കൊല്ലം: ‘ഗണ്മോന്’ മാരെയും ആശ്രിതരെയും കൊണ്ട് അഴിമതിയുടെ മുതല്‍ക്കൂട്ടായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. അഞ്ചാലുംമൂട്ടില്‍ എല്‍.ഡി.എഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രി ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രിയസ്നേഹിതന് വി.എം. സുധീരന് പറഞ്ഞത് ശരിയാണ്. അഴിമതിയുടെ കാര്യത്തിലാണെന്നുമാത്രം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വിലക്കയറ്റ സമ്മാനം ഉഴുന്നില്ലാത്ത ഉഴുന്നുവടയും പരിപ്പില്ലാത്ത പരിപ്പുവടയുമാണ്.
ജനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടേത്. സമ്പന്നന്മാര് നല്‍കേണ്ട നികുതി പിടിച്ചെടുത്ത് രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുമെന്നാണ് പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിങ് പറഞ്ഞത്. കണക്കെടുത്തപ്പോള്‍ ലിസ്റ്റിലുള്ളവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസുകാരാണെന്ന് കണ്ട് അത് മരവിപ്പിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള സകല സ്വത്തും പിടിച്ചെടുത്ത് നാടിന്റെ വികസനത്തിന് വിനിയോഗിക്കുമെന്ന നരേന്ദ്ര മോദിയുടെ വീമ്പിളക്കലും വെറുതെയായി. ലോകംചുറ്റുന്ന തിരക്കിലാണദ്ദേഹം. എന്തു ചോദിച്ചാലും മിണ്ടാട്ടമില്ല. തെറ്റുകണ്ടാല്‍ ഉടനെ കൊല്ലുകയെന്നതാണ് മോദി സര്‍ക്കാറിന്റെ നിലപാടെന്നും വി.എസ് കുറ്റപ്പെടുത്തി.