ബിഹാറില്‍ ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവില്ല

bihar-map1ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവില്ല. ബി.ജെ.പിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ നിരവധി മണ്ഡലങ്ങളില്‍ മല്‍സരിപ്പിക്കുന്നത് കൊടും ക്രിമിനലുകളെയാണ്.

157 ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 95 പേരും ക്രിമിനല്‍ പാശ്ചാത്തലമുള്ളവരാണ്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് ഇക്കുറി മത്സരിച്ചത് 3450 പേരാണ്. ആകെ സ്ഥാനാര്‍ഥികളില്‍ വനിതകള്‍ 273 പേര്‍ മാത്രം.

നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് ബിഹാര്‍ ഇലക്ഷന്‍ വാച്, ജനാധിപത്യ പരിഷ്കാരത്തിനായുള്ള അസോസിയേഷന്‍ (എ.ഡി.ആര്‍) എന്നിവയാണ് ക്രിമിനലുകളുടെ വിശദവിവരം പുറത്തുവിട്ടത്. ഇത്തവണ മത്സരിച്ചതില്‍ 1038 പേര്‍ക്ക് എതിരെ ക്രിമിനല്‍ കേസുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ 3058; കുറ്റകൃത്യ പശ്ചാത്തലമുള്ളവര്‍ 32 ശതമാനം.

നാലിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനലുകളാണ്. ആകെ 796 പേര്‍ ഈ വിഭാഗത്തില്‍പെടും. കൊല, വധശ്രമം, സാമുദായിക സൗഹാര്‍ദം തകര്‍ക്കല്‍, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടുന്നവരാണ് ഇവര്‍. ജനതാദള്‍-യുവിന്റെ 101 സ്ഥാനാര്‍ഥികളില്‍ 57 ശതമാനത്തിനും ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

ലാലുപ്രസാദിന്‍െറ ആര്‍.ജെ.ഡി നിര്‍ത്തിയ 101ല്‍ 61 പേര്‍ ഈ ഗണത്തിലാണ്. കോണ്‍ഗ്രസ് നിര്‍ത്തിയത് 41 പേര്‍; ക്രിമിനല്‍ കേസുള്ളവര്‍ 23 പേര്‍. 1150 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 259 പേര്‍ (23 ശതമാനം) ക്രിമിനല്‍ കേസ് നേരിടുന്നവര്‍. ഗുരുതര ക്രിമിനല്‍ കേസ് നേരിടുന്ന സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതലും ബി.ജെ.പിയില്‍തന്നെ; 157ല്‍ 62 പേര്‍ (39 ശതമാനം). കൊലക്കേസിലും വധശ്രമ കേസിലും പ്രതികളായ 89 സ്ഥാനാര്‍ഥികളുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസില്‍ ഉള്‍പ്പെട്ടവര്‍ 58. ബിഹാറിലെ 243ല്‍ 196 മണ്ഡലങ്ങളിലും മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണ്.

10 കോടി രൂപക്കുമേല്‍ പ്രഖ്യാപിത ആസ്തിയുള്ള സ്ഥാനാര്‍ഥികള്‍ 59 (1.71 ശതമാനം). അഞ്ചു കോടിക്കും 10 കോടിക്കുമിടയില്‍ ആസ്തിയുള്ളവര്‍ 95. അരക്കോടിയില്‍ താഴെമാത്രം ആസ്തി കാണിച്ചിട്ടുള്ള സ്ഥാനാര്‍ഥികളാണ് ഏറ്റവും കൂടുതല്‍-60.41 ശതമാനം.

പട്ന ജില്ലയിലെ ബിക്രം മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്രന്‍ രമേശ് ശര്‍മ 928 കോടി രൂപയുടെ മുതലാളിയാണ്. പട്നയിലെ ബാഡ് മണ്ഡലത്തില്‍ ജനവിധിതേടിയ മറ്റൊരു സ്വതന്ത്രന്‍ ഡോ. കുമാര്‍ ഇന്ദ്രദേവിന്റെ ആസ്തി 111 കോടി. സമസ്തിപുരിലെ വാരിസ്നഗറില്‍ സ്വതന്ത്രനായ വിനോദ്കുമാര്‍ സിന്‍ഹക്ക് സത്യവാങ്മൂല പ്രകാരം 74 കോടിയുടെ ആസ്തിയുണ്ട്. കോടിപതികളായ സ്ഥാനാര്‍ഥികള്‍ കൂടുതലും ബി.ജെ.പിയില്‍തന്നെ. 157ല്‍ 105 പേരും ഈ വിഭാഗത്തില്‍ പെടുന്നു. ജനതാദള്‍-യു നിര്‍ത്തിയ 101ല്‍ 76 സ്ഥാനാര്‍ഥികളും കോടിപതികള്‍. ആര്‍.ജെ.ഡിക്ക് 101ല്‍ 66 പേര്‍. കോണ്‍ഗ്രസിന്റെ 41ല്‍ 25 പേര്‍ കോടിപതികള്‍. 1150 സ്വതന്ത്രരില്‍ 229 പേരും കോടിപതികള്‍.

ആസ്തിയില്‍ ‘സംപൂജ്യ’രായ സ്ഥാനാര്‍ഥികളുമുണ്ട്. 3450ല്‍ ആറുപേര്‍ സത്യവാങ്മൂലത്തില്‍ ആസ്തിയുള്ളതായി കാണിച്ചിട്ടില്ല. ലക്ഷം രൂപയില്‍ താഴെ ആസ്തി കാണിച്ചിരിക്കുന്ന 179 സ്ഥാനാര്‍ഥികളുണ്ട്. 42 സ്ഥാനാര്‍ഥികള്‍ക്ക് ബാധ്യത ഒരു കോടി രൂപക്കു മുകളിലാണ്. ബക്സറിലെ ദാദന്‍ യാദവ് (ജനതാദള്‍-യു) 11 കോടിയുടെ കടബാധ്യതക്കാരനാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment