ഓണ്‍‌ലൈനില്‍ പ്രണയിക്കണോ? പോയി വ്യാകരണം പഠിച്ചിട്ടു വാ

online_loveപ്രണയത്തിന് ചിലപ്പോള്‍ കണ്ണും മൂക്കുമൊന്നുമുണ്ടാവില്ല, പക്ഷേ വ്യാകരണമുണ്ട്…. പ്രത്യേകിച്ച് ഓണ്‍ലൈനുകളില്‍ മൊട്ടിടുന്ന പ്രണയത്തിന്. ചാറ്റിങ്ങിനിടയില്‍ അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും വരുത്തുന്നവര്‍ ഓണ്‍ ലൈന്‍ പ്രണയത്തില്‍ പിന്തള്ളപ്പെടുമെന്നാണ് പുതിയ സര്‍വേകളില്‍ തെളിയുന്നത്. പ്രണയത്തിനെന്തു വ്യാകരണമെന്ന ഭാവവുമായി ചെന്നാല്‍ ഓണ്‍ലൈനില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു സാരം.

സ്കൂളുകളില്‍ വച്ചു തന്നെ മറന്നു കളഞ്ഞ വ്യാകരണത്തിന്‍റെ അടിസ്ഥാന പാഠങ്ങളെല്ലാം ഒന്നു കൂടി എടുത്തു പഠിച്ചിട്ടു വേണം ഇനി ചാറ്റ് ബോക്സുകളിലേക്കു ചെല്ലാന്‍. മാച്ച്ഡോട്ട്കോം നടത്തിയ സര്‍വേയിലാണ് 96 ശതമാനം സ്ത്രീകളും കാമുകന്‍റെ ഭാഷ വ്യാകരണപ്പിശകില്ലാത്തതാകണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളവരാണെന്നു തെളിഞ്ഞത്. തോന്നിയ പോലെ വാക്കുകള്‍ വാരി വലിച്ചെഴുതി ഇനി സ്റ്റാറാകാമെന്നു കരുതിയാല്‍ രക്ഷയില്ലെന്നര്‍ഥം. ഓണ്‍ലൈന്‍ പ്രണയാഭ്യര്‍ഥനങ്ങള്‍ പരാജയപ്പെടുന്നതിന്‍റെ കാരണങ്ങളെക്കുറിച്ചാണ് സര്‍വേ നടത്തിയത്. പഠനം നടത്തിയവരെ അദ്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ഭൂരിപക്ഷത്തിന്‍റെയും പ്രതികരണം. പ്രൊഫൈല്‍ പിക്ചറോ വ്യക്തിപരമായ ഇഷ്ടങ്ങളോ ഒന്നുമായിരുന്നില്ല പ്രണയാഭ്യര്‍ഥനകള്‍ തകരുന്നതിന്‍റെ പ്രധാന കാരണം. വ്യാകരണപ്പിശകുകളും അക്ഷരത്തെറ്റുകളുമായിരുന്നു. കൂട്ടത്തില്‍ സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നു പറയുന്നു സര്‍വേ നടത്തിയവര്‍.

സര്‍വേയില്‍ പങ്കെടുത്ത അയ്യായിരം സ്ത്രീകളില്‍ 96 ശതമാനം സ്ത്രീകളും ആത്മവിശ്വാസത്തേക്കാളുമുപരി വ്യാകരണത്തിലെ കണിശതക്കാണു പ്രാധാന്യം കൊടുത്തത്. പ്രൂഫ് റീഡിങ്ങ് കമ്പനിയായ ഗ്രാമേളി നടത്തിയ പഠനത്തിലും ഇതിനു സമാനമായ കണ്ടെത്തലാണുണ്ടായത്. ഓണ്‍ലൈന്‍ പ്രൊഫൈലില്‍ പതിനാലു ശതമാനത്തിലധികം വ്യാകരണപ്പിശകും അക്ഷരത്തെറ്റുകളും വരുത്തുന്നവര്‍ക്ക് അനുകൂലമായ പ്രതികരണം ലഭിക്കുന്നത് അപൂര്‍വമായി മാത്രമാണെന്നാണ് ഗ്രാമേളി കണ്ടെത്തിയത്. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍ വ്യാകരണത്തിനും അക്ഷരങ്ങള്‍ക്കുമൊന്നും വലിയ സ്വാധീനം ചെലുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ വ്യാകരണപ്പിശകോടെ ചാറ്റ് ചെയ്താലും അതിന്‍റെ പേരില്‍ അവര്‍ അവഗണിക്കപ്പെടുന്നത് വളരെ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുഴുവന്‍ അക്ഷരങ്ങളുമില്ലാതെ വാക്കുകള്‍ ചെറുതാക്കിയുള്ള മെസേജുകള്‍ പോലും പ്രണയാഭ്യര്‍ഥനയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും പറയുന്നു പഠനങ്ങള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment