ഹിന്ദുക്കളില്‍ 70 ശതമാനവും മാംസം കഴിക്കുന്നവരെന്ന് കോടിയേരി

kodiyeriതിരുവനന്തപുരം: രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്നതിന്റെ പ്രതീകമാണ് കല്‍ബുര്‍ഗിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡോ. എം.എം. കല്‍ബുര്‍ഗിയുടെ ‘ബസവേശ്വരന്റെ വിപ്ലവം’ എന്ന പുസ്തകത്തിന്‍െറ മലയാള പരിഭാഷയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായി ജനങ്ങളെ ബോധവത്കരിച്ച ദാഭോല്‍കറുടെ കൊലപാതകം ഇതിന്‍െറ തുടക്കമായിരുന്നു. ശിവജിയുടെ യഥാര്‍ഥ ജീവിതം പ്രതിപാദിക്കുന്ന പുസ്തകം രചിച്ച പന്‍സാരെയെ വെടിവെച്ചുകൊന്നു. എന്നിട്ടും നാം വേണ്ടത്ര പ്രതികരിച്ചില്ല. ജനങ്ങള്‍ മൗനം വെടിയണം. തനിക്ക് എതിരെ വരുമ്പോള്‍ മാത്രം പ്രതികരിക്കാമെന്ന് കരുതിയാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ ആളില്ലാതെവരും. തന്‍െറ നേരെയുള്ള ഭീഷണിക്ക് എതിരായ കെ.എസ്. ഭഗവാന്റെ പ്രതികരണം ചെറുത്തു നില്‍പിന്‍െറ പ്രതികരണമാണ്. എല്ലാവരെയും പെരുമാള്‍ മുരുകനെ പോലെ വായ മൂടിക്കെട്ടി ഇരുത്താനാണ് ഹിന്ദുത്വവാദികള്‍ ആഗ്രഹിക്കുന്നത്.

ഗോവധ നിരോധത്തിന്റെ പേരില്‍ നരഹത്യ നടത്തുന്ന രാജ്യമായി ഇന്ത്യമാറി. ഏത് ഭക്ഷണം കഴിക്കണമെന്നതിന്‍െറ പേരില്‍ പോലും കൊലപാതകം നടക്കുകയാണ്. ക്രിസ്ത്യാനികളും മുസ്ലിംകളും മാത്രമല്ല മാംസാഹാരം കഴിക്കുന്നത്. ഇവര്‍ രാജ്യത്ത് ഒരു ചെറിയ ശതമാനമാണ്. ഹിന്ദുക്കളായ 70 ശതമാനം ആളുകളും മാംസം കഴിക്കുന്നവരാണ്. എതിര്‍ക്കുന്നവരെ വെടിവെച്ചു കൊല്ലുകയാണ്. ഗാന്ധിവധം മുതല്‍ മതനിരപേക്ഷതക്ക് എതിരെ ആരംഭിച്ച ആക്രമണം കല്‍ബുര്‍ഗിയില്‍ എത്തി നില്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment