മാതാപിതാക്കളോടൊപ്പം കുട്ടികളും ആരാധനയില്‍ പങ്കെടുക്കേണ്ടത് അനിവാര്യം: റൈറ്റ് റവ. ജോസഫ് മാര്‍ ബര്‍ണബാസ്

Rt_Rev_JosephMarBarnabasEpiscopa.ഡാളസ്: മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ആരാധനയില്‍ പങ്കെടുക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സിംഗപ്പൂര്‍-മലേഷ്യ ഭദ്രാസനാധിപന്‍ റൈറ്റ്. റവ. ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി ഉദ്‌ബോധിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ പാരമ്പര്യത്തെ തച്ചുടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്രിസ്തീയ സഭകളില്‍ പ്രത്യേകിച്ചു മാര്‍ത്തോമാ സഭയില്‍ പ്രകടമായികൊണ്ടിരിക്കുന്നതെന്ന് ബര്‍ണബാസ് തിരുമേനി ചൂണ്ടിക്കാട്ടി.

അഖില ലോക സണ്‍‌ഡേ സ്‌കൂള്‍ ദിനവും, ഫാമിലി സണ്‍‌ഡേയും സംയുക്തമായി ആഘോഷിക്കുമ്പോള്‍ ഒരു പുനര്‍ചിന്തനം ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് തിരുമേനി പറഞ്ഞു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കണമെങ്കില്‍ പരസ്പരം ബഹുമാനവും, വിശ്വാസവും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. ഇതിനനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. നാം ചോദിക്കാതെ ലഭിക്കുന്ന ദൈവീകദാനമാണ് കുട്ടികള്‍. ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ പടവുകള്‍ താണ്ടുമ്പോഴും, അവരോടുള്ള സമീപനത്തില്‍ കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഇവിടെയാണ് ഒരു അനുഗ്രഹീത കുടുംബം രൂപം പ്രാപിക്കുന്നത്. ബര്‍ണബാസ് തിരുമേനി ചൂണ്ടിക്കാട്ടി.

ഡാളസ് സെന്റ് പോള്‍സ് ഇടവയില്‍ അഖില ലോക സണ്‍‌ഡേ സ്‌കൂള്‍ ദിനവും, ഫാമിലി സണ്‍‌ഡേയും സംയുക്തമായി സംഘടിപ്പിക്കപ്പെട്ട നവംബര്‍ 1-ാം തിയ്യതി ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനമദ്ധ്യേ ധ്യാനപ്രസംഗം നടത്തുകയായിരുന്നു ബര്‍ണബാസ് എപ്പിസ്‌ക്കോപ്പാ.

സെന്റ് പോള്‍സ് ഇടവക ആദ്യമായി സന്ദര്‍ശിക്കുന്ന ബര്‍ണബാസ് തിരുമേനിക്ക് സണ്‍‌ഡേ സ്‌‌കൂള്‍ വിദ്യാര്‍ത്ഥികളും ഇടവക ജനങ്ങളും, വികാരി ഉള്‍പ്പെടെയുള്ള ചുമതലക്കാരും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി. വികാരി ഷൈജു പി. ജോണ്‍ സ്വാഗതവും, ഇടവക സെക്രട്ടറി ജെഫ് തോമസ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment