Flash News

കേന്ദ്രമന്ത്രി സ്ഥാനത്തിന് ഓഫര്‍ വന്നാല്‍ പരിഗണിക്കുമെന്ന് വെള്ളാപ്പള്ളി; താന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാനില്ല

October 1, 2015 , സ്വന്തം ലേഖകന്‍

vellappalli with modiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി പ്രസിഡന്‍റ് അമിത്ഷാ, ആര്‍.എസ്.എസ് നേതാവ് എസ്. ഗുരുമൂര്‍ത്തി എന്നിവരുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെള്ളാപ്പള്ളിയെയും എസ്.എന്‍.ഡി.പിയെയും മുന്നില്‍നിര്‍ത്തിയുള്ള രാഷ്ട്രീയകരുനീക്കമാണ് ബി.ജെ.പി നടത്തുന്നത്.

കേരളത്തില്‍ മൂന്നാമതൊരു ചേരിക്ക് സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അത്തരമൊരു ഓഫര്‍ വന്നാല്‍, അത് എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലിന്‍െറ പരിഗണനക്കു വെച്ച് തീരുമാനമെടുക്കും. അധികാരം തരാമെന്നു പറഞ്ഞാല്‍ എന്തിന് വേണ്ടൈന്നു വെക്കണമെന്ന് അദ്ദേഹം ചോദിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളുന്ന എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നു പറഞ്ഞ വെള്ളാപ്പള്ളി, കുറെപ്പേര്‍ ചേര്‍ന്ന് തീരുമാനിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരു നില്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും താന്‍ മത്സരിക്കില്ല.

അമിത്ഷായുമായും ഗുരുമൂര്‍ത്തിയുമായും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കണ്ടത്. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, മാവേലിക്കര യൂനിയന്‍ പ്രസിഡന്‍റ് സുഭാഷ് വാസു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

രാഷ്ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമോ എന്ന് ഇപ്പോള്‍ പറയാനൊക്കില്ല. എന്തിനാണ് ബി.ജെ.പിയെ അനാവശ്യമായി ഭയപ്പെടുന്നത്? അവര്‍ക്ക് എസ്.എന്‍.ഡി.പി യോഗം വോട്ടു കൊടുത്തില്ല. എങ്കിലും അവര്‍ അധികാരത്തില്‍ വന്നു. അധികാരമുള്ളവരെ കാണേണ്ട പല ആവശ്യങ്ങളുമുണ്ട്. ആവശ്യം നടത്തിയെടുക്കാന്‍ അങ്ങനെ വേണ്ടിവരും.

തങ്ങള്‍ ഉന്നയിച്ച പല കാര്യങ്ങളിലും പ്രതീക്ഷ നല്‍കുന്ന മറുപടിയാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണ സംവിധാനത്തില്‍ മാറ്റം വരുത്തില്ലെന്ന് നരേന്ദ്രമോദി ഉറപ്പു നല്‍കി. ആര്‍. ശങ്കറിന്‍െറ പ്രതിമാ അനാവരണത്തിന് എത്തിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാന്‍ പാകത്തില്‍ കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാര്യത്തില്‍ കേരളത്തെ മാറ്റിനിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടു. വീടില്ലാത്ത ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക്, ന്യൂനപക്ഷങ്ങള്‍ക്കെന്ന പോലെ കിടപ്പാടമുണ്ടാക്കുന്നതിന് സഹായം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ മൈക്രോ ഫിനാന്‍സ് പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കേന്ദ്രസഹായം തേടിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി യോഗത്തിന് ഒരു പാര്‍ട്ടിയോടും അയിത്തമില്ല; വിധേയത്വവുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിക്കാര്‍ക്ക് സീറ്റു തരാന്‍ ഇപ്പോള്‍ എല്ലാവരും മത്സരിക്കുന്നു. ആരു സീറ്റു തന്നാലും സ്വീകരിക്കും. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ മത്സരിച്ചു പ്രോത്സാഹിപ്പിക്കുന്ന രണ്ടു മുന്നണികളുമല്ലാതെ, മൂന്നാമതൊരു ചേരിക്ക് സാധ്യത കാണുന്നുണ്ട്. അഡ്ജസ്റ്റുമെന്‍റ് ഭരണം കണ്ട് ചെറുപ്പക്കാര്‍ നിരാശയിലാണ്. അവര്‍ ഈ മുന്നണികളില്‍ നിന്ന് കൊഴിഞ്ഞു പോവുന്നു.

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ കൂട്ടായ്മ വേണമെന്നാണ് എസ്.എന്‍.ഡി.പിയുടെ നിലപാട്. ഇരുമുന്നണികളും മുസ്ലിംകളെയും ക്രൈസ്തവരെയും പ്രോത്സാഹിപ്പിക്കുന്ന അജണ്ട മാത്രം കൊണ്ടുനടക്കുമ്പോള്‍ ഭൂരിപക്ഷത്തിന്‍െറ കൂട്ടായ്മ വേണമെന്ന് ഹിന്ദുക്കളിലെ മഹാഭൂരിപക്ഷം ചിന്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കാനാണ് ബി.ജെ.പി നീക്കമെന്ന് സൂചനയുണ്ട്. ഇതിനായി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രി സ്ഥാനം ഓഫര്‍ ചെയ്യുന്നുമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top