മാധ്യമങ്ങള്‍ നല്‍കുന്നത് കോര്‍പറേറ്റ് വീക്ഷണങ്ങള്‍- ജസ്റ്റിസ് കുര്യന്‍ ജോസഫ്

JUSTICES-LETTER-j4B6Iകൊച്ചി: ശരിയായ വാര്‍ത്തകള്‍ക്ക് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് കോര്‍പറേറ്റ് വീക്ഷണങ്ങളാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ നിലനില്‍പിന് പരസ്പരം മത്സരിക്കുകയാണ്. പലപ്പോഴും വാര്‍ത്തകള്‍ക്കൊപ്പം പൊടിക്കൈകളും മേമ്പൊടികളും ചേര്‍ത്താണ് അവ പിടിച്ചുനില്‍ക്കുന്നത്. അതില്‍ തെറ്റില്ല. എന്നാല്‍, വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും പകരം സ്ഥാപന ഉടമകളായ കോര്‍പറേറ്റുകളുടെ വീക്ഷണം മുഖ്യധാരയിലേക്ക് വരുമ്പോഴാണ് അപകടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊച്ചിയില്‍ ലൊയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘എഴുത്ത്’ മാസികയുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാഗസിന്റെ ആദ്യപ്രതി സാഹിത്യകാരന്‍ വൈക്കം മുരളിക്ക് നല്‍കി സാമൂഹികപ്രവര്‍ത്തക ദയാബായി പ്രകാശനം നിര്‍വഹിച്ചു. ഇനി വരുന്ന തലമുറക്ക് മാത്രമല്ല, ഇന്നത്തെ തലമുറക്കുപോലും ജീവിതം സാധ്യമല്ലാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് ദയാബായി അഭിപ്രായപ്പെട്ടു.

സ്ത്രീയും കുട്ടികളും മാത്രമല്ല, കോര്‍പറേറ്റുകള്‍ അടിച്ചേല്‍പിക്കുന്ന ചന്തസംസ്കാരം മൂലം ജനാധിപത്യവും ഭൂമിയും അപമാനിക്കപ്പെടുകയാണ്. ഇവയില്‍ നിന്ന് പ്രകൃതിയിലേക്ക് മടങ്ങാന്‍ നമുക്ക് കഴിയണമെന്നും ദയാബായി പറഞ്ഞു. ലൊയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് രക്ഷാധികാരി ഫാ. എം.കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. ചീഫ് എഡിറ്റര്‍ പ്രഫ. വി.ജി. തമ്പി, പ്രഫ. എം. തോമസ് മാത്യു, ഫാ. എ. അടപ്പൂര്‍, ഫാ. ബിനോയ് പിച്ചളക്കാട്ട്, അഗസ്റ്റിന്‍ പാംപ്ലാനി എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment