കണ്ണൂര്‍: കൂത്തുപറമ്പ് ടൗണിനടുത്ത പഴയനിരത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പിടികൂടി. പറുക്കളം-പഴയനിരത്ത് റോഡരികിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിലയിലാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടത്തെിയത്.
14 വാളുകള്‍, നാല് മഴു, ഇരുമ്പ് വടികള്‍, രണ്ട് കഠാരകള്‍, എസ് കത്തി, ഹോക്കി സ്റ്റിക്കുകള്‍, നാടന്‍ റിവോള്‍വര്‍, രണ്ട് തിരകള്‍, 32 ഗുണ്ട്പടക്കം എന്നിവയാണ് കണ്ടത്തെിയത്. സഞ്ചിയില്‍ നിറച്ച നിലയില്‍ നായ്ക്കുരണപ്പൊടിയും കണ്ടത്തെി. നീളന്‍ തിരിയുള്ള ഗുണ്ട്പടക്കം നാടന്‍ ബോംബിന്‍െറ പ്രഹരശേഷിയുള്ളതാണ്. റിവോള്‍വറും അടുത്തകാലത്തായി നിര്‍മിച്ചതാണെന്നാണ് കരുതുന്നത്.
പഴയനിരത്ത് മേഖലയില്‍ വ്യാപകമായി ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൂത്തുപറമ്പ് പൊലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്ഫോടക വസ്തുക്കള്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം നിര്‍വീര്യമാക്കി. ആയുധങ്ങള്‍ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.