Flash News

അമേരിക്കന്‍ മലയാളി നേഴ്‌സുമാരേ, സംഘടിക്കുവിന്‍, ശക്തരാകുവിന്‍!

September 28, 2015 , ജോയിച്ചന്‍ പുതുക്കുളം

image (2)അസംഘടിതരായ അമേരിക്കന്‍ മലയാളി നേഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട്‌ ഇത്തരത്തിലൊരു ലേഖനമെഴുതാന്‍ എനിക്കു പ്രേരണ നല്‍കിയത്‌ ഈയിടെ ഷാജന്‍ ആനിത്തോട്ടം പ്രസിദ്ധീകരിച്ച `ആറെന്‍’ എന്ന കവിതയും, അതേത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ്‌. നിരവധി എഴുത്തുകാരും ആറെന്‍ സംഘടനാഭാരവാഹികളും ഷാജന്‍ ആനിത്തോട്ടം ആ കവിതയിലൂടെ ആറെന്‍ വിഭാഗത്തെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും, അവരുടെ ഹൃദയത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയുമാണുണ്ടായത്‌ എന്നു ധ്വനിപ്പിക്കും വിധത്തില്‍ എഴുതിക്കണ്ടു. പോള്‍ ഡി പനയ്‌ക്കല്‍, എല്‍സി ബേബി, ലതാ ജോസഫ്‌, അനിലാല്‍ ശ്രീനിവാസന്‍, ജോണ്‍ ഇളമത, സാറാ ഗബ്രിയേല്‍ തുടങ്ങിയ പ്രമുഖരായ എഴുത്തുകാരുടെയും, നേഴ്‌സിംഗ്‌ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും പ്രതികരണങ്ങള്‍ വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ഷാജന്‍ ആനിത്തോട്ടത്തിന്റെ ഒരു കവിതയുടെ ഫലമായി ഈയടുത്ത കാലത്ത്‌ മറ്റൊരു സംഘടനയ്‌ക്കും ലഭിക്കാത്ത പിന്തുണ ആറെന്‍ എന്ന വിഭാഗത്തിനു കിട്ടി എന്നും കാണാന്‍ കഴിയും.

ഇവിടെ എന്താണ്‌ ആറെന്‍ വിഭാഗത്തിന്‌ ഇത്രമാത്രം ജനപിന്തുണ കിട്ടാന്‍ കാരണം എന്നതിനെപ്പറ്റി നാം ചിന്തിക്കുന്നതു നന്നായിരിക്കും. കേരളത്തിന്റെ മാത്രം ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയ്‌ക്കു മൂലകാരണം ആദ്യകാലത്ത്‌ അമേരിക്കയിലെത്തി വളരെ കഷ്ടപ്പെട്ടു പണമുണ്ടാക്കിയ ആറെന്‍സ്‌ ആണെന്ന്‌. ഇവിടെ `ആറെന്‍സ്‌’ എന്ന പദത്തിനു പകരം നേഴ്‌സുമാര്‍ എന്നു തന്നെ ഉപയോഗിക്കുന്നതാണ്‌ ഉചിതമെന്നു ഞാന്‍ കരുതുന്നു. കേരളത്തില്‍ നിന്നും വന്നു കഷ്ടപ്പെട്ടു പണമുണ്ടാക്കിയ നമ്മുടെ നേഴ്‌സുമാരാണു വാസ്‌തവത്തില്‍ കേരളത്തിന്റെ സമ്പത്തിന്റെ നട്ടെല്ല്‌ എന്നു പറയുന്നതില്‍ തെറ്റില്ല. അമേരിക്കയില്‍ കുടിയേറിയിട്ടുള്ള മലയാളികളില്‍ പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ സ്ഥിരമായി ജോലിയുള്ള വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യ നേഴ്‌സുമാര്‍ക്കല്ലാതെ മറ്റാര്‍ക്കുമാണെന്നു തോന്നുന്നില്ല.

ഇവിടെ ഞാന്‍ കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന നേഴ്‌സുമാരെ മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. 1970കളിലും 80കളിലും 90കളിലും അമേരിക്കയിലെത്തിയ നേഴ്‌സുമാര്‍. അവരെ വാസ്‌തവത്തില്‍ പൂവിട്ടു പൂജിക്കേണ്ടതാണ്‌. ആ നേഴ്‌സുമാരില്‍ ആരെങ്കിലും ആര്‍ എന്‍ പദവി കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ അവരെ സ്‌തുതിക്കേണ്ടിയിരിക്കുന്നു. ആര്‍ എന്‍ എന്ന പദം ബഹുമതിയുടേതാണ്‌. അതു നേടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമാണെന്ന്‌ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ ആ ചിന്ത തന്നെ തെറ്റാണ്‌. വാസ്‌തവത്തില്‍ 2000നു മുമ്പ്‌ അമേരിക്കയിലെത്തിയ നേഴ്‌സുമാര്‍ അവര്‍ സമ്പാദിച്ച പണത്തിന്റെ മുക്കാല്‍ ഭാഗവും തങ്ങളുടെ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനും, നാട്ടിലുള്ള തങ്ങളുടെ സഹോദരങ്ങളുടെ പഠനത്തിനു വേണ്ടിയും, തങ്ങള്‍ക്കു വേണ്ടി പുരയിടങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നതിനും വിനിയോഗിച്ചു. പലരും തങ്ങള്‍ ജനിച്ചുവളര്‍ന്ന കുടിലുകള്‍ വലിയ ബംഗ്ലാവുകളാക്കി മാറ്റുന്നതിനും തങ്ങളുടെ സമ്പാദ്യം വിനിയോഗിച്ചു. അവരില്‍ പലരും അന്ന്‌ എങ്ങിനെയെങ്കിലും കുറെ പണം സമ്പാദിച്ച ശേഷം തിരിച്ചുപോവുക എന്ന ചിന്താഗതിക്കാരായിരുന്നു.

ചുരുക്കം ചില നേഴ്‌സുമാര്‍ നാട്ടിലേയ്‌ക്കു പണമയയ്‌ക്കാതെ തങ്ങളുടെ കുഞ്ഞുങ്ങളെ ഏതെങ്കിലും വിധേന പഠിപ്പിച്ചു ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കിമാറ്റാന്‍ തങ്ങള്‍ സമ്പാദിച്ച പണം വിനിയോഗിച്ചു. അതിലെത്രപേര്‍ വിജയിച്ചു എന്നുള്ളതു നാമിപ്പോള്‍ വിലയിരുത്തുന്നതു കൊള്ളാം. പ്രത്യേകിച്ച്‌ 60 വയസ്സിനു മേല്‍ പ്രായമായവര്‍. ആദ്യകാലത്ത്‌ അമേരിക്കയിലെത്തിയ നേഴ്‌സുമാരില്‍ നല്ലൊരു വിഭാഗം ഇന്നു റിട്ടയര്‍മെന്റില്‍ എത്തിക്കഴിഞ്ഞു. ഒരിക്കല്‍ തങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന ജന്മനാട്‌ ഇന്നവരെ പുച്ഛത്തോടെ നോക്കുന്നതുപോലെ തോന്നിപ്പോകുന്നു. പലരും പോയ കാശുപോകട്ടെ, ഇനിയെങ്കിലും നാട്ടില്‍ കൊണ്ടുപോയി മുടക്കാതെ അമേരിക്കയില്‍ എവിടെയെങ്കിലും തങ്ങള്‍ക്കു പറ്റിയ റിട്ടയര്‍മെന്റു ഹോമുകളിലെങ്കിലും കൂടാം എന്ന പ്രതീക്ഷയുമായി കാലം തള്ളി നീക്കുന്നു.

നേഴ്‌സുമാരുടെ കാര്യത്തില്‍ എനിക്കെന്തു കാര്യം എന്ന്‌ ഇതു വായിക്കുന്ന ചിലരെങ്കിലും എന്നോടു ചോദിച്ചേക്കാം. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമേരിക്കയിലെത്തിയ എനിക്ക്‌ ഒരു വലിയ നേഴ്‌സിങ്ങ്‌ ഹോമിലെ നേഴ്‌സിങ്ങ്‌ ഓഫീസ്‌ മാനേജരായി ജോലിചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌. അക്കാരണത്താല്‍ത്തന്നെ അന്നത്തെ നേഴ്‌സുമാരുടെ കഷ്ടപ്പാടുകളും ടെന്‍ഷനുകളും എല്ലാം നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌. മിക്ക നേഴ്‌സുമാരും അക്കാലത്ത്‌ രണ്ടു ഷിഫ്‌റ്റു ജോലിചെയ്‌ത്‌, ജീവച്ഛവം പോലെ വീട്ടിലേയ്‌ക്കു പോകാറുള്ളതും തങ്ങളുടെ കുട്ടികളെയോര്‍ത്ത്‌ ആശങ്കാകുലരാകാറുള്ളതും, ഇതിനിടെ ആറെന്‍ പാസ്സാകാനുള്ള തത്രപ്പാടുകളും, ആടിയുലയുന്ന കുടുംബബന്ധങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ തത്രപ്പെടുന്നതുമെല്ലാം എന്റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പേ ചെക്കുകള്‍ കൊണ്ടു ചെല്ലുന്നതും നോക്കി കഴുകന്മാരെപ്പോലെ ഇരിക്കാറുണ്ടായിരുന്ന ചില ഭര്‍ത്താക്കന്മാരുടെ കഥകളും, പേ ചെക്കു ഭര്‍ത്താവിനെ ഏല്‌പിക്കാത്തതിന്റെ പേരില്‍ തകര്‍ന്നടിഞ്ഞ പല കുടുംബങ്ങളെപ്പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ, നേഴ്‌സുമാരുണ്ടാക്കിയ പണം വന്‍ പലിശ കൊടുക്കാമെന്ന പേരില്‍ കടമെടുത്തു ബിസിനസ്സു നടത്തി ഒടുവില്‍ പാപ്പരായ ബിസിനസ്സുകാരെപ്പറ്റിയും, പണം മുഴുവന്‍ നഷ്ടപ്പെട്ട നേഴ്‌സുമാരെപ്പറ്റിയുമുള്ള കഥകള്‍ ചിലരെങ്കിലും കേട്ടിരിക്കുമല്ലോ. എന്തിനേറെ, കേരളത്തിനു വെളിയില്‍ പോയി കഷ്ടപ്പെട്ടു പഠിച്ചു പണം സമ്പാദിച്ചിട്ടുള്ള നേഴ്‌സുമാരാണ്‌ നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുള്ളവരെന്നു കാണാന്‍ കഴിയും പ്രത്യേകിച്ച്‌ പെണ്‍വിഭാഗത്തില്‍പ്പെട്ട നേഴ്‌സുമാര്‍. ആണുങ്ങളായ നേഴ്‌സുമാര്‍ക്ക്‌ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കുറവായതിനാല്‍ പെണ്‍വിഭാഗത്തിലുള്ളവരെയാണ്‌ മുഖ്യമായി ഉദ്ദേശിക്കുന്നത്‌.

ഈയിടെ കോട്ടയത്തു പുതുപ്പള്ളി സ്വദേശിയായ ഉതുപ്പു വര്‍ഗീസ്‌ എന്നയാളുടെ നേതൃത്വത്തിലുണ്ടായിരുന്ന അല്‍ സറഫാ ട്രാവല്‍ ആന്റ്‌ മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്‌സ്‌ എന്ന പേരില്‍ കുവൈറ്റു മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന നേഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റു കമ്പനിയെപ്പറ്റി ചിലരെങ്കിലും അറിഞ്ഞുകാണുമെന്നു കരുതുന്നു. കോടിക്കണക്കിനു രൂപ തട്ടിച്ച ഉതുപ്പിനെ സീ ബി ഐ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണത്രേ. ഓരോ നേഴ്‌സിന്റേയും കൈയില്‍ നിന്ന്‌ 20 ലക്ഷം രൂപ വരെ അയാള്‍ വാങ്ങിയെന്നും, ഗവണ്മെന്റിന്റെ കണക്കനുസരിച്ചു വാങ്ങാവുന്ന കമ്മീഷന്റെ നൂറിരട്ടിയില്‍ക്കൂടുതല്‍ കമ്മീഷനായിരുന്നു ഓരോ നേഴ്‌സിന്റേയും കൈയില്‍ നിന്നും വാങ്ങിയതെന്നും വാര്‍ത്തകളില്‍ നിന്നു കാണാന്‍ കഴിയുന്നു. ഇത്രയും വലിയ കേസില്‍ പ്രതിയായ അയാളെ ചോദ്യം ചെയ്യാന്‍ ചെന്ന ജേര്‍ണലിസ്റ്റുകളെ കൈയേറ്റം ചെയ്‌ത കുറ്റത്തിനു കുവൈറ്റ്‌ പോലീസ്‌ അയാളെ അറസ്റ്റു ചെയ്‌തിട്ടുകൂടി ഉന്നതന്മാരുടെ ഇടപെടല്‍ മൂലം അയാള്‍ നിഷ്‌പ്രയാസം വിമുക്തനായി പോലും.

ഇത്തരത്തിലുള്ള ഗൌരവമേറിയ വിഷയങ്ങളെപ്പറ്റി പഠിക്കുന്നതിനോ, അവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്നതിനോ ഇത്രമാത്രം അംഗബലവും സംഘടനകളുമുള്ള അമേരിക്കന്‍ നേഴ്‌സസിനും കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളികളായ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെങ്കില്‍ ശക്തമായ ലീഡര്‍ഷിപ്പ്‌ ഉണ്ടായേ മതിയാവൂ.

മലയാളി നേഴ്‌സുമാര്‍ സംഘടിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. അതിന്റെ പ്രാരംഭമെന്നോണം മലയാളികളായ, കേരളത്തില്‍ നിന്നു മാത്രമുള്ള, നേഴ്‌സുമാരെ മാത്രം ഉള്‍പ്പെടുത്തി അവരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കുന്നതിനുള്ള ഒരു ശ്രമം നടത്തുന്നത്‌ ഉചിതമായിരിക്കും. അങ്ങിനെയൊരു ശ്രമം നടത്തിയാല്‍ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ എത്ര മലയാളി നേഴ്‌സുമാര്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശരൂപം കിട്ടുന്നതായിരിക്കും. ഇങ്ങിനെയൊരു സംരംഭം നടക്കണമെങ്കില്‍ ഭാവിയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടും ദീര്‍ഘവീക്ഷണവും കര്‍മ്മശേഷിയും സാമൂഹ്യപ്രതിബദ്ധതയും നേതൃപാടവവുമുള്ള നേഴ്‌സുമാര്‍ രംഗത്തേയ്‌ക്കു കടന്നുവരണം. അതിന്റെ തുടക്കമെന്നോണം അമേരിക്കയിലുള്ള വിവിധ സ്‌റ്റേറ്റുകളില്‍ നിന്നുള്ള നേഴ്‌സുമാരടങ്ങിയ ഒരു ടീം ഇക്കാര്യത്തില്‍ ലീഡര്‍ഷിപ്പ്‌ എടുക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ നാഷണല്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന, മലയാളികളുടേതു മാത്രമായ ഒരു സംഘടനയുള്ളതായി കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെ ആരുമായും ബന്ധപ്പെടാതെ അക്കൂട്ടര്‍ പ്രവര്‍ത്തിച്ചു വരുന്നു.

തുടക്കത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും, അമ്പലങ്ങള്‍ മുതലായ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും മലയാളികളായ നേഴ്‌സുമാരുടെ സമ്പൂര്‍ണ്ണവിവരം ഉള്‍ക്കൊള്ളിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക. ഫോമാ, ഫൊക്കാനാ, മറ്റ്‌ സാമൂഹ്യസംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള സ്ഥിതിവിവരക്കണക്ക്‌ എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയും. സമൂഹവുമായി സഹകരിക്കാത്തവരെ വ്യക്തിപരമായ രീതിയില്‍ സാവകാശം ബന്ധപ്പെടുന്നതാവും നല്ലത്‌. ഐനാനി, നൈന തുടങ്ങിയ നേഴ്‌സസ്‌ സംഘടനകള്‍ക്കു നേതൃത്വം വഹിക്കുന്നവരിലൂടെയും ഇതു സാധിക്കാവുന്നതാണ്‌. ഇങ്ങിനെയൊരു സംരംഭത്തിന്‌ ഇന്ത്യന്‍ നേഴ്‌സസ്‌ എന്ന പേരില്‍ പോയാല്‍ മലയാളികളായ നേഴ്‌സുമാരുടെ സെന്‍സസ്‌ എടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷനുകളുടെ ചുക്കാന്‍ പിടിക്കുന്നത്‌ അധികവും വടക്കേ ഇന്ത്യന്‍ ലോബി ആണെന്നുള്ളതാണു യാഥാര്‍ത്ഥ്യം.

ആദ്യം മലയാളികളായ നേഴ്‌സുമാര്‍ ഇത്തരത്തിലൊരു ശ്രമം നടത്തി അമേരിക്കന്‍ മലയാളി നേഴ്‌സുമാരുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കിയെടുത്താല്‍ തീര്‍ച്ചയായും പതിനായിരക്കണക്കിനു നേഴ്‌സുമാരുടെ ഒരു ഡയറക്ടറി തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒറ്റയടിയ്‌ക്ക്‌ ഇതു നടന്നെന്നു വരില്ല. രണ്ടു മൂന്നു ഘട്ടങ്ങളിലായി മുഴുവന്‍ മലയാളി നേഴ്‌സുമാരുടേയും ലിസ്റ്റ്‌ ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അത്തരത്തിലൊരു സംരംഭത്തിനു തുടക്കമിട്ട്‌, അതു വിജയിച്ചാല്‍ ഇന്ത്യയുടെ ഇതര സ്‌റ്റേറ്റുകളില്‍ നിന്നുമുള്ള നേഴ്‌സുമാരും മലയാളികളെ അനുകരിക്കാതിരിക്കുകയില്ല.

ഷാജന്‍ ആനിത്തോട്ടം `ആറെന്‍’സിനെതിരേ തൂലിക ചലിപ്പിച്ചതിനു ശേഷം ഞാന്‍ നമ്മുടെ മലയാളികളായ നേഴ്‌സുമാരുടെ ഒരു സ്ഥിതിവിവരക്കണക്ക്‌ എടുക്കുന്നതിനുള്ള ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി കേരളാഗവണ്മെന്റിന്റേയും ഇന്ത്യാഗവണ്മെന്റിന്റെയും, അതുപോലെ അമേരിക്കന്‍ നേഴ്‌സസ്‌ അസോസിയേഷന്‍, യുണൈറ്റഡ്‌ നേഴ്‌സസ്‌ അസോസിയേഷന്‍, ഐനാ (അതായത്‌ ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍), നൈനാ (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്ക), ഇന്‍പാ (ഇന്ത്യന്‍ നേഴ്‌സസ്‌ പേരന്റ്‌സ്‌ അസോസിയേഷന്‍), ഐനാനി (ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌, എല്ലാറ്റിനുമുപരി എന്‍ വൈ എസ്സ്‌ എന്‍ എ (ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ നേഴ്‌സസ്‌ അസോസിയേഷന്‍) എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, അവയുടെ സംഘടനാശക്തിയെപ്പറ്റിയും, സാധാരണക്കാരായ നേഴ്‌സുമാര്‍ക്ക്‌ പ്രശ്‌നങ്ങളുണ്ടായാല്‍ അവ എന്തു ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും മനസ്സിലാക്കാന്‍ ശ്രമിച്ചു. മലയാളികളായ നേഴ്‌സുമാരുടെ കാര്യത്തില്‍ ഈ സംഘടനകളൊന്നും ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കാണാന്‍ കഴിഞ്ഞു. മലയാളി നേഴ്‌സുമാരുടെ ഒരു സ്ഥിതിവിവരക്കണക്ക്‌ കേരളാഗവണ്മെന്റിനു പോലുമില്ലത്രേ.

നേഴ്‌സുമാരുമായി വളരെ അടുത്തു ബന്ധമുള്ള ഒരു വ്യക്തിയെന്ന നിലയ്‌ക്ക്‌ നമ്മുടെ നേഴ്‌സുമാരുടെ ഇന്നത്തെ അവസ്ഥയില്‍ എനിക്കു ഖേദമുണ്ട്‌. സത്യം തുറന്നു പറയട്ടേ, എന്റെ സഹധര്‍മ്മിണിയും ഞങ്ങളുടെ മകളും അനുജത്തിയുമുള്‍പ്പെടെ ഞാനുമായി ബന്ധപ്പെട്ട മിക്ക വീടുകളിലേയും വനിതകള്‍ നേഴ്‌സുമാരാണെന്നതാണു സത്യം. എല്ലാറ്റിലുമുപരി, എന്റെ സഹധര്‍മ്മിണി ന്യൂയോര്‍ക്കിലെ ?ഐനാനി? എന്ന സംഘടനയിലെ ഒരു ഭാരവാഹിയും, 37000ല്‍പ്പരം മെമ്പര്‍മാരുള്ള എന്‍ വൈ എസ്‌ എന്‍ ഏയിലെ മെമ്പര്‍ കൂടിയുമാണ്‌. പക്ഷേ, ഒരു പ്രശ്‌നമുണ്ടായാല്‍ പത്തു പേരെപ്പോലും സംഘടിപ്പിയ്‌ക്കാന്‍ പല സംഘടനകള്‍ക്കും കഴിയുന്നില്ല എന്നതാണു വാസ്‌തവം. ഈ സംഘടനകളുടെ തലപ്പത്തു മലയാളി നേഴ്‌സുമാരുടെ പ്രാതിനിധ്യം വളരെക്കുറവാണെന്നും, ഉള്ളവര്‍ തന്നെ തങ്ങളുള്‍പ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വേണ്ടവിധത്തില്‍ സംഘടനാതലത്തില്‍ അവതരിപ്പിക്കുന്നതിനോ, തങ്ങളുടെ മെമ്പര്‍മാരുടെ ക്ഷേമകാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാനോ മുതിര്‍ന്നിട്ടുള്ളതായും കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനു പകരം ഇടയ്‌ക്കിടെ സംഘടനാനേതാക്കളുടെ പടങ്ങള്‍ പത്രമാസികകളില്‍ വരുത്തുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം സമൂഹത്തിലെ അത്രയേറെ അറിയപ്പെടാത്തവര്‍ക്കും പലപ്പോഴും അര്‍ഹത പോലുമില്ലാത്തവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആരുടേയോ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതുപോലെയും തോന്നിപ്പോകുന്നു.

`പുരയ്‌ക്കു തീപിടിക്കുമ്പോള്‍ വാഴ വെട്ടുന്ന’ തരത്തില്‍ തരം താഴ്‌ന്ന ഒരു കാഴ്‌ചപ്പാടോടെയല്ല ഞാനിതെഴുതുന്നത്‌ എന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനുള്‍പ്പെട്ട എന്റെ സമൂഹത്തിലെ സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ലല്ലോ. ഷാജന്‍ ആനിത്തോട്ടം എഴുതിയ കവിതയിലൂടെ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്‌. നിലവിലുള്ള നേഴ്‌സസ്‌ സംഘടനകളെ പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, അസംഘടിതരായ, ഉറങ്ങിക്കിടക്കുന്ന മലയാളി നേഴ്‌സുമാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അവസരമാണിത്‌. മുന്‍പു ഞാന്‍ സൂചിപ്പിച്ചതു പോലെ മലയാളി നേഴ്‌സുമാരുടെ മാത്രമായ ഒരു ഡയറക്ടറി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നിലവിലുള്ള ഗവണ്മെന്റുകളുമായും മറ്റു യൂണിയനുകളുമായും വരെ നമ്മുടെ നേഴ്‌സുമാര്‍ക്കു വിലപേശാനാവും.

ഇന്നു നിലവിലുള്ള മിക്ക നേഴ്‌സസ്‌ അസോസിയേഷനുകളും അവരുടെ സ്വാധീനശക്തിയുപയോഗിച്ചു സംഭാവനകള്‍ വന്‍ തോതില്‍ സ്വീകരിക്കുകയും അവ ശരിക്കും അര്‍ഹരായവര്‍ക്കു കൊടുക്കാതെ തങ്ങളുടെ സര്‍ക്കിളില്‍പ്പെട്ടവര്‍ക്കോ, അര്‍ഹതയില്ലാത്തവര്‍ക്കോ കൊടുക്കുന്നതായും പരാതികളുണ്ട്‌. ഒരു പക്ഷേ, അതു തന്നെയായിരിക്കാം, സംഘടനയില്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കാന്‍ പോലും കഴിയാത്തതിനു കാരണം. സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പലപ്പോഴും സംഘടനയ്‌ക്കോ സമൂഹത്തിനോ പൊതുവായ നേട്ടം ഉണ്ടാകത്തക്കവിധത്തില്‍ പ്രവര്‍ത്തിക്കാത്തത്‌ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാം.

അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ സംഘടിതരായിരുന്നുവെങ്കില്‍ ഉതുപ്പു വര്‍ഗീസിനെപ്പോലുള്ള തട്ടിപ്പുകാര്‍ നേഴ്‌സുമാരെ ചൂഷണം ചെയ്യാന്‍ മുതിരുമായിരുന്നില്ല. മുതിര്‍ന്നാല്‍ത്തന്നെ അത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനും ഗവണ്മെന്റുകളെപ്പോലും സ്വാധീനിക്കുന്നതിനും നടപടികള്‍ അപ്പപ്പോള്‍ എടുപ്പിക്കുന്നതിനും കഴിയുമായിരുന്നു. അതുപോലെ തന്നെ, അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ സംഘടിതരായിരുന്നെങ്കില്‍ ഷാജന്‍ ആനിത്തോട്ടത്തെപ്പോലുള്ളവര്‍ `ആറെന്‍’ പോലുള്ള വിവാദപരമായ കവിതകള്‍ എഴുതാന്‍ പോലും ധൈര്യപ്പെടുമായിരുന്നില്ല.

ചുരുക്കത്തില്‍ അമേരിക്കയിലെ മലയാളി നേഴ്‌സുമാര്‍ വെറും മാലാഖമാര്‍ മാത്രമായി കഴിഞ്ഞു കൂടാതെ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി മലയാളികളുടേതു മാത്രമായ ഒരു സ്വതന്ത്ര സംഘടനയ്‌ക്കു രൂപം നല്‍കേണ്ടിയിരിക്കുന്നു. മറ്റു സംഘടനകളുടെ പിന്നാലെ നടന്നാല്‍ മലയാളി നേഴ്‌സുമാര്‍ ഒരു കാലത്തും രക്ഷപ്പെടുകയില്ല എന്നതാണു വാസ്‌തവം. ചുറുചുറുക്കും സംഘാടനപാടവവും കാര്യശേഷിയുമുള്ള പുതിയൊരു നേതൃത്വം രംഗത്തു വന്ന്‌ മലയാളി നേഴ്‌സുമാരുടെ ഇന്നത്തെ അവസ്ഥയ്‌ക്കു മാറ്റമുണ്ടാക്കാന്‍ ഇടവരട്ടേയെന്നു പ്രത്യാശിക്കുന്നു. അങ്ങിനെ നമ്മുടെ മലയാളി നേഴ്‌സുമാര്‍ സംഘടിച്ചു ശക്തരാകുന്നതു കണ്ട്‌ നമുക്കാശ്വസിക്കാം.

അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ക്കു പ്രചോദനമേകാന്‍ ഒരു വേദി തന്നെ ഉണ്ടാക്കിയ ജോയിച്ചന്‍ പുതുക്കുളത്തിന്‌ അഭിനന്ദനങ്ങള്‍!

തോമസ്‌ കൂവള്ളൂര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top