Flash News

വാല്‍ക്കണ്ണാടി: സംസ്‌കാരശൂന്യമാകുന്ന ശവസംസ്‌ക്കാരങ്ങള്‍

October 15, 2015 , കോരസണ്‍

samskara soonayamകുറച്ചുനാള്‍ മുമ്പ് ഒരു ഐറീഷ്-അമേരിക്കന്‍ സുഹൃത്തിന്റെ മാതാവിന്റെ ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് പുതിയ അനുഭവമായി. ശവസംസ്‌ക്കാര ഭവനത്തില്‍ (ഫ്യൂണറല്‍ ഹോം)ഒരു പാര്‍ട്ടി ആഘോഷിക്കുന്നതിന്റെ എല്ലാ ആരവങ്ങളും! മിക്കവാറും എല്ലാവരും മദ്യം പിടിച്ച ഗ്ലാസ്സുകളുമായി സന്തോഷമായി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടു നടക്കുന്നു. സുഹൃത്തു അടുത്തു വന്നു സന്തോഷപൂര്‍വ്വം ആശ്ലേഷിച്ചു, അവര്‍ അമിത മദ്യാപനത്തില്‍ നില്‍ക്കുവാന്‍ തന്നെ പാടുപെടുകയായിരുന്നു. സുന്ദരിയായി ഒരുക്കിക്കിടത്തിയിരിക്കുന്ന അമ്മയുടെ ശരീരത്തിനരികില്‍ ഞങ്ങളെ കൂട്ടികൊണ്ടുപോയി. മുട്ടുമടക്കി കുരിശുവരച്ച് അമ്മയുടെ ശരീരത്തില്‍ വിരലുകള്‍ ഓടിച്ചു ഒന്നു തേങ്ങി. പെട്ടെന്ന് എഴുന്നേറ്റ് മന്ദഹസിച്ചു. അമ്മയുടെ റോസ് നിറമുള്ള സാറ്റിന്‍ കുപ്പായത്തെപ്പറ്റി പറയുവാനാരംഭിച്ചു. ചില വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അമ്മ അവരെ ധരിപ്പിക്കുവാനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു, അതിന്റെ നിറവും ഗുണവും എല്ലാം ഉറപ്പാക്കി പ്രത്യേകം തയ്യാറാക്കി വച്ചിരുന്നു. ശവസംസ്‌ക്കാരം നടത്തേണ്ട ഫ്യൂണറല്‍ ഹോം, സെമിത്തേരി, മറ്റു ക്രമീകരണങ്ങള്‍ ഒക്കെ മുന്‍ക്കൂര്‍ പണം അടച്ചു. അറിയിക്കേണ്ടവരുടെ ലിസ്റ്റ്, ചടങ്ങുകള്‍ നടത്തേണ്ട പുരോഹിതന്‍, അദ്ദേഹത്തിനു കൊടുക്കേണ്ട പണം പ്രത്യേകം കവറിലിട്ട് തയ്യാറാക്കി വച്ചിരുന്നു. വീണ്ടും കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. വരുന്നവര്‍ കൈയ്യില്‍ കൊണ്ടുവരുന്ന മദ്യക്കുപ്പികള്‍ മേശയില്‍ വച്ച് കുശലം ഒക്കെ പറഞ്ഞിട്ടാണ് മൃതശരീരം കാണുവാന്‍ പോയത്്. താന്‍ കടന്നു പോകുമ്പോള്‍ എല്ലാവരും സന്തോഷമായി യാത്ര അയക്കണമെന്നാണ് ആ മാതാവ് ആഗ്രഹിച്ചിരുന്നത് എന്നു സുഹൃത്തു പറഞ്ഞത് പൊട്ടിച്ചിരിച്ചുകൊണ്ടാണ്. കനം പിടിച്ച മുഖവുമായി കടന്നുചെന്ന് (കരയാനും ചിരിക്കാനും ആവാത്ത)ഒരു പരുവത്തില്‍ ഞാന്‍ അവിടെ നിന്നും പുറത്തുവന്നു.

അമേരിക്കന്‍ മലയാളികളുടെ ശവസംസ്‌ക്കാരച്ചടങ്ങുകള്‍ വിചിത്രമായ സംഭവങ്ങള്‍ ആയിക്കൊണ്ടിരിക്കയാണ്. മത-സാമൂഹിക സംഘടനാ നേതാക്കളുടെ ഒരു വലിയ നിര അനുശോചന പ്രസംഗത്തിനായി നെട്ടോട്ടം ഓടുന്ന കാഴ്ച, വേദന കടിച്ചമര്‍ത്തി ഇരിക്കുന്നവര്‍ക്കു അല്പം പരിഹാസോദ്യകമായ ശാന്തിയായി മാറുകയാണ്. മരിച്ച ആളിനെ ഒരു പരിചയം പോലുമില്ലെങ്കിലും, ക്ലബ്ബിന്റെയും സംഘടനയുടെയും പേരില്‍ അനുശോചനം അടിച്ചു വിടുകയാണ്. എത്ര ദൂരയാത്ര ചെയ്തും ഓടിയെത്തി, തന്റെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യം ആവേശപൂര്‍വ്വം അറിയിച്ചിട്ട് സ്ഥലം വിടുകയാണ്. പല പ്രസംഗങ്ങളും കേട്ടാല്‍ മരിച്ചു കിടക്കുന്ന ആള്‍ എഴുന്നേറ്റു വന്നു ചെകിട്ടത്ത് അടിച്ചു പോകും. കേരളത്തിലെ അടിപൊളി ശവസംസ്‌ക്കാര ചടങ്ങുകള്‍ പോലെ അത്ര വിപുലീകൃതമല്ലെങ്കിലും ശവസംസ്‌ക്കാരം, സംസ്‌കാര ശൂന്യമാകരുതല്ലോ!

അനാഥമായ മരണയാത്രകളെപ്പറ്റി മാദ്ധ്യമങ്ങളില്‍ അടുത്തിടെ വന്ന ചര്‍ച്ചകള്‍ ശ്രദ്ധേയമായി. തന്റെ പ്രഭാഷണങ്ങള്‍ കൊണ്ട് ഒരു കാലഘട്ടത്തെ കോള്‍മയിര്‍ കൊള്ളിച്ചതും, സത്യസന്ധമായ പ്രവര്‍ത്തനം കൊണ്ട് കേരളത്തിന്റെയും സമുദായത്തിന്റെയും ആത്മാവിനെ തൊട്ടുണര്‍ത്തിയ ഗുരുഭൂതനായ പ്രൊഫ.എം.പി. മന്മധന്‍ സാറിന്റെ ശുഷ്‌ക്കമായ അന്ത്യയാത്രയെപ്പറ്റി ശ്രീ. പ്രായിപ്ര രാധാകൃഷ്ണന്‍ എഴുതി. ‘കല ജീവിതത്തിനുവേണ്ടി ‘ എന്ന രണ്ടു വാദങ്ങള്‍ക്കിടയില്‍ ‘കല ജീവിതം തന്നെ’ എന്ന് കാട്ടിക്കൊടുത്ത പ്രമുഖ സാഹിത്യ വിമര്‍ശകനും ഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ 23 പേര്‍ മാത്രം അടങ്ങിയ മരണയാത്രയെപ്പറ്റി കാരിശ്ശേരി എഴുതി. ‘വിശ്വരൂപം’ മലയാളത്തിനു സമ്മാനിച്ച സുരാസുവിന്റെ ആള്‍കൂട്ടമില്ലാത്ത വിലാപയാത്രയും മാതൃഭൂമി വീക്കിലിയുടെ താളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും, സാഹിത്യ ലോകത്തെ പുകള്‍പെറ്റ ശ്രീ.കെ.എം.തരകന്റെ ശുഷ്‌ക്കമായ അന്ത്യയാത്രയെപ്പറ്റി സാഹിത്യകാരനായ ശ്രീ തോമസ് നീലാര്‍മഠം പറഞ്ഞതും ഓര്‍ക്കുന്നു.

സ്വന്തമായ ഇടങ്ങള്‍ കണ്ടുപിടിച്ച് അവിടെ സ്വതസിദ്ധമായ പീഠങ്ങള്‍ സ്ഥാപിച്ച്, ലോകത്തെ ഒറ്റക്കണ്ണുകൊണ്ട് നോക്കി, സ്വയം നഷ്ടപ്പെടുത്തിയ ഒരു പിടി മഹാന്മാരെ നാം തമസ്‌ക്കരിച്ചു. അതാണു സമൂഹം. ഏകാന്തതയിലും ഒറ്റപ്പെടലുകളിലും ഒടുങ്ങി ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും അറിയാതെ ഇവര്‍ അപ്രത്യക്ഷമാവുന്നു. ‘സാറില്ലാതെ യോഗം നടക്കില്ല’ എന്നു നിര്‍ബ്ബന്ധിച്ചു കാറില്‍ കയറ്റി കൊണ്ടു പോയിട്ട് ഏതോ പിള്ളാരുടെ സ്‌ക്കൂട്ടറിനു പിറകില്‍ കയറ്റി വീട്ടില്‍ കൊണ്ടു തട്ടിവിട്ടു പോവുന്ന ആദരണീയരായ പ്രതിഭകളുടെ ചരിത്രം ചിലരുടെ ഓര്‍മ്മയിലെങ്കിലും ഓടിയെത്താതിരിക്കില്ല.

‘കമ്മ്യണിസറ്റു മാനിഫസ്റ്റോയും’ ‘ക്യാപിറ്റലും’ മനുഷ്യ കുലത്തിനു സംഭാവന ചെയ്ത്, മനുഷ്യ വികസനത്തിന്റെ പുതിയ മാനം സമ്മാനിച്ച കാറല്‍ മാര്‍ക്‌സിന്റെ അന്ത്യയാത്രയ്ക്ക് സെമിത്തേരി ജോലിക്കാരുള്‍പ്പടെ 11 പേരായിരുന്നു സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചതെന്ന് വായിച്ചതോര്‍ക്കുന്നു. അതു 1883 ലെ പഴയ കഥയായിരുന്നെങ്കിലും, മനുഷ്യപക്ഷത്തു നിലയുറപ്പിച്ച ഒറ്റയാനും നിഷേധിയുമായി വിരല്‍ ചൂണ്ടി നിന്ന മഹാത്മാക്കളെ നാം എന്തോ അകത്തി നിര്‍ത്താനും, അവരുടെ ചിന്തകളെ മാത്രം താലോലിക്കാനും നാം തയ്യാറാവുന്നു.

മരണമാണ് ജീവിതത്തിന്റെ അസ്ഥിത്വം നിശ്ചയിക്കുന്നതെന്ന വാദം എത്ര ശരിയാണെന്നറിയില്ല. എത്ര പുളകിതമായി ഒഴുകുന്ന പുഴയാണെങ്കിലും അതു ആര്‍ത്തു വീണു നിപതിക്കുമ്പോഴുള്ള ഉന്മാദം ഒന്നു വേറെ തന്നെയാണ്. വെള്ളചാട്ടങ്ങള്‍ വന്‍ പതനങ്ങളാണെങ്കിലും, വലിയ ഊര്‍ജ്ജപ്രവാഹവും, മാസ്മരികമായ ചാരുതയും അതിനുണ്ട്. മനുഷ്യജീവിതത്തിന്റെ മരണമെന്ന പതനം തമസ്‌ക്രരിക്കപ്പെടേണ്ടതല്ല. ഒരു പക്ഷേ മരണമാണ് ജീവിത യാത്രയുടെ ലക്ഷ്യം തന്നെ, ഓരോ നിമിഷവും അടുത്തടുത്തുവരുന്ന പദവിന്യാസം നാം അറിയാതെ കേള്‍ക്കുന്നുണ്ടോ? മരണം ഒരു ചെന്നു ചേരലാണ് എന്നോ പുറപ്പെട്ടു പോയ മകന്‍ വീട്ടില്‍ ചെന്നു ചേരുന്നതുപോലെ…..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top