Flash News

ഹൃദ്രോഗം നിയന്ത്രിക്കുവാന്‍ ബോധവത്കരണം പ്രധാനം : ഡോ. അബ്ദുല്‍ റഷീദ്

September 30, 2015 , മീഡിയ പ്ലസ്

usman mohammed @word heart day 2015  3

ലോക ഹൃദയത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ്, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങളോടൊപ്പം തന്നെ അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ മാനസികാവസ്ഥകളും ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുവാന്‍ കാരണമായതായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ്. എം.ഡി. അഭിപ്രായപ്പെട്ടു. ലോക ഹൃദയത്തോടനുബന്ധിച്ച് മീഡിയ പ്ലസ്, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ജീവിത ശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോത്സുകരാവുക, രക്തസമ്മര്‍ദ്ദം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസിക സമ്മര്‍ദ്ദം, കോപം മുതലായവ ലഘൂകരിക്കുക , പുകവലി നിര്‍ത്തുക, മദ്യപാനം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും ഈ വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപൂര്‍ണമായ ജീവിതരീതി, ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക, ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക, നല്ല പോഷണം, ദുര്‍മ്മേദസ്സ് ഒഴിവാക്കല്‍, പതിവായി വ്യായാമം ചെയ്യല്‍ എന്നിവയാണ് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായിട്ടുള്ളത്. ഈ നിലക്ക് ചിന്തിക്കുവാന്‍ ഇത്തരം ദിനങ്ങള്‍ നമ്മെ പ്രേരിപ്പിക്കണം.

കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണ് മലയാളികള്‍. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? വായക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്. മിതത്വം പാലിക്കുകയും പഴങ്ങളും പച്ചക്കറികളും ഇലയാഹാരങ്ങളുമൊക്കെ ഉള്‍പ്പെടുത്തുകയും ചെയ്യുക. വെള്ളത്തിനും ഭക്ഷണത്തിനും ദഹന പ്രക്രിയക്കുമൊക്കെ സൗകര്യപ്രദമായ അളവില്‍ ആഹാരം ശീലമാക്കുന്നത് ഏറെ ഗുണകരമാകും, അദ്ദേഹം പറഞ്ഞു.

സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര, നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ.വി. അബ്ദുല്ലക്കുട്ടി, ഡോ. അനീസ് അലി, റഫീഖ് മേച്ചേരി സംസാരിച്ചു.

എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുമെന്നും പ്രസംഗകര്‍ ഓര്‍മ്മപ്പെടുത്തി.. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. നിത്യേന നാം ചെയ്യുന്ന ജോലി വേണ്ടത്ര വ്യായാമം നല്‍കുന്നില്ല. സാരമായ ശാരീരികാധ്വാനത്തോടെ ചെയ്യേണ്ട ജോലികള്‍ ഇന്നു നന്നേ വിരളമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ നമ്മെ അലസരും സുഖിയന്മാരുമാക്കിയിരിക്കുന്നു. ഇതിനൊരു മാറ്റം അത്യാവശ്യമാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതിരുന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സെമിനാര്‍ മുന്നറിയിപ്പ് നല്‍കി.

word heart day audience


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top