Flash News

ദയാ ബായിയെ ശ്രവിക്കാം, ആദരിക്കാം

October 5, 2015 , ജോസ്‌ കല്ലിടുക്കില്‍, ചിക്കാഗോ

daya3‘എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം’ എന്ന ഗാന്ധിജിയുടെ മഹദ്‌വചനം പൂര്‍ണമായി ഉള്‍ക്കൊള്ളുവാനും പ്രാവര്‍ത്തികമാക്കുവാനും കഴിഞ്ഞിട്ടുള്ളവരില്‍ പ്രമുഖസ്ഥാനം അലങ്കരിയ്‌ക്കുന്ന വ്യക്തിത്വമായിരുന്നു മദര്‍ തെരേസയെ പുണ്യപദവിയിലേയ്‌ക്കുയര്‍ത്തിയത്‌. മദര്‍ തെരേസയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ ദര്‍ശിയ്‌ക്കുകയും അംഗീകരിയ്‌ക്കുകയും, സമാനതകളില്ലാത്ത വിധം ആദരിയ്‌ക്കപ്പെടുകയുമുണ്ടായി. പുറം ലോകത്തു വെട്ടപ്പെടുവാന്‍ താല്‌പര്യമില്ലാതെ, പ്രചരണത്തിനു പ്രാമുഖ്യം നല്‍കാതെ, ചൂഷിതരും മര്‍ദ്ദിതരുമായ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഉദ്ധാരണത്തിനുമായി ജീവിതം തന്നെ പൂര്‍ണമായും നീക്കിവയ്‌ക്കുന്ന പുണ്യാത്മാക്കള്‍ വേറേയുമുണ്ട്‌. അക്കൂട്ടത്തില്‍പ്പെടുന്നതാകാം ഉത്തരേന്ത്യയിലെ ആദിവാസികളുടേയും അധഃകൃതവര്‍ഗ്ഗങ്ങളുടേയും ഇടയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി ഒരു നിയോഗമെന്നോണം പൂര്‍ണമായി സമര്‍പ്പിയ്‌ക്കപ്പെട്ട ദയാ ബായി  എന്ന മലയാളിയുടെ ജീവിതം.

മാതാപിതാക്കളോ പൂര്‍വികരോ വരുത്തിയൊരു കടബാധ്യതയുടെ പേരില്‍ അടിമത്വത്തിനു സമാനമായി ജീവിതകാലം മുഴുവന്‍ ജന്മിമാര്‍ക്കു ജോലി ചെയ്യുവാന്‍ വിധിയ്‌ക്കപ്പെട്ട ‘ബോണ്ടഡ്‌ ലേബര്‍’ വ്യവസ്ഥിതി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും പ്രബലമാണ്‌. നിയമം മൂലം നിരോധിയ്‌ക്കപ്പെട്ടതെങ്കിലും ജന്മികളുടെ സമ്പത്തിന്റേയും സായുധബലത്തിന്റേയും വരേണ്യവിഭാഗത്തെ പ്രീണിപ്പിയ്‌ക്കുന്ന രാഷ്ട്രീയ, സാമൂഹിക, ഉദ്യോഗസ്ഥ മനോഭാവത്തിന്റേയും ഇരകളായി, സാമ്പത്തികവും ശാരീരികവും മാനസികവുമായ ചൂഷണത്തിനും പീഡനത്തിനും ഇരകളാകുന്നു, ആദിവാസികളിപ്പോഴും. അറിവിന്റേയും പിന്തുണയുടേയും സംഘശക്തിയുടേയും, പുറംലോകവുമായുള്ള ബന്ധത്തിന്റേയും അഭാവത്തില്‍ തങ്ങളനുഭവിയ്‌ക്കുന്നതു ചൂഷണമാണെന്നും, അതില്‍ നിന്നു മോചിതരാകാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്ന വസ്‌തുതയും ഇക്കൂട്ടര്‍ക്കറിവില്ല. ബിരുദപഠനത്തിനിടയില്‍ ആദിവാസിജനതയുമായി അടുത്തിടപഴകുവാനും, അവരനുഭവിയ്‌ക്കുന്ന യാതനകള്‍ക്കു ദൃക്‌സാക്ഷിയാകുവാന്‍ കഴിഞ്ഞതുമാണ്‌ സന്യസ്‌തയായിരുന്ന ദയാ ബായിയുടെ ജീവിതം മാറ്റിമറിച്ചത്‌.

പാലായ്‌ക്കു സമീപമുള്ള പൂവരണിയില്‍ പുരാതന പുല്ലാട്ട്‌ കുടുംബത്തില്‍ പരേതരായ മാത്യുഏലിക്കുട്ടി ദമ്പതികളുടെ 14 മക്കളില്‍ മൂത്ത ഇരട്ടക്കുട്ടികളിലൊന്നായാണ്‌, ദയാ ബായിയെന്ന്‌ ഇപ്പോള്‍ അറിയപ്പെടുന്ന, മേഴ്‌സി മാത്യുവിന്റെ ജനനം. പതിനാറാം വയസ്സില്‍ കന്യാസ്‌ത്രീയാകുവാനുള്ള മോഹവുമായി ബീഹാറിലേയ്‌ക്കു പുറപ്പെട്ട മേഴ്‌സിയുടെ ദയാ ബായിയായുള്ള പരിണാമം സംഭവബഹുലമാണ്‌. അതില്‍ ദയയ്‌ക്കും സാഹോദര്യഭാവത്തിനുമുപരിയായി നിശ്ചയദാര്‍ഢ്യത്തിന്റെ, സാമൂഹ്യപ്രതിബദ്ധതയുടെ, അര്‍പ്പണബോധത്തിന്റെ, ആത്മവിശ്വാസത്തിന്റെ സര്‍വ്വോപരി പരിപൂര്‍ണ സ്വയം സമര്‍പ്പണത്തിന്റെ വലിയൊരു ചരിത്രം അടങ്ങിയിട്ടുണ്ട്‌. നന്നേ ചെറുപ്പത്തില്‍ തങ്ങളുടെ ഓമനമകളെ കോണ്‍വെന്റില്‍ ചേരാനായി യാത്രയാക്കുമ്പോള്‍ ഈ കൊച്ചുമിടുക്കിയുടെ ജീവിതം മദ്ധ്യപ്രദേശത്തിലെ യാത്രാസൌകര്യങ്ങളോ വൈദ്യുതിയോ വെള്ളമോ സ്‌കൂളുകളോ ചികിത്സാസൌകര്യങ്ങളോ ലഭ്യമല്ലാത്തൊരു ആദിവാസിഗ്രാമത്തില്‍ ചെന്നെത്തുമെന്നു മാതാപിതാക്കളോ ബന്ധുജനങ്ങളോ ഗ്രാമവാസികളോ ചിന്തിച്ചിട്ടുണ്ടാകില്ല.

ദൈവവിളിയെന്നു കരുതി കന്യാസ്‌ത്രീയാകുവാനുള്ള മേഴ്‌സി മാത്യുവിന്റെ പുറപ്പാട്‌ തന്റെ യഥാര്‍ത്ഥ കര്‍മ്മമണ്ഡലം കണ്ടെത്തുവാനുള്ള ദൈവകല്‌പിതമായ മാര്‍ഗ്ഗം മാത്രമായിരുന്നു. സഭാവസ്‌ത്രം സ്വീകരിച്ച്‌ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സിസ്റ്റര്‍ അതു തിരിച്ചറിഞ്ഞു. എം എസ്സ്‌ ഡബ്ല്യു കോഴ്‌സിന്റെ ഭാഗമായ ആദിവാസി ഊരു സന്ദര്‍ശനം ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും കയ്‌പേറിയ ഒരനുഭവം മാത്രമാണ്‌. എന്നാല്‍ സിസ്റ്റര്‍ മേഴ്‌സിയ്‌ക്ക്‌ ആ അനുഭവം ഇന്ത്യയിലെ സാമൂഹ്യപ്രവര്‍ത്തനരംഗത്തെ ആദരണീയ വ്യക്തിത്വങ്ങളിലൊന്നാകുവാനുള്ള നിയോഗമായി മാറുകയായിരുന്നു. സഭയുടെ ചട്ടക്കൂടിലും, സഭാവസ്‌ത്രം കല്‌പിയ്‌ക്കുന്ന നിയന്ത്രണങ്ങളിലും നിന്നുകൊണ്ട്‌ ഒരു മുഴുസമയ ആദിവാസി ക്ഷേമപ്രവര്‍ത്തകയാകുവാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ സിസ്റ്റര്‍ സഭാവസ്‌ത്രം ഉപേക്ഷിയ്‌ക്കുവാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു.

കന്യാസ്‌ത്രീമഠത്തില്‍ നിന്നു വിടുതല്‍ നേടിയെങ്കിലും, ഒറ്റയാനായുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു വ്യക്തമായൊരു രൂപരേഖ തയ്യാറാക്കുവാനും, അനുയോജ്യമായൊരിടം കണ്ടെത്തുവാനും മേഴ്‌സിയ്‌ക്ക്‌ ഏറെ അലയേണ്ടി വന്നു. മലകളും വനങ്ങളും വയലുകളും താണ്ടി മാസങ്ങള്‍ നീണ്ട ഇത്തരം യാത്രയ്‌ക്കിടയില്‍ അഭയം നല്‍കിയ അപരിചിതരുടെ ഭവനങ്ങളില്‍ അന്തിയുറങ്ങിയും അവര്‍ നല്‍കിയ ഭക്ഷണം കഴിച്ചും മേഴ്‌സി യാത്ര തുടര്‍ന്നു. ഇതിനിടയില്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥിക്യാമ്പില്‍ സേവനം ചെയ്യുവാനും, മദര്‍ തെരേസയോടൊപ്പം പ്രവര്‍ത്തിയ്‌ക്കുവാനും മേഴ്‌സി മാത്യുവിന്‌ അവസരം ലഭിച്ചു.

ബംഗ്ലാദേശില്‍ നിന്നും തിരിച്ചെത്തിയ മേഴ്‌സി മാത്യു ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെയുള്ള തന്റെ പ്രയാണം തുടര്‍ന്നു. ഇതിനിടയില്‍ നര്‍മ്മദാ ബചാവോ ആന്ദോളന്‍ ഉള്‍പ്പെടെ നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചൂഷിതജനതയുടെ അതിജീവനത്തിനും വിമോചനത്തിനുമായുള്ള സമരങ്ങളിലേയ്‌ക്കും അവര്‍ ആകര്‍ഷിയ്‌ക്കപ്പെട്ടു. കൂട്ടത്തില്‍ പാതിവഴിയിലുപേക്ഷിച്ച തന്റെ എം എസ്‌ ഡബ്ല്യു ഡിഗ്രി പൂര്‍ത്തീകരിയ്‌ക്കുവാനും, ഗൌരവതരവും അപകടകരവുമായ സാമൂഹ്യപ്രവര്‍ത്തനത്തിന്‌ നിയമപരിജ്ഞാനം അനിവാര്യമാണെന്ന തിരിച്ചറിവു കറസ്‌പോണ്ടന്‍സ്‌ കോഴ്‌സു വഴി നിയമപഠനം പൂര്‍ത്തിയാക്കുവാനും അവരെ പ്രേരിപ്പിച്ചു.

പ്രതിബന്ധങ്ങളും വെല്ലുവിളികളും പരിഹാസങ്ങളും, ഇവയ്‌ക്കെല്ലാം പുറമേ ജീവല്‍ഭീഷണിയും പലപ്പോഴും നേരിട്ടെങ്കിലും, തന്റെ കര്‍മ്മമണ്ഡലം ആദിവാസി ജനതയ്‌ക്കിടയിലാണെന്നു മേഴ്‌സി നിശ്ചയിച്ചു കഴിഞ്ഞിരുന്നു. നീണ്ട യാത്രകള്‍ക്കു വിരാമമിട്ടുകൊണ്ട്‌ 32 വര്‍ഷം മുമ്പു മദ്ധ്യപ്രദേശിലെ ഛിന്ദ്‌വാഡാ ജില്ലയില്‍പ്പെട്ട ബാറുള്‍ വില്ലേജിലെ ഗോണ്ട്‌ വര്‍ഗ്ഗക്കാര്‍ക്കിടയില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ രൂപത്തിലും ഭാവത്തിലും മനസ്സിലും ഭാഷയിലും ഒരാദിവാസി വനിതയായി മേഴ്‌സി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു. ആദിവാസികള്‍ക്കൊപ്പം കൂലിവേല ചെയ്‌ത്‌, അവര്‍ക്കൊപ്പം അന്തിയുറങ്ങി, അവരനുഭവിയ്‌ക്കുന്ന ചൂഷണത്തിന്റെ തീവ്രതയും മോചനത്തിനുള്ള മാര്‍ഗ്ഗവും അവര്‍ക്കുള്ള നിയമസംരക്ഷണവും ബോധ്യപ്പെടുത്തി, അവരുടെ പൂര്‍ണവിശ്വാസം ആര്‍ജിയ്‌ക്കുവാന്‍ മേഴ്‌സിയ്‌ക്ക്‌ ഏറെനാള്‍ വേണ്ടി വന്നില്ല. ചൂഷണങ്ങള്‍ക്കെതിരേയുള്ള ആദിവാസികളുടെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയതിനൊപ്പം ഏറെ പ്രചോദനമേകുന്ന അവരുടെ പ്രസംഗങ്ങളും, സ്വന്തമായി സ്‌ക്രിപ്‌റ്റെഴുതി ആദിവാസികള്‍ക്കൊപ്പം അവര്‍ അവതരിപ്പിച്ച തെരുവുനാടകങ്ങളും വഴി വര്‍ഗ്ഗീയത, അമിതമദ്യപാനം, പരിസ്ഥിതി മലിനീകരണം എന്നീ വിഷയങ്ങളെപ്പറ്റി ഗ്രാമവാസികളെ ബോധവല്‍ക്കരിയ്‌ക്കാനും അവര്‍ക്കു കഴിഞ്ഞു. സമരങ്ങളുടെ ഫലമായി നേടിയെടുത്ത സ്‌കൂള്‍ ആദിവാസിക്കുട്ടികളുടെ ജീവിതത്തിനു പുതിയ അര്‍ത്ഥവും പ്രതീക്ഷയും നല്‍കി. മേഴ്‌സിയ്‌ക്കൊപ്പം പല വിശേഷണങ്ങളും വന്നു ചേര്‍ന്നെങ്കിലും, കരുണയുള്ള സഹോദരിയെന്ന അര്‍ത്ഥമുള്ള ദയാഭായി എന്ന വിശേഷണം കേവലമൊരു വിശേഷണം മാത്രമാകാതെ, അവരുടെ നാമവും കൂടി ആയി ഭവിയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ സ്വന്തം സഹോദരങ്ങളും നാട്ടുകാരും മേഴ്‌സി മാത്യുവിനെ പൂര്‍ണമായും മറന്നു കഴിഞ്ഞു. പകരം ദയാ ബായിയെ ഹൃദയപൂര്‍വ്വം ആശ്ലേഷിച്ചു.

ദയാ ബായിയുടെ പ്രവര്‍ത്തനങ്ങള്‍ ബാറുള്‍ ഗ്രാമത്തില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. മദ്ധ്യപ്രദേശത്തൊട്ടാകെയും അതിനപ്പുറത്തേയ്‌ക്കും അവ വ്യാപിച്ചു. മാധ്യമങ്ങളില്‍ നിന്നും പ്രചരണങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ബോധപൂര്‍വ്വം വിട്ടുനിന്നെങ്കിലും ഏറെനാള്‍ അവയില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ദയാ ബായിയ്‌ക്കു കഴിഞ്ഞില്ല. ദയാ ബായിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധിയ്‌ക്കപ്പെട്ടു. ദൂരദര്‍ശന്‍ നിര്‍മ്മിച്ചു പ്രക്ഷേപണം ചെയ്‌ത ട്രൈബല്‍ മേഴ്‌സി എന്ന ഡോക്യുമെന്ററി ദയാ ബായിയ്‌ക്കുള്ള ദേശീയബഹുമതി കൂടിയായിരുന്നു. ദയാ ബായിയ്‌ക്കൊപ്പം ബാറുളിലെ അവരുടെ മണ്‍കുടിലില്‍ താമസിച്ചു സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഷൈനി ജേക്കബ്‌ ബെഞ്ചമിന്‍ നിര്‍മ്മിച്ച ‘ഒറ്റയാള്‍’ എന്ന ഡോക്യുമെന്ററി നിരൂപകപ്രശംസയ്‌ക്കൊപ്പം നിരവധി ഇന്ത്യന്‍ ജനതയ്‌ക്കിടയില്‍ ദയാ ബായിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും സമര്‍ത്ഥമായി അനാവരണം ചെയ്യുവാനും ഇടയാക്കി.

നിരവധി അവാര്‍ഡുകളും അംഗീകാരവും ദയാ ബായിയെ തേടിയെത്തിയതു സ്വാഭാവികം മാത്രമായിരുന്നു. സാമൂഹ്യസേവനത്തിനുള്ള ദേശീയ ബഹുമതിയായ ‘ധര്‍മ്മഭാരതി’ അവാര്‍ഡ്‌, 2007 വനിതാ മാഗസിന്‍ നല്‍കിയ ‘വുമണ്‍ ഓഫ്‌ ദ ഇയര്‍’ അവാര്‍ഡ്‌, കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി വഴി ചിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ പാരീഷ്‌ അഗാപ്പ സംഘടന നല്‍കിയ ‘ഗുഡ്‌ സമരിറ്റന്‍’ അവാര്‍ഡ്‌ എന്നിവ അവയില്‍ച്ചിലതു മാത്രം.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അംഗീകാരം ദയാ ബായിയെത്തേടി വീണ്ടും എത്തുന്നുവെന്നതു തികച്ചും ചാരിതാര്‍ത്ഥ്യജനകമാണ്‌. ഒക്ടോബര്‍ 9, 10, 11 എന്നീ തീയതികളില്‍ ന്യൂയോര്‍ക്കിലെ ക്ലാരിയോണ്‍  ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്ന ഇന്‍ഡോഅമേരിക്കന്‍ പ്രസ്സ്‌ ക്ലബ്ബിന്റെ ത്രിദിന സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായ ദയാ ബായിയ്‌ക്ക്‌ ഐ ഏ പി സിയുടെ ‘സദ്‌കര്‍മ്മ’ അവാര്‍ഡു നല്‍കി ആദരിയ്‌ക്കപ്പെടും. പ്രസ്‌തുത സമ്മേളനത്തില്‍ ദയാ ബായിയുടെ ഇളയ സഹോദരന്‍ ജോര്‍ജ്ജ്‌ മാത്യു അവതരിപ്പിയ്‌ക്കുന്ന ‘മാജിക്‌ വിത്ത്‌ നമ്പേഴ്‌സ്‌’ എന്ന മാജിക്‌ ഷോയും ഉണ്ടായിരിയ്‌ക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top