Flash News

തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടികളും മുന്നണികളും ഒരുങ്ങുന്നു; ഇത്തവണ തീപ്പൊരി പോരാട്ടം

October 5, 2015 , സ്വന്തം ലേഖകന്‍

panchayath electionതിരുവനന്തപുരം: സമീപ വര്‍ഷങ്ങളിലൊന്നുമുണ്ടായിട്ടില്ലാത്ത തീപ്പൊരി പോരാട്ടത്തിനാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം സാക്ഷ്യം വഹിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നതിനാല്‍ ശരിക്കും അതിനുവേണ്ടിയുള്ള ഒരു സെമിഫൈനലാകും മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാനൊരുങ്ങുന്ന യു.ഡി.എഫില്‍ കോണ്‍ഗ്രസിന് പ്രതിസന്ധിയുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചതാണ് ഇപ്പോഴത്തെ സംഭവവികാസം. എന്നാല്‍, സുധീരന്‍ സ്വീകരിച്ച നടപടികള്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലമാക്കിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

അതായത്, മദ്യനിരോധനം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ സുധീരന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുണ്ട്. എന്നാല്‍, മുന്നണിയില്‍ പലയിടത്തും ഭിന്നത രൂക്ഷമാണ്. തൃശൂരിനെപ്പോലെ ചില ജില്ലകളില്‍ ഐ- എ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്നങ്ങളുള്ള മലപ്പുറത്ത് സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജനതാദള്‍- യുവും കൂടുതല്‍ അവകാശവാദമുന്നയിക്കുന്നു. കണ്ണൂര്‍ മേയര്‍ സ്ഥാനത്തിനായി ലീഗ്-കോണ്‍ഗ്രസ് പോരും ശക്തമാണ്. ജനതാദള്‍ -യു കൂടുതല്‍ സീറ്റിനായി സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും മാണി ഗ്രൂപ്പ് വലിയ അവകാശവാദമാണ് ഉയര്‍ത്തുന്നത്. ഇടതുപക്ഷത്തുണ്ടായിരുന്നപ്പോള്‍ ലഭിച്ച സീറ്റുകളെങ്കിലും വാങ്ങുകയാണ് ആര്‍.എസ്.പി ലക്ഷ്യം. എന്നാല്‍, സിറ്റിങ് സീറ്റ് എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.

2010ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച നേട്ടമാണ് കൈവരിച്ചത്. ആറ് മാസത്തിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറുകയും ചെയ്തു. ഇക്കുറിയും ഇത് ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ നഗരങ്ങളും ഗ്രാമങ്ങളും യു.ഡി.എഫ് പിടിച്ചടക്കി. 2005ല്‍ അഞ്ച് കോര്‍പറേഷനിലും വിജയിച്ച ഇടതുമുന്നണിയില്‍ നിന്ന് കൊച്ചിയും തൃശൂരും യു.ഡി.എഫ് പിടിച്ചെടുത്തു. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് കൊച്ചി ഇടതിന് കൈവിട്ടത്. തലസ്ഥാനത്ത് ഭരണം നിലനിര്‍ത്തിയത് കഷ്ടിച്ചും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലാ പഞ്ചായത്തുകള്‍ യു.ഡി.എഫിന് കിട്ടി.

കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. അന്ന് 59 മുനിസിപ്പാലിറ്റികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 39ലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 20 എണ്ണത്തിലേക്ക് ഇടതുമുന്നണി പരിമിതപ്പെട്ടു. ബ്ലോക്കുകളിലും യു.ഡി.എഫിന് തന്നെയായിരുന്നു മേധാവിത്തം. ഗ്രാമപഞ്ചായത്തുകളില്‍ 550 ലേറെ യു.ഡി.എഫ് ഭരണത്തിലായി.

ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിലും ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങളില്ല. പിണറായി വിജയന്‍ മാറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ സംസ്ഥാന നേതൃത്വത്തിന്‍െറ സമീപനങ്ങളില്‍ ചില മാറ്റങ്ങള്‍ ദൃശ്യമാണ്. വി.എസ് അച്യുതാനന്ദനെ പ്രകോപിപ്പിക്കാതെ പരമാവധി അനുനയിപ്പിച്ച് കൊണ്ടുപോകുന്ന സമീപനമാണ് കോടിയേരിയുടേത്. അതുകൊണ്ടുതന്നെ വിഭാഗീയത സി.പി.എമ്മിനെ വേട്ടയാടില്ല. നേരത്തേ മത്സരിച്ച സീറ്റുകള്‍ എന്ന ധാരണയാണ് മുന്നണിയിലുള്ളത്. ആര്‍.എസ്.പിയുടെ സീറ്റില്‍ സി.പി.ഐ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് പിള്ള, സി.എം.പിയില്‍നിന്നും ജെ.എസ്.എസില്‍നിന്നും വന്ന വിഭാഗങ്ങള്‍ എന്നിവരെ പരിഗണിക്കണം. ഇടതുമുന്നണി ജില്ലാതലത്തില്‍ സീറ്റ് ചര്‍ച്ച മുന്നോട്ടുപോയിക്കഴിഞ്ഞു. കവലകളിലെല്ലാം പെട്ടികള്‍വെച്ച് അഭിപ്രായം സ്വീകരിച്ചാണ് ഇടതുമുന്നണി പ്രകടനപത്രിക തയാറാക്കുന്നത്.

എന്നാല്‍, ഇരുമുന്നണികളും ഇത്തവണ ഭയക്കുന്നത് സ്വന്തം ഉള്‍പാര്‍ട്ടി പ്രശ്നങ്ങളെയല്ല, ബി.ജെ.പി- എസ്.എന്‍.ഡി.പി ‘മുന്നണി’യെയാണ്. എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര ചിഹ്നത്തിലാകും മല്‍സരിക്കുക. എസ്.എന്‍.ഡി.പി ഒപ്പം ചേരുന്നത് മറ്റ് പിന്നാക്ക സമുദായ- സവര്‍ണ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിയോടുള്ള അയിത്തം ഇല്ലാതാക്കും. എന്‍.എസ്.എസിന് സമദൂര സിദ്ധാന്തം മാറ്റേണ്ടിവരും.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ സാന്നിധ്യം സി.പി.എമ്മിനാണ് കൂടുതല്‍ വോട്ടുചോര്‍ച്ചയുണ്ടാക്കുക. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍. തെക്കന്‍ ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് പഞ്ചായത്ത് തലത്തില്‍ ശക്തമായ വേരോട്ടമുണ്ട്. വെള്ളാപ്പള്ളിയുടെ മൈക്രോ ഫിനാന്‍സിംഗ് പോലുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ സ്ത്രീകളെയും ഈഴവ കുടുംബങ്ങളെയും ആകര്‍ഷിച്ചവയാണ്. ഇത്തരം സാമൂഹിക സഹായ പദ്ധതികള്‍ വെള്ളാപ്പള്ളി വന്നശേഷം ധാരാളമായി നടപ്പാക്കിയിട്ടുണ്ട്. ഇവയുടെ ഗുണഭോക്താക്കളായ കുടുംബങ്ങള്‍ എസ്.എന്‍.ഡി.പിയെ ഒരു വോട്ടുബാങ്കാക്കി മാറ്റുമോ എന്നാണ് കണ്ടറിയാനുള്ളത്. ഈ ഈഴവ വോട്ടുബാങ്ക് സി.പി.എമ്മിന്‍െറ വോട്ടുകളിലാണ് ചോര്‍ച്ചയുണ്ടാക്കുക.

അതേസമയം, എസ്.എന്‍.ഡി.പിയുടെ വരവ് ബി.ജെ.പിയിലെ സവര്‍ണ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത് ബി.ജെ.പി വോട്ടുകളുടെ ചോര്‍ച്ചക്കിടയാക്കുകയും ചെയ്യും. ഏതായാലും വരാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പിന്‍െറ യഥാര്‍ഥ ടെസ്റ്റ് ഡോസായിരിക്കും ഈ തദ്ദേശ തെരഞ്ഞെടുപ്പ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top