സ്വീഡന്‍ കറന്‍സി ഇല്ലാത്ത രാജ്യമാകാനൊരുങ്ങുന്നു

downloadസ്റ്റോക്‌ഹോം: ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്നത് ആ രാജ്യത്തിന്റെ സ്വന്തം കറന്‍സിയുടെ മൂല്ല്യമാണല്ലോ. എന്നാല്‍ ഒരു രാജ്യത്ത് നിന്ന് കറന്‍സി എന്നത് വെറും സങ്കല്‍പ്പമായി മാറിയാലോ? അതായത് കറന്‍സി നോട്ടുകളും നാണയങ്ങളും പൂര്‍ണമായും അപ്രത്യക്ഷമായാലോ? ഭാവിയില്‍ അങ്ങനെ സംഭവിച്ചേക്കാമെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായ സ്വീഡന്‍ പൂര്‍ണമായും ഇലക്ട്രോണിക് കറന്‍സിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

ചെറിയ ഇടപാടുകള്‍ക്ക് പോലും ഇനി രാജ്യത്ത് കാര്‍ഡുകളാണ് ഉപയോഗിക്കുക. സ്വീഡനില്‍ കറന്‍സികള്‍ കൊണ്ട് നിര്‍വഹിക്കാവുന്ന കാര്യങ്ങള്‍ വളരെക്കുറവാണ്. അതുതന്നെ പല മേഖലകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 80 ബില്യണ്‍ സ്വീഡിഷ് ക്രൗണിന് തുല്യമായ കറന്‍സി നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ സ്വീഡനില്‍ പ്രചാരത്തിലുള്ളത്. ഏറ്റവും ചെറിയ കാര്യങ്ങള്‍ക്കുപോലും കാര്‍ഡുകളുപയോഗിക്കുന്ന രാജ്യമാണ് സ്വീഡന്‍. അഴിമതി കുറവാണെങ്കിലും മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും നേരിടാന്‍ കറന്‍സികള്‍ പിന്‍വലിക്കുന്നത് സഹായകമാകുമെന്ന് അധികൃതര്‍ കരുതുന്നു.

വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം പൂര്‍ണമായും വിനിയോഗിച്ച് രാജ്യത്തെ കറന്‍സിരഹിതമാക്കുകയെന്ന ലക്ഷ്യമാണ് സ്വീഡന്‍ മുന്നില്‍ക്കാണുന്നത്. മൊബൈല്‍ പേമെന്റ് സംവിധാനമായ സ്വിഷ് ആണ് ഇപ്പോള്‍ത്തന്നെ സ്വീഡനില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത്. പണമിടപാട് അനായാസം നടത്താന്‍ സഹായിക്കുന്ന സംവിധാനമാണിത്. മുഴുവന്‍ കരാര്യങ്ങളും ഈ രീതിയിലേക്ക് വരികയാണെങ്കില്‍ കറന്‍സികള്‍ പൂര്‍ണമായും പിന്‍വലിക്കാനാകുമെന്നാണ് സ്വീഡന്‍ കരുതുന്നത്. പല പ്രാദേശിക ബാങ്കുകളും ഇപ്പോള്‍ത്തന്നെ പൂര്‍ണമായും ഡിജിറ്റല്‍ ആയിക്കഴിഞ്ഞു. ഇവിടെ പണം സ്വീകരിക്കാറുമില്ല.

ആറുവര്‍ഷം മുമ്പ് 106 ബില്യണ്‍ സ്വീഡിഷ് ക്രൗണ്‍ പ്രചാരത്തിലുണ്ടായിരുന്നെങ്കില്‍, ഇപ്പോഴത് 80 ബില്യണായി. ഇതില്‍ത്തന്നെ 40 ശതമാനത്തോളം മാത്രമാണ് വിപണിയില്‍ പ്രചരിക്കുന്നത്. ഏതാനും വര്‍ഷം കൊണ്ടുതന്നെ ഇതും അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തല്‍. അപ്പോഴേക്കും ലോകത്തില്‍ ആദ്യത്തെ കറന്‍സിയില്ലാത്ത രാജ്യം എന്ന പദവി സ്വീഡന് കൈവരും.

Print Friendly, PDF & Email

Leave a Comment