കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സച്ചിന്‍ സ്വന്തമാക്കാനൊരുങ്ങുന്നു

sachinകൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പൂര്‍ണ നിയന്ത്രണം സച്ചിനിലേക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാനാണ് സച്ചിന്‍ ഒരുങ്ങുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ പി.വി.പി വെഞ്ച്വേഴ്‌സും സച്ചിനുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥര്‍. നിലവിലുള്ള 40 ശതമാനം ഓഹരി പങ്കാളിത്തത്തിനു പുറമേ 20 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനാണ് സച്ചിന്റെ തീരുമാനം. 20 ശതമാനം മൂത്തൂറ്റ് ഗ്രൂപ്പും വാങ്ങുന്നതോടെ ടീമിലെ പിവിപി വെഞ്ച്വേഴ്‌സിന്റെ ഓഹരി പങ്കാളിത്തം 20 ശതമാനമായി ചുരുങ്ങും. ഏകദേശം 85 കോടി രൂപയുടേതാണ് ഇടപാട്. 200 കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂല്യം.

സാമ്പത്തിക പ്രതിസന്ധിയും മറ്റു ബിസിനസ്സുകളില്‍ നിക്ഷേപം നടത്താനുള്ള തീരുമാനമാണ് ഓഹരികള്‍ വില്‍ക്കാന്‍ പി.വി.പി വെഞ്ച്വേഴ്‌സിനെ പ്രേരിപ്പിച്ചത്. ഇടപാട് സംബന്ധിച്ച് സച്ചിനോ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പോ സ്ഥിരീകരണം നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കാണികളുടെ എണ്ണത്തില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പിന്നിലായി കൊച്ചിയും രണ്ടാമതെത്തിയിരുന്നു. സച്ചിന്‍ പൂര്‍ണ ഉടമസ്ഥനാകുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് മൂല്യം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

Print Friendly, PDF & Email

Leave a Comment