കോട്ടയം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.എം. മാണി രാജിവക്കണമെന്ന് കേരള കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നു. പി.ജെ. ജോസഫിന്റെ നേതൃത്വത്തിലാണ് നേതാക്കളുടെ പടയൊരുക്കം. കെ.എം. മാണി മന്ത്രിസ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ പ്രധാന ആവശ്യം. വെള്ളിയാഴ്ചത്തെ പൊതു പരിപാടികള്‍ റദ്ദാക്കി മാണി വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ എത്തിയുമില്ല.
മാധ്യമപ്രവര്‍ത്തകര്‍ രാവിലെ വീടിന് മുന്നില്‍ തമ്പടിച്ചതോടെയാണ് മന്ത്രി വീട്ടിലുണ്ടെന്ന് പലര്‍ക്കും മനസ്സിലായത്. തെരഞ്ഞെടുപ്പ് കാലത്ത് സാധാരണ മാണി പ്രചാരണത്തിലായിരിക്കും. എന്നാല്‍, കലാശക്കൊട്ടിന്റെ അന്തരീക്ഷത്തിലും മാണി ഏകനായി ഇരിക്കുകയായിരുന്നു.
ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍, മുരിക്കാശേരി, കട്ടപ്പന എന്നിവിടങ്ങളിലാണ് കെ.എം. മാണിക്ക് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങള്‍ നിശ്ചയിച്ചിരുന്നത്. പരിപാടികള്‍ നടക്കുന്ന വേദികളിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ സാധ്യതയുണ്ടെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടികള്‍ റദ്ദാക്കിയത്. തന്റെ വിശ്വസ്തരുമായി പാലായിലെ വസതിയില്‍ മാണി രഹസ്യ ചര്‍ച്ചയിലാണ്. രാജി തല്ക്കാലം വേണ്ടെന്നാണ് തീരുമാനം.
അതിനിടെ, പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയോ ഉന്നതാധികാര സമിതിയോ അടിയന്തരമായി വിളിച്ചുകൂട്ടി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ഉന്നതാധികാര സമിതിയംഗവും മുന്‍ എം.എല്‍.എയുമായ പി.സി. ജോസഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പി.സി. ജോസഫ് കെ.എം. മാണിക്കും പി.ജെ. ജോസഫിനും കത്ത് നല്കി. പഴയ ജോസഫ് ഗ്രൂപ്പുകാരാണ് മാണി വിരുദ്ധ നീക്കത്തിന് പിന്നില്‍. കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും എം.എല്‍.എമാരും ഈ നീക്കത്തെ പിന്തുണക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതിന്റെ പിറ്റേ ദിവസമായ ആറിന് തന്നെ പാര്‍ട്ടി ഉന്നതാധികാരസമിതി യോഗം വിളിക്കണമെന്നാണ് ആവശ്യം. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്ത് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള കര്‍മപരിപാടി തയാറാക്കണമെന്ന് പി.സി. ജോസഫ് പറഞ്ഞു. മാണിക്കെതിരെ പി.സി. ജോസഫ് രംഗത്തുവന്നത് മന്ത്രി പി.ജെ. ജോസഫിന്റെ പിന്തുണയോടെയാണ്. ജോസ് കെ. മാണിയോടുള്ള എതിര്‍പ്പും ഈനീക്കത്തിന് പിന്നിലുണ്ട്.
കോടതിയില്‍ കേസ് ഇനിയും തുടരുന്ന സാഹചര്യത്തില്‍ മാണി നിയമ വകുപ്പെങ്കിലും ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരും പാര്‍ട്ടിയില്‍ ഉണ്ട്. മാണി രാജിവെക്കുന്നില്ലങ്കില് തദ്ദേശതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വരുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്കി.
51 വര്‍ഷത്തിനിടെ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് പി.സി. ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പലയിടത്തും സൗഹൃദ മത്സരവും നേര്‍ക്കുനേര്‍ പോരാട്ടവും നടത്തുന്നതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് മാണി പറയുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply