Flash News

ഹാലോവിന്‌ ബദല്‍ ഫീനിക്‌സില്‍; സകല വിശുദ്ധരും സ്റ്റേജിലെത്തി

October 26, 2015 , ജോയിച്ചന്‍ പുതുക്കുളം

getPhoto (1)ഫീനിക്‌സ്‌: കലാസാഹിത്യ പരിപാടികള്‍ എങ്ങനെ ക്രൈസ്‌തവ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച്‌ വിജയിപ്പിക്കാമെന്ന്‌ തെളിയിച്ചിട്ടുള്ളവരാണ്‌ ഫീനിക്‌സിലെ സീറോ മലബാര്‍ ഹോളി ഫാമിലി ഇടവകാംഗങ്ങള്‍. ദേവാലയാങ്കണത്തില്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക്‌ ക്രൈസ്‌തവ മൂല്യമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്‌ അവര്‍. ഈവര്‍ഷവും പതിവു തെറ്റാതെ പുതുമകളുമായി അവര്‍ രംഗത്തെത്തി.

ഇക്കുറി ഹോളിഫാമിലി സണ്‍ഡേ സ്‌കൂളിലെ പുതിയ തലമുറ വിദ്യാര്‍ത്ഥികളാണ്‌ ന്യൂജെന്‍ അവതരണ ശൈലിയുമായി അരങ്ങിലെത്തിയത്‌. ഹാലോവിന്‍ ആഘോഷങ്ങളില്‍ വിരുന്നുകാരായെത്തുന്ന പൂര്‍വ്വാത്മാക്കള്‍ക്ക്‌ ബദലായി കത്തോലിക്കാ സഭയിലെ വിശുദ്ധരെ രംഗത്തവതരിപ്പിച്ചാണ്‌ വിശ്വാസ പരിശീലനാര്‍ത്ഥികള്‍ അഭിനയ മികവ്‌ തെളിയിച്ചത്‌. എല്ലാവര്‍ഷവും ഹാലോവിന്‍ ദിനത്തില്‍ ഭൂതപ്രേതാദികളുടെ രൂപത്തില്‍ എത്തിച്ചേരുന്ന പൂര്‍വ്വാത്മാക്കളെ ആഘോഷപൂര്‍വ്വം സ്വീകരിക്കുന്നതിനു പകരം അനുദിന ജീവിതത്തില്‍ നിത്യ സന്ദര്‍ശകരായി എത്തുന്ന വിശുദ്ധരെ സ്വീകരിച്ച്‌ അനുകരിച്ചാല്‍ ജീവിതം കൂടുതല്‍ വിശുദ്ധീകരിക്കപ്പെടുമെന്നാണ്‌ അഭിനേതാക്കള്‍ കാണികളെ ഉദ്‌ബോധിപ്പിച്ചത്‌.

ദീര്‍ഘനാളത്തെ പരിശീലനത്തിനുശേഷം ഏറെ സാങ്കേതിക തികവുകളോടെയാണ്‌ വിശുദ്ധരും പുണ്യരംഗങ്ങളും അരങ്ങിലെത്തിയത്‌. പന്തക്കുസ്‌തായും കാനായിലെ കല്യാണവും ബൈബിള്‍ അനുഭവങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളായപ്പോള്‍, ഫാത്തിമയും ലൂര്‍ദും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയും ഭാവാവിഷ്‌കാരങ്ങളായി. അപ്രതീക്ഷിതമായി സ്റ്റേജിലെത്തിയ വി. ജോണ്‍ പോള്‍ പ്രേക്ഷകരില്‍ പുണ്യവിസ്‌മയമൊരുക്കിയപ്പോള്‍, ഭാരതത്തിലെ അല്‍ഫോന്‍സാമ്മയും, ചാവറയച്ചനും, ഏവുപ്രാസ്യാമ്മയും കേരളത്തനിമയില്‍ വിശുദ്ധരുടെ വേദിയിലെത്തി.. കൈക്കുഞ്ഞുങ്ങള്‍ കുഞ്ഞിപ്പൈതങ്ങളുടേയും മാലാഖമാരുടേയും വേഷത്തിലെത്തിയ അതേ അരങ്ങില്‍ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരുമെത്തി ഇഷ്‌ട വിശുദ്ധരുടെ റോളില്‍.

മുപ്പതോളം ദൃശ്യാവിഷ്‌കാരങ്ങളാണ്‌ പ്രേക്ഷകരില്‍ ഭക്തിയുടെ ദിവ്യ മുഹൂര്‍ത്തങ്ങള്‍ സൃഷ്‌ടിച്ച്‌ പുണ്യ വിസ്‌മയമൊരുക്കിയത്‌. ഇടവക വികാരി ഫാ. ജോര്‍ജ്‌ എട്ടുപറയില്‍ പരിപാടികളുടെ ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിച്ചു. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജു ഫ്രാന്‍സീസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ്‌ പരിപാടികള്‍ ഏകോപിപ്പിച്ചത്‌.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top