ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ മരണം കൊലപാതകമോ? സംശയവുമായി മകന്‍

anil-shastri lalന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മകന്‍ അനില്‍ ശാസ്ത്രി. 1966 ജനുവരിയില്‍ അന്നത്തെ പാക് പ്രസിഡന്‍റ് അയ്യൂബ് ഖാനുമായി ഇന്ത്യ-പാക് യുദ്ധവിരാമ കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെ സോവിയറ്റ് യൂനിയനിലെ താഷ്കെന്‍റില്‍ വെച്ചായിരുന്നു ശാസ്ത്രിയുടെ മരണം. മരണം സംബന്ധിച്ച രഹസ്യഫയലുകള്‍ ഉടന്‍ പുറത്തുവിടണമെന്നും അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനില്‍ ശാസ്ത്രി ആവശ്യപ്പെട്ടു.

മരണശേഷം സോവിയറ്റ് യൂനിയനിലെ ഇന്ത്യന്‍ എംബസി ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയത്. മരണം സ്വാഭാവികമല്ലന്നും മുഖത്ത് നീലനിറം പടര്‍ന്നിരുന്നുവെന്നും അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നുവെന്ന് അനില്‍ ചൂണ്ടിക്കാട്ടി. ഡയറി കാണാതെയായി. സദാസമയവും കൊണ്ടുനടന്നിരുന്ന ഫ്ലാസ്കും മുറിയില്‍ നിന്ന് നഷ്ടമായി. ഈ ഫ്ലാസ്കില്‍ മരണകാരണമായ വസ്തുക്കള്‍ ഉണ്ടായിരുന്നോയെന്നും അദ്ദേഹം സംശയംപ്രകടിപ്പിച്ചു. ശാസ്ത്രിയുടെ ഡോക്ടറും പി.എയും പിന്നീട് അപകടത്തില്‍പെട്ടതും സംശയാസ്പദമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് റഷ്യയോട് ആവശ്യപ്പെടാഞ്ഞതിലും ദുരൂഹതയുണ്ട്. ദൃക്സാക്ഷികള്‍ മിക്കവരും മരിച്ചതിനാല്‍ മരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമോയെന്ന് ഉറപ്പില്ലങ്കിലും സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചിരിക്കുന്ന ഫയലുകള്‍ പുറത്തുവിടുന്നത് ദുരൂഹത നീക്കും.

ഹൃദയാഘാതംമൂലമാണ് ശാസ്ത്രിയുടെ മരണമെന്ന വിശദീകരണം കുടുംബം അന്നുതന്നെ തള്ളിയിരുന്നു. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും ഒരിക്കല്‍പോലും ഹൃദ്രോഗമുണ്ടായിട്ടില്ലന്നുമായിരുന്നു കുടുംബത്തിന്‍െറ വാദം. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ശാസ്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിനെപ്പോലുള്ളവരും പറഞ്ഞിരുന്നു. ഫയലുകള്‍ പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബം മൂന്നുതവണ യു.പി.എ സര്‍ക്കാറിനെ സമീപിച്ചിരുന്നെങ്കിലും റഷ്യയുമായുള്ള ബന്ധം മോശമാകുമെന്ന കാരണംപറഞ്ഞ് നിരസിക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment