തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടന്ന 86 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഏറക്കുറെ ഒപ്പത്തിനൊപ്പം. 44 ല്‍ എല്‍.ഡി.എഫ് മുന്നേറ്റമുണ്ടായപ്പോള്‍ 41ല്‍ യു.ഡി.എഫ് മുന്നിലത്തെി. രണ്ടു മുന്നണികള്‍ക്കും ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയതാകട്ടെ 25 വീതം മുനിസിപ്പാലിറ്റികളിലും. 26 നഗരസഭകളില്‍ തൂക്കുഭരണമാണ്.
പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയാണ് മുന്നില്‍. എന്നാല്‍, ഇവര്‍ക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷമില്ല. രണ്ടു മുന്നണികളും മുന്നിലത്തെിയ പല മുനിസിപ്പാലിറ്റികളിലും ഇവര്‍ക്ക് മുന്‍തൂക്കമുണ്ടെങ്കിലും ഒറ്റക്ക് ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ല. മുന്നണികള്‍ക്ക് ഭൂരിപക്ഷമില്ലാത്ത മുനിസിപ്പാലിറ്റികളില്‍ ബി.ജെ.പി, സ്വതന്ത്രര്‍, ചെറുകക്ഷികള്‍ തുടങ്ങിയവരുടെ നിലപാട് നിര്‍ണായകമാകും. 2010ല്‍ ആകെയുണ്ടായിരുന്ന 59 മുനിസിപ്പാലിറ്റികളില്‍ 37 എണ്ണമായിരുന്നു യു.ഡി.എഫ് ഭരണത്തിലത്തെിയത്, എല്‍.ഡി.എഫ് 22 എണ്ണത്തിലും. ഇത്തവണ 28 മുനിസിപ്പാലിറ്റികള്‍ കൂടി പുതുതായി വന്നു.
പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളില്‍ 13ല്‍ ഭരണം യു.ഡി.എഫ് പിടിച്ചപ്പോള്‍ എല്‍.ഡി.എഫിന് എട്ടിടത്താണ് ഭരണം ലഭിച്ചത്. ഏഴ് മുനിസിപ്പാലിറ്റികളില്‍ തൂക്കുഭരണത്തിനാണ് സാധ്യത. ഹരിപ്പാട്, ഏറ്റുമാനൂര്‍, കട്ടപ്പന, പിറവം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, തിരൂരങ്ങാടി, താനൂര്‍, വളാഞ്ചേരി, പയ്യോളി, കൊടുവള്ളി, പാനൂര്‍, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ശ്രീകണ്ഠാപുരത്ത് യു.ഡി.എഫ് വിമതന് മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഭരണസാധ്യത തെളിഞ്ഞത്.
കൊട്ടാരക്കര, പന്തളം, ഈരാറ്റുപേട്ട, വടക്കാഞ്ചേരി, മുക്കം, രാമനാട്ടുകര, മാനന്തവാടി, ആന്തൂര്‍ എന്നീ മുനിസിപ്പാലിറ്റികളുടെ ഭരണമാണ് എല്‍.ഡി.എഫ് പിടിച്ചത്. കൂത്താട്ടുകുളം, മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, പരപ്പനങ്ങാടി, ഫറോക്ക്, സുല്‍ത്താന്‍ബത്തേരി, ഇരിട്ടി മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. കൊണ്ടോട്ടിയിലും പരപ്പനങ്ങാടിയിലും മുസ്ലിം ലീഗിനെതിരെ സി.പി.എം, കോണ്‍ഗ്രസ് കക്ഷികള്‍ ഉള്‍പ്പെടെ മതേതര, ജനകീയ -വികസന മുന്നണികളാണ് മത്സരിച്ചത്. പരപ്പനങ്ങാടിയില്‍ നാല് സീറ്റ് നേടിയ ബി.ജെ.പി നിലപാട് നിര്‍ണായകമാകും.
മുനിസിപ്പാലിറ്റികളിലെ ആകെയുള്ള 3078 വാര്‍ഡുകളില്‍ യു.ഡി.എഫിനാണ് കൂടുതല്‍ ലഭിച്ചത്. 1319 വാര്‍ഡുകളില്‍ യു.ഡി.എഫ് ജയിച്ചപ്പോള്‍ 1263 വാര്‍ഡുകളിലാണ് എല്‍.ഡി.എഫിന് വിജയം. 236 വാര്‍ഡുകളില്‍ ബി.ജെ.പിയും 259 വാര്‍ഡുകളില്‍ മറ്റുള്ളവരും വിജയിച്ചു. 2010ല്‍ മുനിസിപ്പാലിറ്റികളിലെ 2182 വാര്‍ഡുകളില്‍ 1098 എണ്ണം യു.ഡി.എഫിനും 811 എണ്ണം എല്‍.ഡി.എഫിനുമായിരുന്നു. ബി.ജെ.പിക്ക് 79 വാര്‍ഡുകളാണുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് 194 വാര്‍ഡുകളും ലഭിച്ചു.