കേരളത്തെ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് വിമുക്ത സംസ്ഥാനമാക്കും -അമിത്ഷാ

bjp sangamam

കൊല്ലം: കമ്യൂണിസത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മുക്തമായ കേരളത്തിനായാണ് ബി.ജെ.പി നിലകൊള്ളുന്നതെന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കൊല്ലത്ത് ബി.ജെ.പി സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസ് ഇല്ലാതാവുന്നതുപോലെ ലോകത്ത് കമ്യൂണിസവും ഇല്ലാതാവും. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ‘ഗരീബി ഹഠാവോ’യെന്ന മുദ്രാവാക്യം മാത്രം പ്രചരിപ്പിച്ചപ്പോള്‍ ഇത് രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയത് ബി.ജെ.പി സര്‍ക്കാറാണ്. അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളിലെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് സീറ്റ് കിട്ടിയില്ലങ്കിലും 21 ശതമാനം ജനങ്ങളുടെ പിന്തുണ കിട്ടിയത് ആഹ്ലാദകരമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ്. അവിടത്തെ സാങ്കേതികവിദ്യ രാജ്യത്ത് എത്തിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ വിദേശത്ത് പോയാല്‍ ആരും തിരിച്ചറിയില്ലായിരുന്നു. ഇന്ന് മോഡി സന്ദര്‍ശനത്തിനത്തെുമ്പോള്‍ പതിനായിരങ്ങള്‍ തടിച്ചുകൂടുന്നത് 125 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമാണ്.

കേരളം വിഭവ സമ്പുഷ്ടമായിട്ടും പിന്നില്‍ തന്നെയാണ്. സാങ്കേതികവിദ്യ നേടുന്നവരെല്ലാം വിദേശത്ത് തൊഴില്‍ തേടി പോകുന്നു. അവര്‍ക്ക് ഇവിടെ അവസരങ്ങള്‍ ഒരുക്കാമായിരുന്നിട്ടും ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അധികാരത്തില്‍ നിന്ന് പോകേണ്ടവരായിട്ടും അവര്‍ തുടരുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ ദിശ അറിയാത്ത അവസ്ഥയിലാണ്. ബി.ജെ.പി കേരളത്തില്‍ ശക്തിപ്രാപിക്കുന്നതില്‍ വിറളി പിടിച്ച ഇവര്‍ ശ്രീകൃഷ്ണജയന്തി അടക്കം നടത്താന്‍ മുതിരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം നേടാന്‍ ജനങ്ങളുടെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഭീകരവാദികളുടെ പറുദീസയായി മാറിയെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ ജീര്‍ണതയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ നവോത്ഥാനസംഗമം വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment