കോണ്‍ഗ്രസ് തീകൊണ്ട് കളിക്കുന്നു -ബി.ജെ.പി

mj-akbar_647_062115055015ന്യൂഡല്‍ഹി: വര്‍ഗീയ വികാരം ഇളക്കിവിട്ട് കോണ്‍ഗ്രസ് തീകൊണ്ട് കളിക്കുകയാണെന്ന് ബി.ജെ.പി. നുണ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനെ സൂചിപ്പിച്ച് പാര്‍ട്ടി കുറ്റപ്പെടുത്തി.

ബിഹാര്‍ തെരഞ്ഞെടുപ്പിലെ ആസന്നമായ തകര്‍ച്ച മുന്‍കൂട്ടിക്കണ്ട് തകര്‍ന്നു തുടങ്ങിയ അധികാരവാഴ്ച എങ്ങനെയും നിലനിര്‍ത്താന്‍ നടത്തിയ പ്രകടനമായി മാര്‍ച്ചിനെ ബി.ജെ.പി വിലയിരുത്തി. മതഭ്രാന്തിനും മുന്‍വിധികള്‍ക്കുമെതിരായ ഏറ്റവും കരുത്തുറ്റ ശബ്ദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് പാര്‍ട്ടി വക്താവ് എം.ജെ. അക്ബര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐക്യത്തിനു വേണ്ടിയും മതഭ്രാന്തിനെതിരെയുമാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിലടക്കം മോദി ആവര്‍ത്തിച്ച് സംസാരിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരടിക്കുകയല്ല, ദാരിദ്ര്യത്തിനെതിരെ ഒന്നിക്കുകയാണ് വേണ്ടത് എന്ന മോദിയുടെ ആഹ്വാനം അക്ബര്‍ ഓര്‍മിപ്പിച്ചു.

റോബര്‍ട്ട് വാദ്രക്കെതിരെ വന്നതടക്കമുള്ള അഴിമതി ആരോപണങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം നാടകങ്ങള്‍കൊണ്ട് കോണ്‍ഗ്രസിന് കഴിയില്ല. ഗാന്ധി കുടുംബത്തിന്റെ പടിവാതില്‍ക്കല്‍ അന്വേഷണം എത്തിയപ്പോഴാണ് പ്രതിഷേധമെന്ന ചെപ്പടിവിദ്യയുമായി കോണ്‍ഗ്രസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നും അക്ബര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment