അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനാകാന്‍ സാധ്യത

atlasദുബായ്: ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ രണ്ട് മാസത്തോളമായി ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് മോചനത്തിന്റെ വഴി തെളിയുന്നു. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ രാമചന്ദ്രന്‍ നായര്‍ പുറത്തിറങ്ങും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. ഒക്ടോബര്‍ 29 വ്യാഴാഴ്ച അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ വീണ്ടും കോടതിയില്‍ ഹാജരാക്കി. വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന അപേക്ഷ കോടതി അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ജാമ്യം അനുവദിയ്ക്കാന്‍ വിസമ്മതിയ്ക്കുകയും ചെയ്തു. നവംബര്‍ 12 ന് കോടതി വീണ്ടും കേസ് പരിഗണിക്കും. അപ്പോഴേക്കും സാമ്പത്തിക കാര്യത്തില്‍ ധാരണ എത്തിയാല്‍ ജാമ്യം ലഭിച്ചേക്കും.

ഇതിനിടെയാണ് യുഎഇയിലെ വമ്പന്‍ നിക്ഷേപക സ്ഥാപനമായ മാസ് ഗ്രൂപ്പുമായി അറ്റ്‌ലസ് ഗ്രൂപ്പ് കരാറിലെത്തിയന്ന വാര്‍ത്തയും പുറത്ത് വരുന്നത്. അറ്റ്‌ലസ് ജ്വല്ലറിയുടെ യുഎഇ ശാഖകളുടെ കാര്യത്തിലും ഒമാനിലെ ആശുപത്രിയുടെ കാര്യത്തിലും ആണ് ധാരണ. യുഎഇയിലെ ഷോപ്പുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ മാസ് ഗ്രൂപ്പ് ഇതിനൊരു തീരുമാനമുണ്ടാക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. ബിസിനസ് തിരിച്ചുപിടിയ്ക്കാനായാല്‍ ബാങ്കുകളിലെ വായ്പാ കുടിശ്ശിക തവണകളായി അടയ്ക്കാമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്. ബാങ്കുമായുള്ള പ്രശ്‌നത്തില്‍ മാസ് ഗ്രൂപ്പ് ഇടപെട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം അടച്ച് രാമചന്ദ്രന്‍ നായരെ പുറത്തിറക്കുമെന്നാണ് അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ.

Print Friendly, PDF & Email

Related News

Leave a Comment