Flash News

‘ദൈവത്തിന്റെ കുഞ്ഞാട്’ വന്‍വിജയമായി

October 27, 2015 , ജോര്‍ജ് തുമ്പയില്‍

20150926_210714[1]ന്യൂജേഴ്‌സി: മിഡ്‌ലാന്‍ഡ്പാര്‍ക്ക് ന്യൂജേഴ്സി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച സണ്ണി റാന്നി എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച ‘ദൈവത്തിന്റെ കുഞ്ഞാട്’ എന്ന നാടകം വന്‍വിജയമായി. സണ്ണി റാന്നിയാണ് പ്രധാനകഥാപാത്രമായ യേശുവായി രംഗത്തുവന്നത്. ഇടവകയിലെ കലാകാരന്‍മാരെയും കലാകാരികളെയും പങ്കെടുപ്പിച്ച് നടത്തിയ ഈ കലാസദ്യ കാണികള്‍ക്ക് വിസ്മയത്തിന്റെയും ദൈവികാനുഭൂതിയുടെയും അനുഭവമായി. സ്ഥലപരിമിതിയുണ്ടായിരുന്നെങ്കിലും കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്ന ദേവാലയ ഓഡിറ്റോറിയം ആദ്യന്തം കരഘോഷങ്ങളാല്‍ മുഖരിതമായിരുന്നു. വികാരഭരിതമായ ആവിഷ്‌കരണം ജനഹൃദയങ്ങളെ തൊട്ടുണര്‍ത്തി.

യോഹന്നാന്‍ സ്‌നാപകന്റെ പ്രഘോഷണകാലം മുതല്‍തുടങ്ങി ദൈവപുത്രന്റെ വഴിയൊരുക്കല്‍, യേശുവിന്റെ ജോര്‍ദാന്‍ നദിയിലെ മാമോദീസ, ഹെരോദ്യയുമായുള്ള നിര്‍ഭയമായ വാഗ്വാദം, യോഹന്നാന്‍ സ്‌നാപകന്റെ ശിരഛേദം, യേശുവിന്റെ ഗിരിപ്രഭാഷണം, അതിശയപ്രവര്‍ത്തികള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, ഗദ്‌സെമനിയിലെ ഹൃദയംനൊന്ത പ്രാര്‍ഥന, പത്രോസിന്റെ തള്ളിപ്പറച്ചിലും പശ്ചാത്താപവും, യൂദായുടെ ഒറ്റിക്കൊടുക്കല്‍, യേശുവിന്റെ ബന്ധനം, ന്യായവിസ്താരം, പീലാത്തോസിന്റെയും മഹാപുരോഹിതന്‍മാരുടെയും വിധിയെഴുത്ത്, കഷ്ടാനുഭവം, ക്രൂശാരോഹണം ഇവയെല്ലാം ക്രോഡീകരിച്ചുള്ള നാടകം രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച യേശുവിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതായിരുന്നു. ഒട്ടുമിക്ക കോസ്റ്റ്യൂംസിന്റെയും ഡിസൈന്‍ സണ്ണി റാന്നി തന്നെയായിരുന്നു. ഹേറോദ്യയുടെയും മഹാപുരോഹിതന്‍മാരുടെയും വസ്ത്രവിധാനങ്ങള്‍ മികച്ചതായി. കര്‍ട്ടന്റെയും ലൈറ്റിംഗിന്റെയും സമന്വയത്താല്‍ യോര്‍ദാന്‍ നദിയുടെ ക്രമീകരണം നന്നായി. ഹേറോദോസിന്റെ ഗാംഭീര്യമാര്‍ന്ന അഭിനയത്തോടൊപ്പം മനസിന്റെ സംഘര്‍ഷവും അഭിനേതാവ് മികവുറ്റതാക്കി.

അദ്ഭുതപ്രവര്‍ത്തികള്‍ക്ക് കുറെക്കൂടി സൗണ്ട് ഇഫക്ട് കൊടുക്കാമായിരുന്നു-പ്രത്യേകിച്ച് യോഹന്നാന്റെ ശിരഛേദഭാഗം. യേശുവിന് ശേഷമാണ് കുരിശുവര സാര്‍വത്രികമായതെന്നതുകൊണ്ട്, അദ്ഭുതം സിദ്ധിച്ച കഥാപാത്രം കുരിശുവരക്കേണ്ടതില്ലായിരുന്നു. കുരുടന്റെ ഭാഗത്തെ ലൈറ്റിങ് അല്‍പ്പം കൂടി ഭംഗിയാക്കാമായിരുന്നു. അനുയോജ്യമായ മറ്റൊരു കര്‍ട്ടനും കൂടിയുണ്ടായിരുന്നുവെങ്കില്‍ നാടകം കൂടുതല്‍ ഹൃദ്യമായേനെ. കാണികള്‍ക്കിടയിലൂടെ കുരിശുമായി ബദ്ധപ്പെട്ട് നടന്നുവന്ന യേശുവിന്റെ ഭാഗം സണ്ണി റാന്നി മനസില്‍ തട്ടും വിധമാണ് അവതരിപ്പിച്ചത്. ഇടവകവികാരി ഫാ. ബാബു കെ മാത്യു, ട്രസ്റ്റി വിനു കുര്യന്‍, സെക്രട്ടറി സണ്ണി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ആഘോഷപരിപാടികളുടെ കണ്‍വീനറായി കെ ജി തോമസ് സേവനമനുഷ്ഠിച്ചു. ജോണ്‍ ജോഷ്വയായിരുന്നു പ്രൊഡ്യൂസര്‍.

സ്റ്റേജ് സെറ്റിംഗിന്റെയും കോസ്റ്റ്യൂംസിന്റെയും ചുമതല താഴെ പറയുന്നവര്‍ക്കായിരുന്നു. ഏബ്രഹാം തോമസ്, എലിസബത്ത് മാത്യു, ജിമ്മി ജോണ്‍, ലീനാ ജോര്‍ജ്, സുനില്‍ മത്തായി. സൗണ്ട് അലക്‌സ് ദാനിയേല്‍, ലൈറ്റിംഗ് – ബിജു ജോബ്. പ്രശസ്ത ഗായകന്‍ ബിനോയി ചാക്കോ, സാമൂഹ്യപ്രവര്‍ത്തകന്‍ ടി എസ് ചാക്കോ, നാടകാചാര്യന്‍ പി ടി ചാക്കോ എന്നിവര്‍ സദസ്സില്‍ സന്നിഹിതരായിരുന്നത് നാടകപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശമുണര്‍ത്തി.

LambogGod1 LambogGod2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top