വീട് നിര്‍മാണത്തിനുള്ള പണം പൊലീസ് പിടച്ചെടുത്തെന്ന പരാതി അന്വേഷിക്കണമെന്ന് ഹൈകോടതി

khcകൊച്ചി: വീട് നിര്‍മാണത്തിന് കരുതിവെച്ച തുക ഓപറേഷന്‍ കുബേരയുടെ ഭാഗമായി റെയ്ഡ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി പരാതി. അനധികൃത പണമിടപാടിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്ത പൊലീസ് തന്നില്‍നിന്ന് പിടിച്ചെടുത്ത മൂന്ന് ലക്ഷത്തോളം രൂപ മുക്കിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം നെയ്യാറ്റിന്‍കര വെറ്റിവിള സ്വദേശി ബാബു എന്ന ബൊമ്മന്‍ ബാബുവാണ് കോടതിയെ സമീപിച്ചത്.

വീട് റെയ്ഡ് നടത്തിയപ്പോള്‍ 10000 രൂപയുടെയും 2000 രൂപയുടെയും പ്രോമിസറി നോട്ടുകളും ചെക്കും പിടിച്ചെടുത്തു. വീട് നിര്‍മാണത്തിന് വെച്ച 4,25,000 രൂപയും പിടിച്ചെടുത്തു. എന്നാല്‍, 1,25,360 രൂപ മാത്രം പിടിച്ചെടുത്തതായാണ് പൊലീസ് രേഖപ്പെടുത്തിയത്. തനിക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

അന്തിമ റിപ്പോര്‍ട്ടും ഹരജിക്കാരന്റെ ആരോപണങ്ങളും വിലയിരുത്തിയാല്‍ പൊലീസ് ഹരജിക്കാരന്റെ വീട്ടില്‍ ആസൂത്രിതമായി പരിശോധന നടത്തിയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. രണ്ട് പ്രോമിസറി നോട്ടിന്റെയും പ്രോമിസറി നോട്ടിന്റെ അധിക ഈടായി നല്‍കിയ ഒരു ചെക് ലീഫിന്‍െറയും ബലത്തില്‍ അനധികൃത പണമിടപാട് സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതല്ല. വീട് നിര്‍മാണത്തിന് വെച്ച പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് നേരത്തേ പരാതി നല്‍കിയിരുന്നില്ലന്നാണ് ഹരജിക്കാരനെതിരായ ആരോപണം. എന്നാല്‍, ഈ ആരോപണം ഗൗരവത്തോടെ കാണേണ്ട കാര്യമില്ല.

അതേസമയം, ഹരജിക്കാരന്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ അന്വേഷണം നടക്കേണ്ടതുണ്ട്. പൊലീസ് വലിയ തുക പിടിച്ചെടുത്ത ശേഷം ചെറിയ തുക മാത്രം രേഖപ്പെടുത്തിയെന്നത് ഗൗരവമുള്ള ആരോപണമാണ്. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത പണം ഹരജിക്കാരന് വിട്ടുനല്‍കാനും കോടതി നിര്‍ദേശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment