെ ഉയര്‍ന്ന മുഴുവന്‍ ആക്ഷേപങ്ങളും സഹകരണവകുപ്പ് അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ജോയ് തോമസ് ഉന്നയിച്ചു.

ഈ സംഭവങ്ങള്‍ക്കൊടുവിലാണ് അഴിമതി ആരോപണങ്ങളില്‍ സമഗ്ര അന്വേഷണത്തിന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന് പിന്നാലെയാണ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഭരണസമിതി പിരിച്ചുവിടാന്‍ സാങ്കേതികമായി കഴിയാത്തതിനാലാണ് സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെന്ന് അറിയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി പ്രതിപക്ഷം പ്രധാന പ്രചാരണ ആയുധമാക്കുമെന്നുറപ്പായിരുന്നു. പ്രസിഡന്‍റ് ജോയി തോമസിനെ നീക്കണമെന്ന കെ.പി.സി.സി പ്രസിഡന്‍റിന്റെ ആവശ്യം പാലിക്കപ്പെടാത്തതും ഭരണമുന്നണിക്ക് തലവേദനയുണ്ടാക്കുമായിരുന്നു. അതേസമയം ജോയി തോമസിനെ മാത്രമായി നീക്കുന്നതിനോട് കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന് യോജിപ്പില്ലായിരുന്നു. തുടര്‍ന്നാണ് ഭരണസമിതിയെ മൊത്തമായി സസ്പെന്‍ഡ് ചെയ്യാനുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും കൂടിയാലോചിച്ചാണ് രജിസ്ട്രാര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

Print Friendly, PDF & Email

Leave a Comment