Flash News

ജേക്കബ് തോമസിനെതിരായ നീക്കം; പരാതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് വിവരാവകാശരേഖ

October 21, 2015 , സ്വന്തം ലേഖകന്‍

Jacob Thomasകൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെതിരെ പരാതിയുള്ളതുകൊണ്ടാണ് ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയത് എന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ വിശദീകരണം വസ്തുതാ വിരുദ്ധമെന്ന് വിവരാവകാശ രേഖ. മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ രേഖാമൂലമുള്ള ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. ഇതോടെ ഫ്ളാറ്റ് ലോബികളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് ജേക്കബ് തോമസിനെ മാറ്റിയതെന്ന് വ്യക്തമാകുകയാണ്.

ഫ്ളാറ്റ് നിര്‍മാണത്തിലെ ചട്ടലംഘനത്തിനെതിരെ കര്‍ശന നിലപാട് എടുത്ത ഡി.ജി.പി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നടപടിയെ പരസ്യമായി വിമര്‍ശിച്ചെന്ന് ആരോപിച്ചാണിത്. പൊലീസ് കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മാറ്റിയ ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ജേക്കബ് തോമസിനെതിരെ രേഖാമൂലമുള്ള പരാതികളൊന്നും സര്‍ക്കാറിന് ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയാണ് വിവരാവകാശരേഖക്ക് മറുപടി നല്‍കിയത്. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും മുഖ്യമന്ത്രിക്ക് വാക്കാല്‍ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാന പ്രകാരം ജേക്കബ് തോമസിനെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

മുഖ്യമന്ത്രി ജേക്കബ് തോമസില്‍നിന്ന് എന്തെങ്കിലും വിശദീകരണം ചോദിക്കുകയോ അദ്ദേഹം നല്‍കുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിട്ടുണ്ട്. ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന് കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഒൗദ്യോഗിക കാലാവധി സര്‍ക്കാര്‍ ഉറപ്പു നല്‍കേണ്ടതാണെന്ന സംസ്ഥാന പൊലീസ് ആക്ട് 97ാം വകുപ്പിലെ വ്യവസ്ഥ ലംഘിച്ചാണ് ജേക്കബ് തോമസിനെ വിജിലന്‍സ് എ.ഡി.ജി.പി പദവിയില്‍നിന്നും തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഡി.ജി.പിയുടെ പദവിയില്‍നിന്നും മാറ്റിയതെന്നും വ്യവസ്ഥ ലംഘിച്ച് സ്ഥലം മാറ്റിയത് എന്തു കാരണത്താലാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കണമെന്നുമുള്ള ചോദ്യത്തിന് കാബിനറ്റ് തീരുമാന പ്രകാരമാണ് ജേക്കബ് തോമസിനെ മാറ്റിയത് എന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചത്.

ജേക്കബ് തോമസ് എത്ര കെട്ടിടങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചതെന്നും അതിനുള്ള കാരണം എന്താണെന്നും കെട്ടിട ഉടമകളുടെ പേരും മേല്‍വിലാസവും അനുമതി നിഷേധിച്ചതിനുള്ള കാരണവും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ് നല്‍കണമെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുന്നതിന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസിലെ വിവരാവകാശ ഓഫിസര്‍ക്ക് അപേക്ഷ കൈമാറിയതായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു.

വാക്കാലുള്ള പരാതികളിലും മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ഉയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റാറില്ല. സംസ്ഥാനത്തെ പ്രമുഖ ഫ്ളാറ്റ് നിര്‍മാതാക്കള്‍ മുഖ്യമന്ത്രിയോടും ചില മന്ത്രിമാരോടും വാക്കാല്‍ പരാതിപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ജേക്കബ് തോമസിനെതിരെ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്. സിവില്‍സര്‍വിസ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിമര്‍ശത്തിന് തുടക്കമിട്ടത് മന്ത്രി ആര്യാടന്‍ മുഹമ്മദാണ്. കെട്ടിട നിര്‍മാണങ്ങള്‍ക്ക് അന്യായമായി അനുമതി നിഷേധിക്കുക വഴി നഗരകാര്യ വകുപ്പിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി മന്ത്രി മഞ്ഞളാംകുഴി അലി ആരോപിച്ചു. സര്‍ക്കാര്‍ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നിഷ്ടം നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് മന്ത്രി കെ. ബാബു വിമര്‍ശിച്ചു. മറ്റു മന്ത്രിമാരും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നതോടെയാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ പരസ്യ നിലപാട് എടുത്ത ചില ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും ചെയ്തു.

ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ബഹുനില മന്ദിരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജേക്കബ് തോമസ് കൈക്കൊണ്ട നടപടികളാണ് വിവാദമായത്. അദ്ദേഹത്തെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി താരതമ്യേന ചെറിയ തസ്തികയായ പൊലീസ് കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറാക്കിയത് ഇതിനെ തുടര്‍ന്നാണ്. നേരത്തേ എ.ഡി.ജി.പി വഹിച്ചിരുന്ന ചെയര്‍മാന്‍െറ പദവി പോലും അദ്ദേഹത്തിന് നല്‍കിയതുമില്ല. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് അവധിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റെടുത്തത്.

ഫ്ളാറ്റ്മാഫിയയുടെ കൊള്ള പുറത്തുകൊണ്ടുവന്നതിന്‍െറ ശിക്ഷ – വി.എസ്

തിരുവനന്തപുരം: എ.ഡി.ജി.പി ജേക്കബ് തോമസിനോട് വിശദീകരണം ചോദിക്കാനുള്ള തീരുമാനം ഫ്ളാറ്റ് മാഫിയകളുടെ കൊള്ള പുറത്തുകൊണ്ടുവന്നതിനുള്ള ശിക്ഷയായി മാത്രമേ കാണാന്‍ കഴിയൂവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബാര്‍ കോഴ കേസില്‍ തനിക്ക് വന്‍ സമ്മര്‍ദം ഉണ്ടെന്ന് പരസ്യമായി പറഞ്ഞ വിന്‍സന്‍ എം. പോളിനെതിരെ ഒരു നടപടിയും എടുക്കാതിരുന്നത് സര്‍ക്കാറിന്‍െറ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. ജേക്കബ് തോമസിനെ വേട്ടയാടാനുള്ള നീക്കത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് എല്‍.ഡി.എഫ് ചെറുക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

അഗ്നിശമനസേനയുടെ തലവനായ ജേക്കബ് തോമസിനെ സ്ഥലം മാറ്റിയത് ഫ്ളാറ്റ് മാഫിയകളുടെ പ്രേരണമൂലമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. വാക്കാലുള്ള പരാതിയും പത്രറിപ്പോര്‍ട്ടും മാത്രമാണ് സ്ഥലം മാറ്റത്തിന് അടിസ്ഥാനമെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. പേരു പുറത്തുപറയാന്‍ കഴിയാത്ത ആരാണ് ചെവിയില്‍ പരാതിപ്പെട്ടതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. കഴിഞ്ഞ ദിവസം ജേക്കബ് തോമസ് പറഞ്ഞ 75 ഫ്ളാറ്റ് ഉടമകളുടെ പരാതിയാണ് സ്ഥലംമാറ്റത്തിന് കാരണം. ഇവര്‍ക്കെതിരെ നീങ്ങിയതിനാലാണ് അദ്ദേഹത്തെ മാറ്റിയതെന്നും ഇതിനു പിന്നില്‍ വന്‍കോഴ നടന്നിട്ടുണ്ടെന്നും വി.എസ് ആരോപിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top