ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന് ബുക്കര്‍ പ്രൈസ്

marlone-jamesലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്. വിഖ്യാത സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കി മാര്‍ലോണ്‍ എഴുതിയ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്ങ്‌സ്’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 1976ല്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് ജയിംസ് രചിച്ചത്.

ഇന്ത്യന്‍-ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ ‘ദ ഇയര്‍ ഓഫ് റണ്‍വേസ്’ എന്ന പുസ്തകത്തെ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചാണ് മര്‍ലോണ്‍ നേട്ടം കൈവരിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് 44 കാരനായ ജയിംസ് മാര്‍ലോന്‍ ജയിംസ്.

ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 50,000 പൗണ്ടാണ് സമ്മാനത്തുക. അവസാന റൗണ്ടിലെത്തിയ പുസ്തകങ്ങളില്‍ ഏറ്റവും ആവേശമുണ്ടാക്കുന്ന കൃതിയാണിതെന്നായിരുന്നു ചീഫ് ജൂറി മൈക്കല്‍ വുഡ് അഭിപ്രായപ്പെട്ടത്.

680 പേജുള്ള ചരിത്ര ഗ്രന്ഥം റെഗ്ഗെ സംഗീതത്തില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് നോവല്‍ എഴുതിയതെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മാര്‍ലോണ്‍ ജയിംസ് പറഞ്ഞു. തന്നില്‍ സാഹിത്യ അഭിരുചികള്‍ വളര്‍ത്തിയത് പിതാവാണ്. അദ്ദേഹം ഇന്ന് തന്നോടൊപ്പമില്ല. പുരസ്‌കാരം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും ജയിംസ് പറഞ്ഞു. ജമൈക്കന്‍ ജനതയേയും രാഷ്ട്രീയത്തേയും ഏറെ സ്വാധീനിച്ച മാര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് 75 കഥാപാത്രങ്ങളിലൂടെ ഈ നോവലില്‍ വരച്ചു വെച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment