Flash News

പശുവിനെ കൊന്നെന്ന് ആരോപിച്ചു കൊല; കശ്‌മീരില്‍ ബന്ദ്, എങ്ങും കനത്ത സുരക്ഷ

October 19, 2015 , admin

zahidശ്രീനഗര്‍: പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ച് ഉധംപൂരില്‍ യുവാവിനെ പെട്രോള്‍ ബോബെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് ജമ്മു കശ്‌മീരില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്. കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ജമ്മുകാശ്മീരില്‍ കേന്ദ്രം വിന്യസിച്ചു.

അതേസമയം, ലിബറേഷന്‍ ഫ്രണ്ട് യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശ്രീനഗറിലും അനന്ത്‌നാഗിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശഹീദ് റസൂല്‍ ഭട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ പിടികൂടിയെന്ന് ഉധംപൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. ഇതില്‍ അഞ്ചു പേര്‍ക്കെതിരെ പി.എസ്.എ കുറ്റം ചുമത്തി. ഇതു കൂടാതെ കൊലപാതക കുറ്റവും പിടികൂടിയവര്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ഒക്‌ടോബര്‍ ഒമ്പതിനായിരുന്നു സംഭവം നടക്കുന്നത്. ശഹീദ് റസൂല്‍ ഭട്ടും സുഹൃത്തുക്കളും പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ആക്രമികള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിക്കു നേരെ നേരെ പെട്രോള്‍ ബോബെറിയുകയായിരുന്നു. ശരീരത്തില്‍ 74 ശതമാനത്തോളം പൊള്ളലേറ്റ ശഹീദ് ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഞായറാഴ്‌ച ശഹീദ് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട ശഹീദിനൊപ്പം ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് അഹമ്മദിന്റെ നിലയും അപകടാവസ്ഥയില്‍ തുടരുകയാണ്. എന്നാല്‍ പശുക്കള്‍ ചത്തത് ഭക്ഷ്യവിഷബാധ കാരണമായിരുന്നെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു.

യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാശ്മീര്‍ താഴ്‌വരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. പലയിടത്തും പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കടകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. ബന്ദിനോട് സഹകരിക്കുമെന്ന് വിവിധ സംഘടനകളും അറിയിച്ചിട്ടുണ്ട്. നിരപരാധിയായ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാശ്മീര്‍ താഴ്‌വരയില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും, ജമ്മു ശ്രീനഗര്‍ ഹൈവേ അടപ്പിച്ച് ഗതാഗതം സ്തംഭിപ്പിക്കുമെന്നും ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top