Flash News

ഫെയ്സ്ബുക്കിലൂടെയുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും നിര്‍ത്തലാക്കാന്‍ എ.സി.എല്‍.യു.വിനോടൊപ്പം കേരളത്തില്‍ നിന്നുള്ള സ്‌ത്രീ കൂട്ടായ്മയും

October 22, 2015 , സ്വന്തം ലേഖകന്‍

cyberbullying-photo-illustrഫെയ്സ്ബുക്കിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പ്രതികരിക്കാനും, ഫെയ്സ്ബുക്കിന്റെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാനും ഒരു കൂട്ടായ്‌മ രൂപമെടുക്കുന്നു.

പൊതുവിഷയങ്ങളില്‍ പ്രതികരിക്കുന്നവരെ പരിഹസിക്കുകയും അവര്‍ക്കുനേരെ അനാവശ്യ അഭിപ്രായപ്രകടനങ്ങള്‍ നടത്തി വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് തടയിടാനുമാണ് എട്ട് സ്‌ത്രീകള്‍ ചേര്‍ന്ന് ഈ കൂട്ടായ്‌മയ്ക്ക് രൂപം നല്‍കുന്നത്. ഫെയ്സ്ബുക്കില്‍ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന് അപമാനിക്കപ്പെട്ടവരാണ് കേരളത്തിലെ ഈ എട്ട് സ്ത്രീകള്‍. പൊതുവിഷയങ്ങളില്‍ ആരോഗ്യകരമായ ഭാഷയില്‍ പ്രതികരിക്കുന്നവരെ, പ്രത്യേകിച്ച് സ്‌ത്രീകളെ, വിഷയവുമായി ബന്ധമില്ലാത്ത കമന്റുകളെഴുതി അപമാനിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഫെയ്സ്ബുക്ക് എന്ന ആവശ്യവുമായാണ് ഇത്തരമൊരു കൂട്ടായ്മയക്ക് രൂപം നല്‍കുന്നത്.

അമേരിക്കയിലെ പ്രശസ്തമായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എ.സി.എല്‍.യു.), ഡിജിറ്റല്‍ റൈറ്റ് ഫൗണ്ടേഷന്‍, ഗ്ലോബല്‍ വോയിസസ് അഡ്വക്കസി തുടങ്ങിയ 75-ഓളം അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഓര്‍ഗനൈസേഷനുകളും ഇവരുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ അവരവരുടെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കണമെന്നാണ് ഈ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ഫെയ്സ്ബുക്കിലൂടെ അഭിപ്രായം തുറന്നു പറഞ്ഞതിന് അധിക്ഷേപം നേരിടേണ്ടിവന്ന ജി. പ്രീത, സി. വി ജസീല എന്നിവരാണ് ഇതുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരായ അധിക്ഷേപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ‘ഇത് തങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ല’ എന്നാണ് ഫെയ്സ്ബുക്ക് നല്‍കിയ മറുപടി‍യെന്നും തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് മൂന്ന് തവണ ബ്ലോക്ക് ചെയ്തതായും പ്രീത പറയുന്നു. ജസീലയ്ക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. സിനിമാ തിയ്യേറ്ററില്‍ ദേശീയഗാനം വച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്ത യുവാവിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അയാളെ പിന്തുണച്ചതിനാണ് തനിക്കെതിരെ അധിക്ഷേപം ഉണ്ടായതെന്ന് ജസീല പറയുന്നു. തന്റെ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും യഥാര്‍ത്ഥ പേര് ഉപയോഗിക്കുന്ന താന്‍ വ്യാജ ഐഡി ഉപയോഗിക്കുന്നതായി ഫെയ്സ്ബുക്ക് സന്ദേശമയച്ചെന്നും ജസീല പറയുന്നു.

വ്യാജ ഐ.ഡി. ഉപയോഗിച്ച് ഫെയ്സ്ബുക്കിലൂടെ അശ്ലീല സന്ദേശങ്ങളും, ഫോട്ടോകളും അയക്കുന്നവരുടെ എണ്ണം കൂടിയിട്ടും അവര്‍ക്കുനേരെ തിരിയാത്ത ഫെയ്സ്ബുക്ക്, യഥാര്‍ത്ഥ ഐ.ഡി. ഉള്ളവരെയാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ബാധകമാണെന്ന് ഫെയ്സ്ബുക്ക് പറയുന്നുണ്ടെങ്കിലും, ഒരാളെ മാനസികമായി തകര്‍ക്കുന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റുകളും നിരീക്ഷണവിധേയമാക്കാനോ അവര്‍ക്കു നേരെ നടപടികള്‍ സ്വീകരിക്കാനോ ഫെയ്സ്ബുക്ക് തയ്യാറാകുന്നില്ല എന്നും അവര്‍ കുറ്റപ്പെടുത്തി.

മാന്യമായ ഭാഷ ഉപയോഗിച്ചുള്ള പോസ്റ്റുകളില്‍ പലരും മോശം പരാമര്‍ശങ്ങളടങ്ങുന്ന കമന്റുകളെഴുതുകയും, മനഃപ്പൂര്‍‌വ്വം അധിക്ഷേപിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നും, ഫെയ്സ്ബുക്ക് റിയല്‍ നെയിം നയം പരിഷ്കരിക്കണമെന്നും വെരിഫിക്കേഷനായി സര്‍ക്കാര്‍ ഐഡന്‍റിഫിക്കേഷന്‍ വേണമെന്നും ഈ കൂട്ടായ്മ ആവശ്യപ്പെടുന്നു. അതുപോലെ വിദ്വേഷം വളര്‍ത്തുന്ന പേജ് പരിശോധിക്കാന്‍ വിദഗ്ധരെ നിയമിക്കണമെന്നും ഇംഗ്ലീഷ് ഇതര ഭാഷകളിലെ സങ്കീര്‍ണ പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഭാഷാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം റിയല്‍ നെയിം പോളിസിയാണ് വ്യക്തിഹത്യ തടയുന്നതെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി. എല്ലാ പോസ്റ്റുകളും ഗൗരവമായിട്ടാണ് കാണുന്നതെന്നും, ഒരു വ്യക്തിയുടെ പോസ്റ്റില്‍ അയാളെ അപമാനിക്കുന്ന തരത്തിലുള്ളതോ അധിക്ഷേപിക്കുന്ന തരത്തിലുള്ളതോ ആയ കമന്റുകള്‍, അത് പ്രാദേശിക ഭാഷയിലുള്ളതായാല്‍ പോലും, പോസ്റ്റു ചെയ്യുന്നത് കുറ്റകരമാണെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. പ്രാദേശിക ഭാഷകളിലെ ഉള്ളടക്കം വിലയിരുത്താനുള്ള വിദഗ്ധര്‍ തങ്ങള്‍ക്കുണ്ടെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top