തിരുവനന്തപുരം: ലഡാക് ഫിലിം ഫെസ്റ്റിവലിലെ സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പോണ്‍സര്‍ഷിപ് മേധാവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയും ലഡാക് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായിരുന്ന മലയാളിയായ മെല്വിന് വില്യം ചിറയത്തിനെയാണ് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) മേഘ്ന അഗ്നിഹോത്രിക്കും പങ്കുണ്ട്.
2012ല്‍ ലഡാക് ഫിലിം ഫെസ്റ്റിവലില്‍ സംവിധായകര്‍ക്ക് ആഡംബര യാത്രാസൗകര്യം ഒരുക്കിയതില്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് നല്‍കാനുള്ള 30 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മെല്‍വിനെതിരെ ട്രാവല്‍ ഉടമ സന്ദീപ് ഗോസ്വാമിയാണ് 2012ല്‍ ഡല്‍ഹി ആര്ക്കിപുരം പൊലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ഡല്‍ഹിയില്‍ നിന്ന് മുങ്ങിയ മെല്‍വിനെ 2014ല്‍ ഡല്‍ഹി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് പലയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ മൂന്നാഴ്ച മുമ്പാണ് ചലച്ചിത്ര അക്കാദമിയിലെ ചിലരുടെ സഹായത്താല്‍ സ്പോണ്‍സര്‍ഷിപ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. അക്കാദമിയില്‍ ഇല്ലാത്ത തസ്തിക നല്കി മെല്‍വിനെ അക്കാദമിയില്‍ പ്രതിഷ്ഠിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, മലയാളത്തിലെ പ്രമുഖ സംവിധായകന്റെ ഇടപെടല്‍മൂലം എക്സിക്യൂട്ടിവ് കമ്മിറ്റി മെല്‍വിനെ ഡിസംബര്‍ നാലുമുതല്‍ 11വരെ തിരുവനന്തപുരത്ത് നടക്കുന്ന 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്പോണ്‍സര്‍ഷിപ് മേധാവിയായും ലഡാക് ഫിലിം ഫെസ്റ്റിവലില്‍ മെല്‍വിന്റെ സഹായിയായിരുന്ന മേഘ്ന അഗ്നിഹോത്രിയെ ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) തസ്തികയിലേക്കും നിയമിക്കുകയായിരുന്നു. സ്പോണ്‍സര്‍ഷിപ്പിന്റെ 15 ശതമാനമായിരുന്നു അക്കാദമി മെല്വിന് വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് രണ്ടാഴ്ച മുമ്പ് ചേര്‍ന്ന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരവും നല്‍കിയിരുന്നു. ഇതിനിടെയാണ് മെല്‍വിനും മേഘ്നയും വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മെല്വിന് വില്യം ചിറയത്തിനെ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട ഒരു ചുമതലയും ഏല്പിച്ചിട്ടില്ലന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ്നാഥ് അറിയിച്ചു. മെല്വിന് ചലച്ചിത്ര അക്കാദമി ജീവനക്കാരനല്ല.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply