അട്ടപ്പാടി വനത്തില്‍ യുവാവിനെ വെടിവെച്ചുകൊന്നത് പൊലീസാണെന്ന് രൂപേഷ്

maoist rupeshപാലക്കാട്: അട്ടപ്പാടി വനത്തില്‍ ബെന്ന എന്ന യുവാവിനെ വെടിവെച്ച്കൊന്നത് പൊലീസാണെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും മാവോയിസ്റ്റ് രൂപേഷ് പറഞ്ഞു.

ജസ്റ്റിസ് കെ.ടി. തോമസിനെ പോലുള്ള നിഷ്പക്ഷരായ ന്യായാധിപരെ അന്വേഷണ കമീഷനായി വെക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോയെന്ന് രൂപേഷ് ചോദിച്ചു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഭരണകൂട കൊലപാതകങ്ങളാണ്. ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും വിതരണം ചെയ്യണം, ചൂഷണം അവസാനിപ്പിക്കണം, നക്സല്‍ ബാരി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും രൂപേഷ് മുഴക്കി.

രൂപേഷിനെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. രാവിലെ 11.30ന് കോടതിയിലത്തെിച്ച പ്രതിയെ രണ്ട് മണിക്കൂറിനുശേഷമാണ് കൊണ്ടുപോയത്. മുട്ടുവേദനയുണ്ടെന്ന് രൂപേഷ് കോടതിയില്‍ പറഞ്ഞിരുന്നു.

അട്ടപ്പാടി വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രൂപേഷിനെ പാലക്കാട് കോടതിയില്‍ ഹാജരാക്കിയത് വന്‍ സുരക്ഷാ സന്നാഹത്തോടെയാണ്. കോയമ്പത്തൂരില്‍ നിന്ന് തണ്ടര്‍ബോള്‍ട്ടുള്‍പ്പെടെ സായുധസേനയുടെ അകമ്പടിയോടെയാണ് രൂപേഷിനെ പാലക്കാട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലത്തെിച്ചത്.

കോടതി പരിസരത്ത് മഫ്തിയിലും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പൊലീസ് പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തി. പൊലീസ് വാഹനത്തിനുള്ളില്‍ നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി പുറത്തിറങ്ങിയ രൂപേഷ് മാവോയിസം ഭീകരവാദമല്ലന്നും പശ്ചിമഘട്ട മേഖലയിലെ പോരാട്ടങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി. ജഡ്ജിയുടെ നിര്‍ദേശപ്രകാരം രൂപേഷിനെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. രൂപേഷിന് അസുഖങ്ങളൊന്നുമില്ലന്ന് ഡോക്ടര്‍ വ്യക്തമാക്കി.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഷോളയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരാക്കിയത്. തമിഴ്നാട്ടിലെ കേസുകളില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന രൂപേഷിനെ ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പാലക്കാട്ടത്തെിച്ചത്.

സെഷന്‍സ് ജഡ്ജി ടി.വി. അനില്‍കുമാര്‍ മുമ്പാകെ ഹാജരാക്കിയ രൂപേഷ് അഭിഭാഷകയുമായി സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം അഭിഭാഷകയുമായി സംസാരിക്കാന്‍ 15 മിനിറ്റ് സമയം നല്‍കി.

മുട്ടുവേദനയുണ്ടെന്നും പൊലീസ് കസ്റ്റഡിയിലും റിമാന്‍ഡിലുമായി കഴിയുന്നതിനാല്‍ ചികിത്സ മുടങ്ങിയതായും രൂപേഷ് വ്യക്തമാക്കി. ആശുപത്രിയില്‍ കാണിച്ച് ചികിത്സ നല്‍കണമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ അഗളി ഡിവൈ.എസ്.പി എസ്. ഷാനവാസിന് കോടതി നിര്‍ദേശം നല്‍കി. പാലക്കാട് സ്പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്ത രൂപേഷിനെ കസ്റ്റഡി അപേക്ഷ പരിഗണിക്കാന്‍ ബുധനാഴ്ച വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി.

Print Friendly, PDF & Email

Leave a Comment