500 പവന്‍ കവര്‍ന്നെന്ന് കള്ളന്‍ രമേശന്‍

rameshan-thiefതിരുവനന്തപുരം: നാടകവണ്ടിയുമായി കറങ്ങി നാടുനീളെ മോഷണം നടത്തുന്ന മോഷ്ടാവുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. മോഷ്ടിച്ചുകിട്ടുന്ന പണവും സ്വര്‍ണവും റിയല്‍ എസ്റ്റേറ്റിലും ചിട്ടിയിലും മുടക്കുന്ന ചിറയിന്‍കീഴ് സ്വദേശി രമേശന്റെ നിക്ഷേപം വിവിധ ജില്ലകളിലാണ്. ഇയാളെ വ്യാഴാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 50 ഓളം ഭാഗങ്ങളിലത്തെിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ കോടിക്കണക്കിന് രൂപയുടെ മോഷണത്തിന്റെ ചുരുളഴിഞ്ഞു.

500 പവനോളം മോഷ്ടിച്ചിട്ടുണ്ടെന്ന് രമേശന്‍ പൊലീസിനോട് പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍ 12 ഓളം ചിട്ടികളില്‍ അംഗമാണെന്ന് രമേശന്‍ സമ്മതിച്ചു. ആലംകോട് 1.8 ഏക്കര്‍, മംഗലപുരത്ത് 42 സെന്‍റും ഇരുനില വീട്, കിളിമാനൂരില്‍ എം.സി റോഡിനോട് ചേര്‍ന്ന് 37 സെന്‍റ്, മാമത്ത് 60 സെന്‍റ് ഭൂമി എന്നിവയാണ് രമേശന്റെ സമ്പാദ്യങ്ങള്‍. ഇതില്‍ കൂടുതല്‍ വസ്തുവകകള്‍ രമേശനുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നൂറില്‍പരം കവര്‍ച്ചകള്‍ നടത്തിയ രമേശന് ഇതരസംസ്ഥാനങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ളതായും പൊലീസ് കരുതുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി മോഷണം നടത്തിയിട്ടുണ്ട്.

ഒരു പ്രദേശത്ത് ചെന്നാല്‍ കുറഞ്ഞത് അഞ്ചോ ആറോ വീടുകളില്‍ കയറിയ ശേഷമേ മടങ്ങാറുള്ളൂ. ആള്‍ക്കാര്‍ കള്ളനെക്കണ്ട് നിലവിളിച്ചാലും രമേശന്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ക്വോട്ട പൂര്‍ത്തിയാക്കിയേ മടങ്ങാറുള്ളൂ. പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ നാടക കമ്പനിയുടെ ബോര്‍ഡ് ഘടിപ്പിച്ച ടെമ്പോട്രാവലറിലാണ് സഞ്ചാരം. നൈറ്റ് പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ തടഞ്ഞാല്‍ നാടകത്തിന് പോയി മടങ്ങുകയാണെന്ന് കള്ളം പറയും. വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന നാടകസാമഗ്രികള്‍ക്കിടയിലാകും തൊണ്ടിമുതലും മോഷണത്തിനുള്ള ആയുധങ്ങളും ഒളിപ്പിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍, ഇയാളെ പിന്തുടരുന്നത് ഏറെ ശ്രമകരമായിരുന്നു. ഷാഡോ പൊലീസിന്റെ മാസങ്ങള്‍ നീണ്ട പരിശ്രമമാണ് രമേശനെ കുടുക്കാന്‍ സഹായകമായത്.

Print Friendly, PDF & Email

Leave a Comment