തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് ക്രൈംബ്രാഞ്ചാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ആരെയും കേസില്‍ കുടുക്കാനോ ഒഴിവാക്കാനോ സര്‍ക്കാറിന് താല്പര്യമില്ല. സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തിയതാണ്. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടെങ്കിലും ഹൈകോടതിയും സുപ്രീംകോടതിയും നിരാകരിച്ചു. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിച്ചത്. ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന് സര്‍ക്കാറിന് പറയാനാകില്ല. നിയമപരമായി മാത്രമേ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകൂ. ആരോപണങ്ങള്‍ പരിശോധിച്ച് എന്തുനടപടി വേണമെന്ന് റിപ്പോര്‍ട്ട് നല്കാന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭ്യമായശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദ, ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തകുമാരി, ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ഡോ. ബിജു രമേശ് എന്നിവരുടെ ആരോപണങ്ങളും ആക്ഷേപങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് മേധാവി എസ്. ആനന്ദകൃഷ്ണനോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് സാധ്യത ഇല്ലന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. 2002ല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന വിന്‍സന്‍ എം. പോളിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം യൂനിറ്റ് എസ്.പി രണ്ടുപ്രാവശ്യം അന്വേഷിച്ചിട്ടും കൊലപാതകമാണെന്ന് തെളിയിക്കാന്‍ കഴിയാതിരുന്ന കേസ് വീണ്ടും അന്വേഷിക്കേണ്ടതില്ലന്നാണ് പൊലീസ് ഉന്നതരുടെ നിലപാട്. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഹൈകോടതിയും സുപ്രീംകോടതിയും നിരാകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പഴയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കുന്നത് കൊണ്ട് പ്രയോജനമില്ലന്നാണ് വിലയിരുത്തല്‍.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news