മതവിശ്വാസത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ഉപദേശം നല്‍കണമെന്ന് എഴുത്തുകാര്‍ രാഷ്ട്രപതിയോട്

29ss1

ന്യൂഡല്‍ഹി: രാജ്യത്ത് മതവിശ്വാസത്തിനും അഭിപ്രായ പ്രകടനത്തിനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ഉപദേശം നല്‍കണമെന്ന് എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരും ശാസ്ത്രജ്ഞരും രാഷ്ട്രപതി പ്രണബ്മുഖര്‍ജിയോട് ആവശ്യപ്പെട്ടു. നരേന്ദ്ര ദാഭോല്‍കറിന്‍െറ ജന്മദിനത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ചെറുത്തുനില്‍പി’ലാണ് രാജ്യത്തിന്‍െറ ബഹുസ്വരത തുരങ്കംവെക്കുന്നതിനെതിരെ ഇവര്‍ മുന്നറിയിപ്പ് നല്‍കിയത്.

ആദ്യം ബാബരിയും പിന്നീട് ദാദ്രിയുമാണെങ്കില്‍ അതിനു ശേഷം തീവ്ര ഹിന്ദുത്വത്തിന്‍െറ അഴിഞ്ഞാട്ടമാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡും ഫെലോഷിപ്പും തിരിച്ചേല്‍പിച്ച മുതിര്‍ന്ന ഹിന്ദി സാഹിത്യകാരി കൃഷ്ണ സൊബ്തി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നതിലാണ് സര്‍ക്കാറിന് ആശങ്ക. എന്നാല്‍, ഹിന്ദുക്കളാണ് ഇവിടെ ഭൂരിപക്ഷമെന്ന് അവര്‍ മറക്കുന്നു. ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളെ സന്താനോത്പാദന നിയന്ത്രണത്തിന് വിധേയരാക്കണമെന്നും, ഇതര ന്യൂപക്ഷ സമുദായങ്ങളെ കടന്നാക്രമിക്കുന്ന പ്രവണത ഏറിവരികയാണെന്നും അവര്‍ കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ച് തീവ്ര ഹിന്ദു വര്‍ഗീയ വാദികള്‍ രാജ്യത്ത് യഥേഷ്ടം വിഹരിക്കുകയാണെന്നും, ആരേയും കൊല്ലാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു. ആര്‍.എസ്.എസ്. അനുഭാവികളായ മന്ത്രിമാരും എം.പി.മാരും വര്‍ഗീയത വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍. ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളോടും മൂല്യങ്ങളോടും രാജ്യത്ത് അസഹിഷ്ണുത വളരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ താന്‍ രണ്ടുതവണ അവാര്‍ഡ് നിരസിച്ചിട്ടുണ്ടെന്ന് പ്രമുഖ ചരിത്രകാരി റൊമീല ഥാപ്പര്‍ പറഞ്ഞു. എന്തുകൊണ്ട് ഇപ്പോള്‍ മാത്രം ശബ്ദിക്കുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്. അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല, സല്‍മാന്‍ റുഷ്ദിക്കെതിരായ വധഭീഷണി എന്നിവക്കെതിരെയും തങ്ങള്‍ പ്രതിഷേധിച്ചിട്ടുണ്ട്. മതേതരത്വത്തെക്കുറിച്ച് മുംബൈയില്‍ പ്രസംഗിക്കുമ്പോള്‍ ആദ്യമായി എനിക്ക് പൊലീസ് സംരക്ഷണം വേണ്ടിവന്നു. സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. എന്‍െറ മുഖത്ത് കരിമഷി ഒഴിക്കുമോ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ഭയം. തന്നെയുമല്ല എന്റെ ജീവനുതന്നെ ഭീഷണിയുണ്ടായിരുന്നു.

അതുകൊണ്ട് പ്രധാന മന്ത്രി മോദി ലോകം ചുറ്റി നടന്ന് സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാതെ താന്‍ ഭരിക്കുന്ന രാജ്യത്ത് എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത പടരുന്നു എന്ന് അന്വേഷിക്കുകയാണ് വേണ്ടത്. സ്മാര്‍ട്ട് സിറ്റി, ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ മാറ്റിവെച്ച് സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമന്ത്രി മോദി ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റൊമീല ഥാപ്പര്‍ പറഞ്ഞു. സിറിയയിലും മറ്റും ജനങ്ങളെ നിര്‍ദ്ദാക്ഷിണ്യം കൊലപ്പെടുത്തുന്ന ഇസ്ലാമിക് സ്റ്റേറ്റും ഇന്ത്യയിലെ ആര്‍.എസ്.എസും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment