കൗതുകങ്ങള്‍ ഏറെയുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വോട്ടുയന്ത്രം ആദ്യമായി, ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയും ആദ്യം; സ്ഥാനാര്‍ഥികള്‍ക്കുമേല്‍ കര്‍ശന നിരീക്ഷണവും

panchayath electionതിരുവനന്തപുരം: വോട്ടുയന്ത്രവും ഫോട്ടോ പതിച്ച വോട്ടര്‍പട്ടികയും ത്രിതല പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്നത് ഇതാദ്യമായി. ത്രിതല പഞ്ചായത്തിലേക്ക് ഒരു വോട്ടുയന്ത്രംവഴി വോട്ട് രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിത്.

ഗ്രാമം, ബ്ലോക്, ജില്ല എന്നിവിടങ്ങളിലേക്ക് ഒറ്റ യന്ത്രത്തില്‍ മൂന്ന് തലങ്ങളിലേക്കും വോട്ട് രേഖപ്പെടുത്താം. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഒറ്റ വോട്ടുയന്ത്രം വീതവും ഗ്രാമം, ബ്ലോക്, ജില്ല എന്നിവിടങ്ങളിലേക്ക് മള്‍ട്ടി പോസ്റ്റല്‍ വോട്ടുയന്ത്രവുമാണ് ഉപയോഗിക്കുക. ഇതില്‍ മൂന്ന് ബാലറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടാകും.

വോട്ടര്‍ക്ക് ഗ്രാമം, ബ്ലോക്, ജില്ല എന്നീ ക്രമത്തിലോ ജില്ല , ബ്ലോക്, ഗ്രാമം എന്ന ക്രമത്തിലോ വോട്ടുചെയ്യാം. ക്രമം തെറ്റിച്ചു എന്ന കാരണത്താല്‍ വോട്ട് അസാധുവാകില്ല. മൂന്നാമത്തെ വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കും. അപ്പോഴേക്കും വേട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാകും. എന്നാല്‍ രണ്ട് വോട്ട്, അല്ലങ്കില്‍ ഒരു വോട്ട് മാത്രം ചെയ്യാനാണ് വോട്ടര്‍ ആഗ്രഹിക്കുന്നതെങ്കില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടുയന്ത്രത്തില്‍ അവസാനം കാണുന്ന എക്സിറ്റ് ബട്ടണ്‍ കൂടി പ്രസ്ചെയ്യണം. എന്നാലേ വോട്ട് രേഖപ്പെടുത്തി എന്ന് മനസ്സിലാക്കുന്ന ദീര്‍ഘമായ ബീപ് ശബ്ദം ഉണ്ടാകൂ.

വോട്ടര്‍ അത് പ്രസ്ചെയ്യാന്‍ വിട്ടുപോയാല്‍ പ്രിസൈഡിങ് ഓഫിസര്‍ എക്സിറ്റ് ബട്ടണ്‍ പ്രസ്ചെയ്ത് വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പാക്കും. അതേസമയം, ദീര്‍ഘരൂപത്തിലെ ബീപ് ശബ്ദം കേട്ടാല്‍മാത്രമേ അടുത്ത വോട്ടര്‍ക്ക് അതേയന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താനാവൂ. അതിനാല്‍ പ്രിസൈഡിങ് ഓഫിസര്‍ അത് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യും.

വോട്ടു ചെയ്യേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യാപകമായ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വോട്ടെണ്ണല്‍ സമയത്ത് എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ യന്ത്രത്തിന്‍െറ ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ് (ഡി.എം.എം) ഇളക്കി മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ച് വോട്ടെണ്ണല്‍ തുടരാം. 100 കോടിയോളം രൂപ ചെലവില്‍ 35,000 അത്യാധുനിക വോട്ടുയന്ത്രങ്ങളാണ് ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വാങ്ങിയത്. തെരഞ്ഞെടുപ്പ് ദിവസം ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ വോട്ടുയന്ത്രങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥികള്‍ക്ക് ചെലഴിക്കാവുന്ന തുക സംബന്ധിച്ചും പത്രികക്കൊപ്പം സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കേണ്ട തുകയെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കെട്ടിവെക്കേണ്ട തുക ഗ്രാമപഞ്ചായത്തില്‍ 1000 രൂപയും ബ്ലോക്കില്‍ 2000 ഉം ജില്ലയില്‍ 3000 വുമാണ്. മുനിസിപ്പാലിറ്റികളില്‍ 2000 രൂപയും കോര്‍പറേഷനില്‍ 3000 രൂപയുമാണ്. ഇതില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.

ഓരോ സ്ഥാനാര്‍ഥിയും ചെലവിടേണ്ട തുക ഗ്രാമപഞ്ചായത്തില്‍ 10,000 രൂപയും ബ്ലോക്കില്‍ 30,000 രൂപയും ജില്ലയില്‍ 60,000 രൂപയുമാണ്. മുനിസിപ്പാലിറ്റികളില്‍ ചെലവിടേണ്ട തുക 30,000 രൂപയും കോര്‍പറേഷനുകളില്‍ 60,000 രൂപയുമായും നിശ്ചയിച്ചു. സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി ചെലവഴിക്കുന്ന തുകയെ സംബന്ധിച്ച് നിരീക്ഷിക്കാന്‍ സാമ്പത്തിക നിരീക്ഷകരെയും നിയോഗിച്ചു.

Print Friendly, PDF & Email

Leave a Comment