കണ്ണൂര്‍: എല്‍.ഡി.എഫ് സാമ്പത്തിക ആരോപണം ഉന്നയിച്ചും ജാതിപ്പേര് വിളിച്ചും പ്രചാരണം നടത്തിയതില്‍ മനംനൊന്ത് യു.ഡി.എഫ് വനിതാ സ്ഥാനാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പള്ളിക്കുന്നുമ്പ്രം വായനശാലക്ക് സമീപം താമസിക്കുന്ന അഴീക്കോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ. ബിന്ദുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബിന്ദുവിനെ ജാതിപ്പേര് വിളിച്ചും സാമ്പത്തിക ആരോപണം ഉന്നയിച്ചും വീടിനു മുന്നിലൂടെ പ്രചാരണം നടത്തിയെന്നാണ് ആരോപണം.
ഇത് ശ്രദ്ധയില്‍പ്പെട്ട സ്ഥാനാര്‍ഥി അസ്വസ്ഥത പ്രകടിപ്പിക്കുകയും വീട്ടിലെ മുറിയില്‍ കയറി കതകടച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ മകന് ആദിത്യന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍കേട്ട് ഭര്‍ത്താവ് രാജീവന് വീട്ടിലത്തെിയപ്പോള്‍ മുറി അടച്ചിട്ട നിലയിലാണ് കണ്ടത്. മുട്ടി വിളിച്ചെങ്കിലും ബിന്ദു വാതില്‍ തുറക്കാത്തതിനാല്‍ രാജീവന് പരിസരവാസികളെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ചു മാറ്റി അകത്തു കടക്കുകയായിരുന്നു. ഫാനില്‍ സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നത്രെ. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനറല്‍ സീറ്റില്‍ വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി യു.ഡി.എഫ് മത്സര രംഗത്തിറക്കിയതില്‍ പ്രയാസം സൃഷ്ടിച്ചതാണ് സി.പി.എമ്മിന്റെ ഇരുണ്ടമുഖം പുറത്തുവന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
എന്നാല്‍, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചുവെന്നത് വ്യാജ പ്രചാരണമാണെന്ന് എല്‍.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആക്ഷേപിച്ചതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നുപറഞ്ഞ് ഭര്‍ത്താവാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെ പ്രചാരണം നടത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണം. കള്ള പ്രചാരണം നടത്തുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും ഏജന്റിനുമെതിരെ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply