സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

accidentകോഴിക്കോട്: കൊടുവള്ളിക്കു സമീപം പാലക്കുറ്റി ആക്കിപ്പൊയില്‍ ജുമാമസ്ജിദിനു മുന്നില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ കിഴക്കോത്ത് കച്ചേരിമുക്ക് വടക്കെതൊടുകയില്‍ തികുണ്ടത്തില്‍ പരേതനായ അയമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് (52), ലോഡിങ് തൊഴിലാളി കിഴക്കോത്ത് കാവിലുമ്മാരം പരേതനായ മുഹമ്മദിന്റെ മകന്‍ തലപ്പടിക്കല്‍ അയമു (53) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 8.15ഓടെയാണ് സംഭവം.

കോഴിക്കോട്ടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന സെന്‍റ് മേരീസ് സൂപ്പര്‍ ഫാസ്റ്റ് ബസും താമരശ്ശേരിയില്‍ നിന്ന് കൊടുവള്ളി ഭാഗത്തേക്ക് കരിങ്കല്ല് കയറ്റിവന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ അമിതവേഗത്തില്‍ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന കരിങ്കല്ലുകള്‍ ബസിലേക്ക് തെറിച്ചുവീണു. അയമു സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ മുഹമ്മദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ ബസിലുണ്ടായിരുന്നവരെയും നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. ബസ് ഡ്രൈവര്‍ ബത്തേരി സ്വദേശി ജിജുവിന് (29) ടിപ്പര്‍ ലോറിയിലെ കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

Print Friendly, PDF & Email

Leave a Comment